ഇടഞ്ഞ് സി.പി.ഐ; വെള്ളാപ്പള്ളിയിൽ പൊള്ളി ഇടതുമുന്നണി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ തിരുത്തലിനൊരുങ്ങുമ്പോഴും വെള്ളാപ്പള്ളിയെ തള്ളാനോ കൊള്ളാനോ സാധിക്കാത്ത രാഷ്ട്രീയ സങ്കീർണാവസ്ഥയിൽ സി.പി.എം. എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ വെള്ളാപ്പള്ളിയുമായി പരസ്യമായി ഏറ്റുമുട്ടുമ്പോഴും മുഖ്യമന്ത്രി പിന്തുണച്ചതോടെ ‘അനുനയം മാത്രമല്ല, പരിരക്ഷയൊരുക്കാനും സി.പി.എം നിർബന്ധിതമായി. വെള്ളാപ്പള്ളിയെ താൻ കാറിൽ കയറ്റില്ലെന്ന പ്രസ്താവനയിലൂടെ വിദ്വേഷ രാഷ്ട്രീയക്കാരെ അകറ്റി നിർത്തണമെന്ന കടുത്ത രാഷ്ട്രീയ നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടിവരയിട്ടത്. എന്നാൽ ‘‘ബിനോയ് വിശ്വമല്ല, പിണറായി വിജയനെന്ന’’ മറുപടിയിലൂടെ വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്ന് മാത്രമല്ല, രാഷ്ട്രീയ സഹയാത്രക്ക് തടസ്സം നിൽക്കാൻ നോക്കേണ്ടെന്ന സി.പി.ഐക്കുള്ള കൃത്യമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. പിന്നാലെ, വെള്ളാപ്പള്ളിയെ ന്യായീകരിക്കേണ്ട നിർബന്ധിതാവസ്ഥയിലേക്ക് സി.പി.എം നേതൃത്വവുമെത്തി.
കഴിഞ്ഞദിവസം വെള്ളാപ്പള്ളിക്കെതിരെ ഭാഗികമായി സ്വരം കടുപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, 24 മണിക്കൂറിനകം നിലപാട് മയപ്പെടുത്തിയെന്ന് മാത്രമല്ല, ‘‘വെള്ളാപ്പള്ളിയെ ഞങ്ങൾ വർഗീയവാദിയായി ചിത്രീകരിക്കുന്നില്ലെന്നും അദ്ദേഹം മഹാഭൂരിപക്ഷം സമയവും മതനിരപേക്ഷതക്ക് വേണ്ടി ക്രിയാത്മകമായി പ്രതികരിക്കുന്ന ആളാണെന്ന ക്ലീൻ ചിറ്റ് നൽകി പുകഴ്ത്തുന്ന സ്ഥിതിയിലേക്കും കാര്യങ്ങൾ മാറി.
ഫലത്തിൽ വെള്ളാപ്പള്ളി വിഷയം ഇടതുമുന്നണിയിൽ കടുത്ത ഭിന്നതക്ക് തിരികൊളുത്തുന്നുവെന്ന് വ്യക്തം. വിവാദ പരാമർശങ്ങൾ ആവർത്തിച്ച വെള്ളാപ്പള്ളിയെ, മുഖ്യമന്ത്രിയുടെ കാറിൽ അയ്യപ്പസംഗമത്തിലേക്കെത്തിച്ചതും പുകഴ്ത്തിയതും ന്യൂനപക്ഷ വിഭാഗങ്ങൾ അകലാൻ ഇടയാക്കിയെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. പരമ്പരാഗതമായി പിന്തുണക്കുന്ന ന്യൂനപക്ഷങ്ങൾ മുന്നണിയെ കയ്യൊഴിഞ്ഞത് തോൽവിക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി സി.പി.എം നേതൃയോഗങ്ങളിലും വിലയിരുത്തലുണ്ടായിരുന്നു.
സി.പി.എമ്മിൽ നിന്ന് വ്യത്യസ്തമായി ‘‘ഇടതുപക്ഷത്തെ സ്വാഭാവിക ബന്ധുക്കളായി കണ്ടു പോന്ന ന്യൂനപക്ഷങ്ങൾ വിട്ടകന്നു’’ എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും പാഠം ഉൾക്കൊണ്ട് തിരുത്തൽ വേണമെന്ന് സി.പി.ഐ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് വിഷയം ഇടതുമുന്നണിക്കൊന്നാകെ കീറാമുട്ടിയാകുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടു ലക്ഷ്യമിട്ട് സി.പി.എം തുടങ്ങിവെച്ച സോഷ്യൽ എഞ്ചിനീയറിങ്ങാണ് ഈ സങ്കീർണാവസ്ഥ സൃഷ്ടിച്ചതെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്. പി.എം ശ്രീയിൽ സി.പി.ഐ ഉയർത്തിയ വിയോജിപ്പ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്ന് വിലയിരുത്തുന്ന സി.പി.എമ്മിന്, വെള്ളാപ്പള്ളിയിലെ നിലപാട് അഭിമാനപ്രശ്നം കൂടിയായി മാറി എന്നതാണ് സാഹചര്യം.


