കൂട്ടക്കൊല: ചുരുളഴിക്കാൻ അഫാന്റെ പൂർവകാലം തേടി പൊലീസ്, മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് അയച്ചു
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ അഫാന്റെ പൂർവകാലം തേടി പൊലീസ്. കൃത്യനിർവഹണത്തിന് മുമ്പുള്ള ദിവസങ്ങളിൽ എന്തെല്ലാം ചെയ്തു, ആരോടെങ്കിലും അസാധാരണബന്ധം പുലർത്തിയോ, ഫോൺ വിവരങ്ങൾ, കമ്പ്യൂട്ടർ തിരയൽ ചരിത്രം, ബാങ്ക് ഇടപാടുകൾ തുടങ്ങിയ വിശദാംശങ്ങളാണ് റൂറൽ എസ്.പി കെ.ആർ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.
അഫാന്റെയും മാതാവ് ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. അഫാന്റെ ഗൂഗ്ൾ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബര്‍ പൊലീസിന് കത്ത് നല്കി. കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നെന്ന അഫാന്റെ മൊഴി സ്ഥിരീകരിക്കാനാണിത്. കൊലക്ക് ചുറ്റിക ഉപയോഗിച്ചതിനുപിന്നിൽ അഫാന്റെ ആസൂത്രിത പദ്ധതിയുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇരകളുടെ ശബ്ദം പുറത്തുവരാത്തവിധം കൃത്യനിർവഹിക്കാൻ ചുറ്റിക കൊണ്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയോയെന്ന് സ്ഥിരീകരിക്കാനാണ് കമ്പ്യൂട്ടർ തിരയൽ ചരിത്രം പരിശോധിക്കുന്നത്. ചുറ്റിക കൊണ്ട് അപ്രതീക്ഷിതമായി തലക്കടിയേൽക്കുമ്പോൾ ശബ്ദിക്കാൻ പോലും കഴിയാത്ത വിധം ഇര വീണുപോകും. തലക്കു പിന്നിൽ അടിച്ചാൽ ആഘാതം കൂടും. എല്ലാ കൊലക്കും ഈ മാർഗമാണ് സ്വീകരിച്ചത്. ക്രൂരമായ കൊലപാതകങ്ങൾ നടന്ന മൂന്ന് സ്ഥലങ്ങളിലും പൊലീസ് എത്തിയപ്പോൾ മാത്രമാണ് അയൽവാസികൾ പോലും വിവരമറിഞ്ഞത്.
സാമ്പത്തിക ബാധ്യതയെന്ന പ്രതിയുടെ വാദം ശരിയാണെങ്കിലും ഇത്രയും പേരെ കൊലപ്പെടുത്താൻ മറ്റു കുടുംബപ്രശ്നങ്ങളും കാരണമായിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. കൂട്ടക്കൊലക്കു ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് അഫാൻ മദ്യത്തിൽ എലിവിഷം കലർത്തി കുടിച്ചത്. എന്നാൽ, കൊലപാതകങ്ങൾക്കിടയിൽ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ച പ്രവൃത്തി അസാധാരണമായാണ് കാണുന്നത്. അഫാന്റെ മദ്യപാന ശീലത്തെപ്പറ്റി ബന്ധുക്കൾക്കോ, നാട്ടുകാർക്കോ അറിവില്ല. ഉറ്റ ബന്ധുക്കളായ മൂന്നുപേരെ കൊലപ്പെടുത്തിയശേഷം മദ്യം കഴിച്ച് വിശ്രമിച്ച പ്രതിയുടെ മാനസികാവസ്ഥ കണ്ടെത്താൻ പൊലീസ് മനഃശാസ്ത്രജ്ഞന്റെ സഹായം തേടും. വ്യത്യസ്ത മനോനിലയാണ് അഫാനുള്ളതെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മനസ്സിലാകുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ പ്രവൃത്തിയിൽ ഒരു പശ്ചാത്താപവും അഫാനുണ്ടായിരുന്നില്ല.
സാധാരണഗതിയിൽ കൂട്ടക്കൊല നടത്തുന്ന പ്രതികൾ എത്രയും വേഗം ഒളിവിൽ പോകുകയോ അല്ലെങ്കിൽ കീഴടങ്ങുകയോ ചെയ്യും. ഇത്രയും നീണ്ട സമയമെടുത്ത്, ഒരു പരിഭ്രമവുമില്ലാതെ അടുത്ത ബന്ധുക്കളുടെ കൊലപാതകം നടത്തുന്നതും കൊലപാതക ശേഷം പരിചയക്കാരോട് സാധാരണ പോലെ ഇടപഴകുന്നതും മുമ്പ് അധികം കണ്ടിട്ടില്ലാത്ത രീതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് അഫാൻ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
78 മണിക്കൂർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാനെ 78 മണിക്കൂർ നിരീക്ഷണത്തിനുശേഷം പൊലീസ് കസ്റ്റഡിയിലെടുക്കും. എലിവിഷം കഴിച്ചെന്ന അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗവ. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുന്നത്. മദ്യത്തിൽ പെപ്സിയും എലിവിഷവും ചേർത്ത് കഴിച്ചെന്നാണ് അഫാന്റെ മൊഴി. പുറമേക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും 72 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കരളിന്റെ പ്രവർത്തനം താറുമാറാക്കുന്ന സിങ്ക്ഫോസ്ഫൈഡ് അടങ്ങുന്ന എലിവിഷം സാവധാനത്തിലേ കരളിനെ ബാധിക്കൂ എന്നതിനാലാണ് ഈ നിരീക്ഷണം. വിഷം ശരീരത്തിലെ കൊഴുപ്പിൽ കലരുകയും സാവധാനം രക്തത്തിലേക്ക് തിരിച്ചെത്താനും ശരീരം മുഴുവൻ വ്യാപിക്കാനും സാധ്യതയുണ്ട്.
ആരോഗ്യനില തൃപ്തികരം; ഇന്ന് ഷെമിയുടെ മൊഴിയെടുത്തേക്കും
ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കൽ കോളജ് ഡോ. കിരൺ രാജഗോപാൽ പറഞ്ഞു. നിലവിൽ ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. അപകടനില പൂർണമായും തരണം ചെയ്തെന്ന് പറയാൻ കഴില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നല്ല മുറിവുകളുണ്ട്. സംസാരിക്കാൻ പറ്റുന്ന സ്ഥിതിയാണ്.
48 മണിക്കൂറിനുശേഷം ഒരു സ്കാൻ കൂടി ചെയ്യേണ്ടതുണ്ട്. അതിനു ശേഷം കൂടുതൽ വിവരങ്ങൾ നൽകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മക്കളെ അന്വേഷിച്ച് ഷെമി
തിരുവനന്തപുരം: മകൻ ഉറ്റവരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ തീവ്രത അറിയാതെ പ്രതി അഫാന്റെ ഉമ്മ ഷെമി. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഷെമിയെ ഡി.കെ. മുരളി എം.എൽ.എ സന്ദർശിച്ചിരുന്നു. ഷെമി കണ്ണ് തുറന്നെന്നും സംസാരിക്കാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷെമി മക്കളെ അന്വേഷിക്കുന്നുണ്ട്. കട്ടിലിൽ നിന്ന് മറിഞ്ഞുവീണതാണെന്ന് ഷെമി ആരോടോ പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തതയില്ല.
സംഭവിച്ചതെന്തെന്ന് അവർക്ക് മനസ്സിലായിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. പ്രതി കൊടുത്ത പ്രാഥമിക മൊഴി മാത്രമാണുള്ളത്. പിതാവിന്റെ വിദേശത്തെ വരുമാനം നിലച്ചു. കടം ചോദിച്ചവർ മോശമായി പെരുമാറി. കൂട്ട ആത്മഹത്യക്ക് തയാറെടുത്തെന്നാണ് പ്രതി പറയുന്നത്. മരിച്ചില്ലെങ്കിലോ എന്ന് കരുതി കൊന്നു. ഇതൊക്കെ പ്രതി പറയുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ഷെമിയുടെ ആരോഗ്യനില പരിശോധിക്കാൻ പൊലീസ് ആശുപത്രിയിലെത്തിയിരുന്നു.