വൈലോങ്ങര ബൈപാസ്; ഒരു കിലോമീറ്റർ അംഗീകാരത്തിന് കാത്തത് എട്ടുവർഷം
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിലൂടെ അങ്ങാടിപ്പുറത്തെത്തുന്ന വാഹനങ്ങൾ നന്നേ പ്രയാസപ്പെട്ടാണ് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് തിരിയുക. വലിയ കുരുക്കാണ് കാരണം.
ഈ വാഹനങ്ങൾ അങ്ങാടിപ്പുറം ടൗണിലെത്താതെ രണ്ടു കി.മീറ്റർ മുമ്പ് ഓരാടംപാലത്തിനടുത്ത് ദേശീയപാതയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഓരാടംപാലം -വൈലോങ്ങര ബൈപാസ് പദ്ധതി. എന്നാൽ, ഒരു കിലോമീറ്റർ ബൈപാസ് നിർമാണത്തിനുള്ള അംഗീകാരത്തിന് കാത്തത് എട്ടുവർഷമാണ്.
2016ൽ ടി.എ. അഹമ്മദ് കബീർ തുടങ്ങിവെച്ച് അഞ്ചുവർഷം നിരന്തര ശ്രമം നടത്തിയ പദ്ധതിയാണിത്.
പുതിയ സർക്കാർ വന്ന ശേഷം മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ശ്രമമായി കഴിഞ്ഞ മേയ് 24ന് പൊതുമരാമത്ത് വകുപ്പ് 16.09 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കലും വില നിശ്ചയിക്കലും ടെൻഡർ നടപടികളും കഴിഞ്ഞ് ഇതുവഴി ഒരു റോഡ് പൂർത്തിയാവാൻ ഇനിയും കാത്തിരിക്കണം.
ബൈപാസ് സർവേ നടപടിയും കല്ലിടലും ജൂൺ 17ന് നടത്തി. രണ്ടുതവണ അലൈൻമെന്റ് തയാറാക്കി. ആദ്യ നടപടി കോടതി കയറിയതോടെ നീണ്ടു. 2016ല്‍ 12.62 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ച് ഉത്തരവായി.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരളയെ നിശ്ചയിച്ച് പദ്ധതി ചുമതല നല്‍കിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രവർത്തനം നീണ്ടു. പദ്ധതി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ വിലയിരുത്താനായി ഭൂവുടമകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും യോഗം നടത്തി അപാകതകൾ ചർച്ച ചെയ്താണ് മുന്നോട്ടുപോയത്. ആദ്യ അലൈൻമെന്റിൽ നാലു വീടുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അത് പരിഹരിച്ചാണ് പുതിയ രൂപരേഖ. പുതുക്കിയ അലൈന്മെന്റിന്റെ അടിസ്ഥാനത്തിലുള്ള റിവൈസ്ഡ് പ്രൊപ്പോസല്‍ വിശദ പദ്ധതി രേഖ (ഡി.പി.ആർ) സഹിതം കിഫ്ബിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങി. 16,09,46,735 രൂപയാണ് ഇപ്പോൾ പദ്ധതിക്ക് അനുവദിച്ചത്.
പുതിയ പദ്ധതി പ്രകാരം റോഡിന്റെ വീതി നേരത്തേ നിശ്ചയിച്ച 12 മീറ്ററില്‍നിന്ന് 13.60 മീറ്ററായി വര്‍ധിച്ചു. ഇത് ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കാതെ വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലേക്കും തിരിച്ചും പോകാനാവും.
നിലവിലെ കുരുക്ക് പൂർണമായി പരിഹരിക്കില്ലെങ്കിലും ആശ്വാസമുണ്ടാവും. നിലവിൽ അങ്ങാടിപ്പുറം ടൗണിലെ നിർമാണ പ്രവൃത്തികൾ പലതും പരിശോധിച്ചാൽ ദേശീയപാതയോരത്തെ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി കെട്ടിടങ്ങൾ കാണാൻ കഴിയും.
ചട്ടങ്ങളിലും നിയമങ്ങളിലും പലപ്പോഴായി വെള്ളം ചേർത്തതിന്റെ ദുരന്തമാണ് അനുഭവിക്കുന്നത്. ഇതേ പ്രശ്നംതന്നെയാണ് നിലവിൽ പെരിന്തൽമണ്ണയിലെ ആദ്യ ബൈപാസിനും.
നഗരത്തിന്റെ വളർച്ച കണ്ടല്ല അന്ന് ഭൂമി ഏറ്റെടുത്ത് റോഡ് നിർമിച്ചത്. പിന്നീട് ബഹുനില കെട്ടിടങ്ങൾ കാരണം കോഴിക്കോട് റോഡിലെ ബൈപാസ് ജങ്ഷനെയും മാനത്തുമംഗലത്തെയും ബന്ധിപ്പിക്കുന്ന ബൈപാസ് മിക്ക സമയത്തും തിരക്കിലമരുകയാണ്. വീതി കൂട്ടാനാവാത്ത സ്ഥിതിയിലാണിത്.
വാഹനനിര ഒഴിയാത്ത നിരത്ത്
അങ്ങാടിപ്പുറം ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിൽ തിരക്കുള്ള ദേശീയപാതയിലേക്ക് വാഹനങ്ങൾ നേരിട്ട് പ്രവേശിക്കുമ്പോൾ ഉണ്ടാവുന്ന ഗതാഗത തടസ്സം തീർക്കാൻ പൊലീസ് നിന്നാലും പരിഹാരമാവുന്നില്ല. ഇവിടെ തുടങ്ങുന്ന കുരുക്ക് മേൽപാലവും കടന്ന് ചില ഘട്ടങ്ങളിൽ പെരിന്തൽമണ്ണ ടൗൺ വരെ നീളാറുണ്ട്. പരിയാപുരം റോഡിൽനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് എത്തുമ്പോഴും ഇതേ പ്രശ്നമാണ്.
അങ്ങാടിപ്പുറത്ത് വീതി കുറഞ്ഞ ഭാഗത്ത് സമാന രീതിയിൽ മൂന്നു റോഡുകളിലൂടെയാണ് വാഹനങ്ങൾ കയറുന്നത്. ഈ സമയത്തെല്ലാം റോഡ് നിശ്ചലമാവുന്ന സ്ഥിതിയുണ്ട്. കുരുക്ക് പരിഹരിക്കാൻ ചർച്ച പലതും നടന്നതാണ്. പുതുതായി ഉയർന്ന പല ഷോപ്പിങ് കോംപ്ലക്സുകൾക്കും വാഹന പാർക്കിങ്ങിന് വേണ്ട സൗകര്യമില്ല. ഇതും കുരുക്കിന് വഴിയൊരുക്കുണ്ട്. ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ റോഡിൽ നിശ്ചലമാവുന്ന സ്ഥിതിയാണ് ഏറെ പരിതാപകരം.
(തുടരും)