Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോണിയക്കെതിരെ അധിക്ഷേപ...

സോണിയക്കെതിരെ അധിക്ഷേപ പരാമര്‍ശം നീക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan, Sonia Gandhi
cancel

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നിയമസഭയില്‍ മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 285ല്‍, സ്പീക്കര്‍ക്കു മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഏതെങ്കിലും വ്യക്തിയെ കുറിച്ച് അപകീര്‍ത്തികരമോ കുറ്റം ചുമത്തുന്നതോ ആയ യാതൊരു ആരോപണവും സഭാതലത്തില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇപ്രകാരം ആരോപണം ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കുമ്പോള്‍ ഇത് സംബന്ധിച്ച തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന കീഴ് വഴക്കമാണ് കേരള നിയമസഭയില്‍ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്‍റെ പൂര്‍ണരൂപം:

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ ഇന്ന് (22.01.26) ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സാമാജികര്‍ സഭാതലത്തില്‍ പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍, ബഹുമാന്യരായ തദ്ദേശ സ്വയംഭരണ -എക്‌സൈസ്- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ ആദരണീയയായ സോണിയ ഗാന്ധി എം.പിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 285ല്‍, സ്പീക്കര്‍ക്കു മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അപകീര്‍ത്തികരമോ കുറ്റം ചുമത്തുന്നതോ ആയ യാതൊരു ആരോപണവും സഭാതലത്തില്‍ ഉന്നയിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇപ്രകാരം ആരോപണം ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കുമ്പോള്‍ ഇത് സംബന്ധിച്ച തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന കീഴ് വഴക്കമാണ് കേരള നിയമസഭയില്‍ പിന്തുടരുന്നത്. സഭാതലത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉത്തമ ബോധ്യത്തോടെ തെളിവുകള്‍ സഹിതം ഉന്നയിക്കണമെന്നും സഭക്ക് പുറത്തുള്ളവരെ കുറിച്ചാണ് ആരോപണം ഉന്നയിക്കുന്നതെങ്കില്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും വ്യക്തമാക്കുന്ന റൂളിംഗ് 28.06.90 ല്‍ ബഹുമാനപ്പെട്ട ചെയര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ കാര്യത്തില്‍ 20.8.71, 22.3.73, 20.11.86 തുടങ്ങിയ തീയതികളിലെ ഉള്‍പ്പെടെ സമാനമായ നിരവധി റൂളിംഗുകളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ ചട്ടങ്ങളെയും കീഴവഴക്കങ്ങളെയും റൂളിങ്ങുകളെയും ലംഘിച്ചുകൊണ്ട് മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍, നിലവില്‍ കേരള നിയമസഭയില്‍ അംഗമല്ലാത്തതും പതിറ്റാണ്ടുകള്‍ നീണ്ട സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ളതും ത്യാഗനിര്‍ഭരമായ പൊതുജീവിതം നയിക്കുന്നതുമായ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഭിമാനമായ ദേശീയ നേതാവ് സോണിയ ഗാന്ധി എം.പിക്കെതിരെ ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെടുത്തി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സഭാതലത്തില്‍ ഉന്നയിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനവും പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയുമാണ്.

ആയതിനാല്‍, കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 307 പ്രകാരം ബഹുമാനപ്പെട്ട മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനും പ്രസ്തുത ദൃശ്യങ്ങള്‍ സഭാ ടി.വി മുഖേന സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനും ഇത്തരം ചട്ടവിരുദ്ധമായ നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

Show Full Article
TAGS:VD Satheesan sonia gandhi Congress V Sivankutty Derogatory Remark 
News Summary - V.D. Satheesan writes to Speaker demanding removal of derogatory remarks against Sonia Gandhi
Next Story