പീരുമേട്ടിൽ വിജയം കൊയ്ത് സോമൻ: കലഹത്തിൽ വീണ് സിറിയക് തോമസ്
text_fieldsപീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന വാഴൂർ സോമൻ
കുമളി: തേയിലത്തോട്ടം മേഖല ഉൾക്കൊള്ളുന്ന പീരുമേട്ടിൽ തിളക്കമാർന്ന വിജയമാണ് സി.പി.ഐയിലെ വാഴൂർ സോമൻ നേടിയത്. പീരുമേട്ടിൽനിന്ന് ഹാട്രിക് വിജയം നേടിയ ഇ.എസ്. ബിജിമോളുടെ പിൻഗാമിയായാണ് വാഴൂർ സോമെൻറ വരവ്.
വാഴൂരിൽ കുഞ്ഞുപാപ്പെൻറയും പാർവതിയമ്മയുടെയും ഏഴ് മക്കളിൽ ആറാമനായി 1952ലാണ് സോമെൻറ ജനനം. വാഴൂരിലും സോവ്യറ്റ് യൂനിയെൻറ തലസ്ഥാനമായിരുന്ന മോസ്കോയിലുമായി പഠനം പൂർത്തിയാക്കി. പിന്നീട് പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പ്രവർത്തനരംഗത്ത് സജീവമായി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് 1977 മുതൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയൻ സെക്രട്ടറിയായി തുടരുന്നു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ബിജിമോളുടെ പിൻഗാമിയായി മത്സരരംഗത്തേക്ക് വരുന്നത്. 2005ൽ ജില്ല പഞ്ചായത്ത് അംഗമായി വണ്ടിപ്പെരിയാർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായി സോമനെ പാർട്ടി നിയോഗിച്ചു.
പീരുമേട്ടിലെ തോട്ടം മേഖലയിലെ സ്വീകാര്യതയും സി.പി.എമ്മിെൻറ ഉറച്ച പിന്തുണയുമാണ് വാഴൂർ സോമെൻറ തിളക്കമേറിയ വിജയത്തിന് കരുത്തായത്. ഇടതുമുന്നണിയുടെ ചിട്ടയായ പ്രവർത്തനം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ പിടിച്ചടക്കിയുള്ള ആത്മവിശ്വാസം ഇതെല്ലാം വിജയത്തിലേക്കുള്ള വഴിയായി. കോൺഗ്രസിലെ അഡ്വ. സിറിയക് തോമസിനെ 1835 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് സോമൻ മറികടന്നത്. കഴിഞ്ഞ തവണ മൂന്നാംവട്ടം മത്സരത്തിനിറങ്ങിയ ഇ.എസ്. ബിജിമോൾ 314 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.
സ്ഥാനാർഥി നിർണയം വൈകിയതും സ്ഥാനാർഥിക്കെതിരെ മുൻ ഡി.സി.സി പ്രസിഡൻറ് തന്നെ രംഗത്തെത്തിയതും പീരുമേട്ടിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് തിരിച്ചടിയായി. പ്രശ്നങ്ങൾ പിന്നീട് പാർട്ടി പറഞ്ഞൊതുക്കിയെങ്കിലും പല പഞ്ചായത്തുകളിലും പ്രചാരണ ഘട്ടത്തിൽ സിറിയക് തോമസ് ഒറ്റപ്പെട്ട നിലയിലായിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ് പോരും വികസന രംഗത്തെ പ്രശ്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയാതിരുന്നതുമാണ് സിറിയക് മസിെൻറ പരാജയത്തിന് കാരണമായത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും യു.ഡി.എഫ് സംവിധാനം അഴിച്ചുപണി നടത്താതിരുന്നതും പരാജയത്തിെൻറ ആക്കം കൂട്ടി. യു.ഡി.എഫിൽ കോൺഗ്രസ് ഉൾെപ്പടെ മുഴുവൻ കക്ഷികളുടെയും സംഘടനാ സംവിധാനം തകർന്നതിെൻറ തെളിവുകൂടിയായി മാറി തുടർച്ചയായ നാലാംതവണത്തെ തോൽവി.