ഇന്ധനം നിറച്ചു, വെട്ടിലായി വാഹന ഉടമകൾ
text_fieldsപ്രതീകാത്മക ചിത്രം
മരട്: എറണാകുളം കൊട്ടാരം ജങ്ഷന് സമീപത്തുള്ള ഐ.ഒ.സിയുടെ പെട്രോൾ പമ്പിൽ നിന്ന് ഞായറാഴ്ച രാവിലെ പെട്രോൾ അടിച്ചവർ വെട്ടിലായി. ഇന്ധനം സൂക്ഷിച്ചിരുന്ന ടാങ്കിൽ വെള്ളം പെട്രോളുമായി കലർന്നത് അതേപടി വാഹങ്ങളുടെ ടാങ്കിൽ എത്തിയതോടെയാണ് വാഹന ഉടമകൾ വെട്ടിലായത്. ചില വാഹനങ്ങൾ പമ്പിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ പ്രവർത്തന രഹിതമായി. മറ്റു ചില വാഹനങ്ങൾ പമ്പിൽ നിന്ന് എടുക്കാനായില്ല.
ഷൂട്ടിങ് വാഹനം ഉൾപ്പെടെ 25 വാഹനങ്ങൾ തകരാറിലായതോടെ വാഹന ഉടമകൾ പമ്പിൽ പ്രതിഷേധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. പമ്പ് ഉടമകളുടെ ചെലവിൽ മെക്കാനിക്കുകളെ വരുത്തി വാഹനങ്ങൾ നന്നാക്കാമെന്ന ഉറപ്പിന്മേലാണ് ഉടമകൾ പ്രതിഷേധം അവസാനിച്ചത്. തുടർന്ന് പമ്പ് അടച്ച് പൂട്ടുകയും ചെയ്തു. ടാങ്കിലെ വെള്ളവും പെട്രോളും മുഴുവൻ ഊറ്റിക്കളയുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പെട്രോൾ പമ്പ് മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട്. ഇതിന് മുൻപ് രണ്ട് പ്രാവശ്യം ടാങ്കിൽ വെള്ളം കയറിയ കുണ്ടന്നൂർ വാട്ടർ ടാങ്കിന് സമീപത്തെ പമ്പും സംശയത്തെ തുടർന്ന് അടച്ചിട്ടുണ്ട്. ഈ പമ്പിൽ വെള്ളം കയറിയതായി വിവരമില്ല.


