‘പച്ചക്കള്ളം’ പരാമർശം പിൻവലിച്ച് വി.ഡി. സതീശൻ; ഡെസ്കിലടിച്ച് സ്വാഗതം ചെയ്ത് ഭരണപക്ഷം; മാതൃകാപരമെന്ന് സ്പീക്കർ
text_fieldsവി.ഡി സതീശൻ, ജി.ആർ അനിൽ
തിരുവനന്തപുരം: പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ താൻ നടത്തിയ ‘പച്ചക്കള്ളം’ എന്ന പരാമർശം പിൻവലിക്കാൻ സ്പീക്കർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
‘ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് സംസാരിച്ചു’വെന്ന മന്ത്രി ജി.ആർ. അനിലിന്റെ പരാമർശം ‘പച്ചക്കള്ളമെന്ന്’ പറഞ്ഞതാണ് സതീശൻ പിൻവലിച്ചത്. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായെന്നും ഏറ്റുപറഞ്ഞ പ്രതിപക്ഷ നേതാവ്, മന്ത്രിയോടും സഭയോടും ക്ഷമചോദിക്കുകയും ചെയ്തു. സതീശന്റെ നിലപാട് ഡെസ്കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.
ഇത്തരം അനുകരണീയ മാതൃകകൾ എല്ലാവർക്കും സ്വീകരിക്കാവുന്നതാണെന്ന് പ്രശംസിച്ച സ്പീക്കർ, പെട്ടെന്നുള്ള പ്രകോപനത്തിൽ പറഞ്ഞുപോകുന്ന വാക്കുകൾ തിരുത്തുന്നത് പരാജയമല്ലെന്നും പാർലമെൻററി ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണെന്നും വ്യക്തമാക്കി.
വ്യാഴാഴ്ച വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിലാണ് സംഭവങ്ങളുടെ തുടക്കമെങ്കിൽ വെള്ളിയാഴ്ച ശൂന്യവേളയിലായിരുന്നു തിരുത്ത്. പറവൂരിലെ ഓണച്ചന്തയിൽ സതീശൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ താൻ സഭയിൽ വെക്കാമെന്ന് മന്ത്രി ജി.ആർ. അനിൽ വെള്ളിയാഴ്ച വ്യക്തമാക്കി. പിന്നാലെയാണ് സതീശൻ നിലപാട് വിശദീകരിച്ചത്.
‘പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനത്തിന് താൻ വൈകിയാണ് ചെന്നത്. നേരം വൈകിയതിനാൽ യോഗം റദ്ദാക്കാൻ നിർദേശിച്ചിരുന്നു. യോഗമില്ലാതെ ഉദ്ഘാടനം മാത്രമാണ് നടന്നത്. എന്നാൽ, എന്തെങ്കിലും സംസാരിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടതിനെ തുടർന്ന് താൻ അവിടെ ഒരു മിനിറ്റ് സംസാരിച്ചു എന്നത് ശരിയാണ്. അവിടെ സംസാരിച്ചിട്ടേ ഇല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഓർമപ്പിശക് കൊണ്ടാണ്. സംസാരിച്ച ഒരിടത്തും സർക്കാറിനെ പ്രകീർത്തിച്ചിട്ടില്ല.
സംസാരിച്ചത് സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ്. മന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്ന തന്റെ പരാമർശം പെട്ടെന്നുള്ള പ്രകോപനം കൊണ്ടുണ്ടായതാണ്. നിയമസഭയിൽ 24 വർഷം പിന്നിടുന്ന തന്റെ ഒരു വാക്കും ഒരു സ്പീക്കറും സഭാരേഖയിൽനിന്ന് നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ, ഇത്തരമൊരു വാക്ക് ഇനി വരുന്ന തലമുറക്ക് വിഷമം തോന്നുന്ന രീതിയിൽ സഭാരേഖകളിൽ കിടക്കാൻ പാടില്ലാത്തതിനാലാണ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും സതീശൻ വിശദീകരിച്ചു.