ഒടുവിൽ യാത്ര പുനഃരാരംഭിച്ചു; വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂർ
text_fieldsചെറുതുരുത്തി: യാത്രക്കിടെ നിശ്ചലമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് മറ്റൊരു എൻജിൻ ഘടിപ്പിച്ച് യാത്ര പുനഃരാരംഭിച്ചു. വൈകുന്നേരം 5.30ഓടെ നിശ്ചലമായ ട്രെയിൻ രാത്രി 8.45ഓടെയാണ് യാത്ര പുനഃരാരംഭിച്ചത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമാകുകയായിരുന്നു. തകരാർ ഉടൻ പരിഹരിക്കുമെന്നാണ് യാത്രക്കാരെ അറിയിച്ചത്. എന്നാൽ മണിക്കൂറുകൾ ഇവിടെ കുടങ്ങിക്കിടന്നു. ജീവനക്കാരെത്തി ശ്രമിച്ചെങ്കിലും തകരാർ പരിഹരിക്കാനായില്ല.
ഒടുവിൽ രാത്രി എട്ടോടെ ഡീസൽ എൻജിൻ കൊണ്ടുവന്ന് പിന്നിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഷൊർണൂർ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിലാണ് വന്ദേ ഭാരത് എത്തിച്ചത്. തുടർന്ന് മറ്റൊരു എൻജിൻ ഘടിപ്പിച്ച് 8.45ഓടെ യാത്ര പുനരാരംഭിക്കുകയായിരുന്നു. പവർ സർക്യൂട്ടിൽ തകരാറുണ്ടാകുകയായിരുന്നെന്നാണ് റെയിൽവേ അറിയിക്കുന്നത്.