വേളാങ്കണ്ണി തീർഥയാത്ര ബസ് അപകടം; ഏദന്‍ ഇത് പുനര്ജന്മം
text_fieldsഏദൻ
നടത്തറ: മരണമുഖത്തേക്ക് തെറിച്ചുവീണ് അത്ഭുതകരമായി രക്ഷപ്പെട്ട ഒരുവയസ്സുകാരൻ ഏദന്‍ ഇത് രണ്ടാം ജന്മം. യാത്രയിലുടനീളം പേരക്കുട്ടിയെ ചേര്‍ത്തുവെച്ച ലില്ലി മരണത്തിലും കൈവിടാതെ സൂക്ഷിച്ച മാതൃസ്നഹത്തിന്റെ പൂര്‍ണതയായി.
വേളാങ്കണ്ണി യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഏദന്‍ അമ്മൂമ്മയായ ലില്ലിയുടെ മടിയിലാണ് സ്ഥാനംപിടിച്ചത്. ബസിലെ തിരക്കിനിടയിലൊന്നും അവന് അമ്മയുടെ സാന്നിധ്യം തിരക്കിയതേ ഇല്ല. ഭക്ഷണം കഴിക്കാന്‍ നിർത്തിയപ്പോഴും തുടര്‍ന്നും അമ്മയുടെ കരുതലിനപ്പുറം അവന് അമ്മൂമ്മയുടെ മടിയിലേക്കുതന്നെ ഇരിപ്പ് മാറ്റി. പുലര്‍ച്ച ചായ കുടിക്കാന്‍ ബസ് നിർത്തിയപ്പോള്‍ ഉണര്‍ന്നെങ്കിലും വീണ്ടും അമ്മൂമ്മയുടെ മടിയില്‍ മയങ്ങി. യാത്ര പുനരാരംഭിച്ച് അര മണിക്കൂറിനുള്ളിലാണ് വലിയ വളവില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഈ സമയം ബസില്‍നിന്ന് ലില്ലിയും കുട്ടിയും തെറിച്ചുവീണതായാണ് പറയുന്നത്. എന്നാല്‍, കുട്ടി ഒരുപോറല്പോലും ഏല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. ജിന്സന്-സിജി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഏദന്‍. മൂത്ത പെണ്‍കുട്ടി ഇസമരിയ രണ്ട് വയസ്സായപ്പോൾ മരിച്ചിരുന്നു. പിന്നീട് ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാർഥനയുടെയും ഫലമായാണ് ഏദന്റെ ജനനം. അതുകൊണ്ടുതന്നെ ഒന്നാം പിറന്നാളിനുശേഷം കുട്ടിയെ വേളാങ്കണ്ണി മാതാവിന്റെ മുന്നില്‍ വണങ്ങുന്നതിന് വേണ്ടിയാണ് ഇവരുടെ കുടുംബം യാത്രതിരിച്ചത്.
തൃശൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് പോയ ബസ് അപകടത്തില്‍പെട്ടപ്പോൾ
പേരക്കുട്ടിക്കായുള്ള വഴിപാട് പൂർത്തിയാക്കാതെ ലില്ലി യാത്രയായി
ഒല്ലൂര്‍: പേരക്കുട്ടിയുടെ വഴിപാടുകൾക്കായി വേളാങ്കണ്ണി തീർഥാടനത്തിന് പോയ വീട്ടമ്മയുടെ വേർപാടിൽ മനംനൊന്ത് കുടുംബം.
നെല്ലിക്കുന്ന് കുറ പുളിക്കന്‍ വീട്ടില്‍ വർഗീസിന്റെ ഭാര്യ ലില്ലി (63) ഭര്‍ത്താവ് വർഗീസിനും രണ്ടാമത്തെ മകന് ജിന്‍സനും ഭാര്യ സിജിക്കും മകന് ഏദനും ഒപ്പമാണ് തീർഥാടനത്തിന് പോയത്.
ലില്ലിയുടെ പേരക്കുട്ടി ഏദന്റെ പിറന്നാളിനുശേഷം വേളാങ്കണ്ണി മാതാവിന്റെ അടുത്ത് കൊണ്ടുപോയി ചടങ്ങുകള്‍ക്കുശേഷം തല മുണ്ഡനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മാർച്ചിലാണ് ഏദന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ശനിയാഴ്ച ഒല്ലൂരില്‍നിന്ന് പോകുന്ന മോണിങ് സ്റ്റാര്‍ ടൂര്‍ ഓപറേറ്റേഴ്സിന്റെ ബസിലാണ് കുടുംബം ടിക്കറ്റ് എടുത്തത്.
എന്നാല്‍, അത് ലില്ലിയുടെ മരണത്തിലേക്കാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മൃതദേഹം ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു.