കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല; ലീഗ് ഭാരവാഹി യോഗത്തിൽ വനിത ലീഗിന്റെ പ്രതിഷേധം
text_fieldsകോഴിക്കോട്: വനിതകളോടുള്ള അവഗണനക്കെതിരെ, മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വനിത ലീഗിന്റെ കടുത്ത പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് ഓരോ ജില്ലയിലും നിശ്ചയിച്ച നിരീക്ഷക കമ്മിറ്റിയിൽ വനിത ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെതിരെ ദേശീയ ജന. സെക്രട്ടറി അഡ്വ. നൂർബിന റഷീദാണ് കലാപമുയർത്തിയത്.
ലീഗ് സംസ്ഥാന ഭാരവാഹി, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 14 ജില്ലകളിലേക്കുമുള്ള നിരീക്ഷകരെ പ്രഖ്യാപിച്ചപ്പോൾ അതിൽ വനിത ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഇതു ചോദ്യം ചെയ്താണ് നൂർബിന റഷീദ് എഴുന്നേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ സ്ത്രീ സംവരണമാണെന്നിരിക്കെ, തെരഞ്ഞെടുപ്പിൽ സജീവമാകേണ്ട വനിത ലീഗിനെ നിരീക്ഷകരിൽ ഉൾപ്പെടുത്താത്തത് എന്തു കാരണത്തലാണെന്ന് നൂർബിന ചോദിച്ചു. വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാടും നൂർബിനയെ പിന്തുണച്ചു. ഇതോടെ ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം ഇടപെട്ടു.
വനിത ലീഗിൽ ഗ്രൂപ്പിസമില്ലേ എന്ന സലാമിന്റെ പരാമർശം നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചു. താങ്കൾ ലീഗിന്റെ ശത്രുപക്ഷത്തായിരുന്നപ്പോഴും വനിത ലീഗ് സജീവമായിരുന്നെന്ന് നൂർബിനയും ലീഗിലും പോഷക സംഘടനകളിലും ഗ്രൂപ്പിസമില്ലേ എന്ന് സുഹ്റ മമ്പാടും തിരിച്ചടിച്ചു. ഇതോടെ അധ്യക്ഷനായിരുന്ന സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇടപെടുകയും ജില്ല നിരീക്ഷകരിൽ വനിതകളെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ‘നിങ്ങൾ ഉൾപ്പെടുത്തുകയല്ല, ഞങ്ങൾ തരുന്ന പട്ടികയിൽനിന്ന് വേണം ഉൾപ്പെടുത്താനെ’ന്ന് നൂർബിന റഷീദ് ആവശ്യപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കമ്മിറ്റിയെ നിശ്ചയിച്ചപ്പോൾ വനിത ലീഗിനോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും അതു ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. വനിത ലീഗിന്റെ തീരുമാനപ്രകാരംതന്നെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സാദിഖലി തങ്ങൾ മറുപടി നൽകി. ഇതോടെയാണ് യോഗാന്തരീക്ഷം തണുത്തത്.