Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അഞ്ചു പൈസയില്ല,...

‘അഞ്ചു പൈസയില്ല, ഖജനാവ് നശിപ്പിച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ പോയത്’; സരള്‍ കേരളം ബില്‍ ചര്‍ച്ചയില്‍ സതീശന്‍

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

തിരുവനന്തപുരം: അഞ്ചു പൈസയില്ല, ഖജനാവ് നശിപ്പിച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ പോയതെന്നും ആ ഖജനാവില്‍ പണമുണ്ടാക്കാന്‍ വേണ്ടി ഇന്‍വസ്റ്റ്മെന്റ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ലാളിത്യത്തോടെ കൊണ്ടുപോകാനാണ് സരൾ ബില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

നിയമസഭയിൽ 2026-ലെ സരള്‍ (സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവല്‍സ് ആൻഡ് ലൈസന്‍സിങ്) കേരളം ബില്‍ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യന്‍ ജീവിക്കുന്ന സ്ഥലത്ത് നിന്ന് ചേരിയിലേക്ക് തള്ളിവിടുന്ന ഒരു വികസനവും ഇവിടെ ഉണ്ടാകില്ല. പരിസ്ഥിതിയെ ബാധിക്കുന്ന ഒരു വികസനപ്രവര്‍ത്തനവും ഇവിടെ ഉണ്ടാകില്ല. പാടം പാടമായിട്ട് കിടക്കും. പാടത്ത് ഒരു വികസന പ്രവര്‍ത്തനവും നടത്തില്ല.

പാഡി ആക്ടില്‍ തന്നെ പബ്ലിക് പര്‍പ്പസിന് വേണ്ടി ഉപയോഗിക്കാം എന്നുണ്ട്. അതെല്ലാം ജനക്ഷേമപരമായി മാത്രമേ ചെയ്യൂ. കേരളത്തിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ് നിലനിര്‍ത്തി കൊണ്ടേ ചെയ്യൂ. വിപ്ലവകരമായ ഈ ബില്‍ പൈലറ്റ് ചെയ്തു കൊണ്ട് വ്യവസായ മന്ത്രി ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.’ -സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് ഒരു മാറ്റം വേണം. സംസ്ഥാനത്ത് രാജ്യത്തിനകത്തു നിന്നും പുറത്ത് നിന്നും നിക്ഷേപങ്ങള്‍ വരണം. പണ്ട് ബി.എം.ഡബ്ല്യു കമ്പനി ഇവിടെ വന്നു. അവര്‍ തിരിച്ച് ഓടിയ വഴിക്ക് പിന്നെ പുല്ലു പോലും മുളച്ചിട്ടില്ല. ബി.എം.ഡബ്ല്യു വരും എന്ന് പറഞ്ഞ് അന്ന് ഹര്‍ത്താല്‍ നടത്തി.

അവര്‍ തമിഴ്നാട്ടില്‍ പോയി തുടങ്ങി. ഇപ്പോള്‍ തമിഴ്നാട് ലോകത്തുള്ള എല്ലാ ഓട്ടോമൊബൈല്‍ ജയന്റ്സിന്റെയും കേന്ദ്രമാണ്. അവരെ ഇവിടെ നിന്ന് ഓടിച്ചതാണ്. ആ കാലം പോയി. ഇവിടെ നിക്ഷേപകര്‍ വരും. നിക്ഷേപകര്‍ വന്നാല്‍ നിക്ഷേപത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും.

‘കഴിഞ്ഞ പത്ത് വര്‍ഷം വ്യവസായ രംഗത്തുണ്ടായിരിക്കുന്ന നേട്ടങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നാടകമാണ് സരള്‍ ബില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു കാരണവശാലും ഞങ്ങള്‍ ആ ക്രെഡിറ്റ് എടുക്കില്ല.

കഴിഞ്ഞ പത്തുവര്‍ഷത്തെ നേട്ടങ്ങളെന്ന് പറയുന്നത്, പൂട്ടിപ്പോയ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ഞങ്ങള്‍ ഇവിടെ ടേബിള്‍ ചെയ്യാം. പൊതുമേഖല, പൊതുമേഖല എന്നാണല്ലോ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

പൊതുമേഖല, സ്വകാര്യവത്കരണം ഇതാണല്ലോ പറഞ്ഞു കൊണ്ടിരുന്നത്. എത്ര സ്ഥാപനങ്ങളാണ് ഇവിടെ പൂട്ടിപ്പോയത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ലാഭത്തിലാക്കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. അതിനെ 50,000 കോടി രൂപയുടെ കടത്തിലാക്കിയവരാണ് കഴിഞ്ഞ സര്‍ക്കാര്‍.

എന്താണെന്ന് അന്വേഷിക്കാം. അന്വേഷണത്തില്‍ കിട്ടും. എങ്ങനെയാണ് കടത്തില്‍ പോയതെന്നുള്ളത്. 25 വര്‍ഷത്തേക്കുളള കരാര്‍ റദ്ദാക്കി കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങി അതിനെ കടത്തിലാക്കി.

നിരവധി സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. എത്ര സ്പിന്നിങ് മില്ലുകളാണ് കേരളത്തില്‍ പൂട്ടിപ്പോയത്; മലപ്പുറം സ്പിന്നിങ് മില്‍ ഉള്‍പ്പടെ. പൊതുമേഖല സ്ഥാപനങ്ങളുടെ കണക്കെടുക്കുമ്പോള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. അതെല്ലാം പൂട്ടിപ്പോയതാണ്.’ -മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:VD Satheesan against ldf govt treasury kerala Niyamasabha 
Next Story