അനിയനോട് എന്നും വാത്സല്യം, ഇഷ്ടഭക്ഷണം നൽകി കൊല
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാൻ അനുജൻ അഫ്സാനെ കൊലപ്പെടുത്തിയത് അസാധാരണ മനസ്സാന്നിധ്യത്തോടെ. സംഭവ ദിവസം വൈകീട്ട് നാലോടെയാണ് അഫ്സാൻ പരീക്ഷ കഴിഞ്ഞ് സ്കൂൾ വിട്ട് വരുന്നത്. കൊടും ക്രൂരകൃത്യങ്ങൾ കഴിഞ്ഞ് അനിയൻ വരുന്നതും കാത്തിരിക്കുകയായിരുന്നു അഫാൻ. അനിയനെ ബൈക്കിൽ കയറ്റി തൊട്ടടുത്ത കവലയിലേക്ക് പോയി.
അവിടെനിന്ന് ഇരുവരും ഓട്ടോയിൽ കയറി. നല്ല മന്തി കിട്ടുന്ന കടയിലേക്ക് കൊണ്ടുപോകാൻ അഫാൻ ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ആഹാരം വാങ്ങി അനിയനെ തനിച്ച് അതേ ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചയച്ചു. വീടിന്‍റെ വാതിൽ അടഞ്ഞുകിടക്കുന്നതും ഉമ്മയെ കാണാത്തതിനാലും അഫ്സാൻ അയൽവാസികളോട് തിരക്കി. വിവരമറിയാത്തതിനാൽ ഉമ്മയുടെ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് അഫാനായിരുന്നു. പിന്നീട്, ബൈക്കിൽ തിരിച്ചെത്തിയ അഫാൻ അനിയനുമായി അകത്തേക്ക് കയറി.
മറ്റുള്ളവരെ കൊലചെയ്യാൻ ഉപയോഗിച്ച അതേ ചുറ്റിക ഉപയോഗിച്ച് അനിയന്‍റെ തലക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹങ്ങൾക്ക് സമീപം നോട്ടുകൾ വിതറി, കുളിച്ച് വസ്ത്രം മാറി നേരത്തേ വാങ്ങിയ മന്തിച്ചോറിൽ എലിവിഷം കലർത്തി അത് കഴിച്ചു. പിന്നീട്, ബൈക്ക് ഉപേക്ഷിച്ച് നേരത്തേ വിളിച്ച അതേ ഓട്ടോയിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒഴിവുസമയങ്ങളിൽ അനിയനുമായി ബൈക്കിലും കാറിലും കറങ്ങിയിരുന്ന അഫാൻ എപ്പോഴും കുഞ്ഞനിയനെ കരുതലോടെ പരിപാലിച്ച ആളായിരുന്നു. കൊല്ലപ്പെട്ട മുത്തശ്ശിയോടും പലപ്പോഴും അനിയന്‍റെ സ്കൂൾ ഫീസ് കൊടുക്കാൻ പണം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
സമീപത്തെ പള്ളിയിലേക്കും മദ്റസയിലേക്കുമെല്ലാം അനിയനെ കൊണ്ടുപോയിരുന്ന അഫാൻ 13കാരനായ കൂടപ്പിറപ്പിനെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ മാനസികാവസ്ഥ എന്തായിരിക്കുമെന്നറിയാതെ നടുക്കത്തിലാണ് എല്ലാവരും. വിവരങ്ങൾ പുറത്തറിയാതിരിക്കാനാണോ അതോ ഒറ്റപ്പെട്ട് പോകുമെന്ന വാത്സല്യത്താലാണോ അനിയനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.