വി.ഡി സതീശന്‍റേത് ഒറ്റപ്പെട്ട ശബ്ദമല്ല, മതേതര കേരളം കൂടെയുണ്ട്; സത്താർ പന്തല്ലൂർ
text_fieldsകോഴിക്കോട് : വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. ശ്രീ നാരായണ ഗുരുവിന്‍റെ അനുയായി എന്ന നിലയിലാണ് വെള്ളാപ്പള്ളിയെ കേട്ടു തുടങ്ങിയതെന്നും എന്നാല്‍, ഇന്ന് അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി അദ്ദേഹം മാറിയെന്നും സത്താർ ഫേസ്ബുക്കിൽ കുറിച്ചു. ഹീനമായ പ്രസ്താവനകളുമായി നടേശൻ മുന്നേറുമ്പോൾ തിരുത്തേണ്ടതിനു പകരം അപദാനങ്ങൾ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവർ മുതിരുന്നതെന്നും പോസ്റ്റിലുണ്ട്. വി.എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വർഗ്ഗീയതക്കു മുന്നിൽ മാവിലായിക്കാരാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെതായിരുന്നെന്നും അത് ഒറ്റപ്പെട്ട ശബ്ദമല്ലെന്നും മതേതര കേരളം കൂടെയുണ്ടെന്ന് അറിയിക്കുകയാണെന്നും സത്താറിന്‍റെ കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും, ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന' വാഴുന്ന മാതൃകകള്‍ സ്വപ്‌നം കാണുകയും ചെയ്ത വലിയ മനുഷ്യന്റെ അനുയായി എന്ന നിലയിലാണ് കേരളത്തില്‍ വെള്ളാപ്പള്ളി നടേശനെന്ന ഈഴവ നേതാവിനെ കേട്ടു തുടങ്ങിയത്. എന്നാല്‍, ഇന്ന് അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി അദ്ദേഹം മാറി.
ഉത്തരേന്ത്യൻ സംഘ് ശൈലിയിൽ മത ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കടന്നാക്രമിക്കുന്നു.
ഒരുകാലത്ത് മുസ്‌ലിംകളെയും പിന്നോക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകൾ മടിയിലെ കനം മൂലമുള്ള ഭയത്തിൽ നിന്നാവാം.
ഹീനമായ പ്രസ്താവനകളുമായി നടേശൻ മുന്നേറുമ്പോൾ തിരുത്തേണ്ടതിനു പകരം അപദാനങ്ങൾ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവർ മുതിരുന്നത്. മന്ത്രിമാരും സാമാജികരും എന്ന ഭേദമതിനില്ല. ഇടതും വലതുമതിലുണ്ട്. വി എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വർഗ്ഗീയതക്കു മുന്നിൽ മാവിലായിക്കാരാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെതായിരുന്നു.
പ്രകോപിതനായ നടേശൻ വിഡി സതീശനെതിരെ നടത്തിയ അസഭ്യവാക്കുകൾ ഞെട്ടലുളവാക്കുന്നതാണ്. നടേശന്റെ വർഗ്ഗീയതക്കെതിരെ പറയാൻ ആളില്ലെന്നതു പോലെ, സതീശനെ പ്രതിരോധിക്കാനും ഒരു കോൺഗ്രസ് നേതാവിനെയും ഈ വഴി കണ്ടില്ല. വർഗ്ഗീയ രാഷ്ട്രീയത്തിനു മുന്നിൽ ബധിരത പൂണ്ടവർ ഇടതായാലും വലതായാലും കസേരമോഹങ്ങളുമായി ഈ വഴി വരരുതെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. വിഡി സതീശൻറ്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, മതേതര കേരളം കൂടെയുണ്ടെന്ന് അറിയിക്കുകയാണ്.