വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു
text_fieldsകുമളി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കോടതി വെറുതെവിട്ട അർജുനന്റെ പിതൃസഹോദരനാണ് ഇരുവരെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചത്.
ശനിയാഴ്ച രാവിലെ 11ഓടെ വണ്ടിപ്പെരിയാർ പശുമല കവലയിലാണ് സംഭവം. അർജുനന്റെ പിതാവിന്റെ സഹോദരൻ പാൽരാജിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുതുടയിലും വയറ്റിലും പരിക്കേറ്റ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആദ്യം വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിതാവും മുത്തച്ഛനും വണ്ടിപ്പെരിയാർ ധർമാവലിയിൽ മരണാനന്തരചടങ്ങിന് പോകുന്നതിനിടെയായിരുന്നു സംഭവം. പശുമല ജങ്ഷനിൽ ഇവരെ വാഹനത്തിൽ കണ്ട പാൽരാജ് അസഭ്യം പറയുകയും വെല്ലുവിളി ഉയർത്തുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. വാഹനത്തിൽനിന്ന് ഇറങ്ങിയ ഇരുവരും ഇത് ചോദ്യം ചെയ്തതോടെ ഉണ്ടായ വാക്കേറ്റത്തിനിടയിലാണ് പാൽരാജ് കുത്തിയത്. ആക്രമണത്തിനുശേഷം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2021 ജൂൺ 30നാണ് ആറ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അയൽവാസി അർജുനനെ കട്ടപ്പന അതിവേഗ കോടതി കഴിഞ്ഞ 14ന് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കുകയും പ്രതിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തതിന് പിന്നാലെയാണ് ബന്ധുക്കൾക്കുനേരെ ആക്രമണം ഉണ്ടായത്.