ഇളയ മകനെ ഞാനില്ലാത്ത കുറവ് അറിയിക്കാതെ അവന്‍ വളര്‍ത്തി, അതുപോലെ അവന്‍ തന്നെ കൊന്നുകളഞ്ഞു -അഫാന്റെ പിതാവ്; ‘അവന് മാപ്പ് കൊടുക്കില്ല, പൊറുക്കാനാവില്ല’
text_fieldsഅഫാൻ, പിതാവ് റഹീം
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനോട് പൊറുക്കാന്‍ കഴിയില്ലെന്ന് പിതാവ് റഹീം. ‘ഇത്രയും കൊടുംക്രൂരത ചെയ്ത മകനോട് പൊറുക്കാനാവില്ല. ഇളയ മകനെ ഞാനില്ലാത്ത കുറവ് അറിയിക്കാതെ അവന്‍ വളര്‍ത്തിയതാണ്. അതുപോലെ അവന്‍ തന്നെ കൊന്നുകളയുകയും ചെയ്തു’ - കരച്ചിലടക്കാന്‍ കഴിയാതെ റഹിം പറഞ്ഞു.
‘‘പ്രായക്കുറവിന്‍റെ പക്വതയില്ലായ്മയായി അഫാന്‍റെ പ്രവൃത്തികളെ കാണാന്‍ കഴിയില്ല. എല്ലാം പ്ലാന്‍ ചെയ്താണ് ചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രയും പേരെ കൊല്ലാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അവന് മാപ്പ് കൊടുക്കാന്‍ തയാറല്ല. കൊലപാതകം നടന്ന വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. അതു തുറന്നു കിട്ടിയാലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. മക്കളില്ലാത്ത ആ വീട്ടില്‍ ഇനി താമസിക്കാന്‍ കഴിയില്ല. കോവിഡിനുശേഷമാണ് ഗള്‍ഫിലെ കച്ചവടം തകര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി എന്നോടു പറഞ്ഞിരുന്നില്ല. അമ്മയും മക്കളും തമ്മില്‍ നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഫര്‍സാനയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ അതിന് സമ്മതിച്ചില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലില്‍ കഴിയുന്ന അഫാനെ കാണാന്‍ ആഗ്രഹമില്ലെന്ന് ഉമ്മ ഷെമിയും പറഞ്ഞു. വെഞ്ഞാറമൂടിന് സമീപത്തെ അഗതി മന്ദിരത്തില്‍ കഴിയുന്ന ഷെമി ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെട്ടതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘‘എന്‍റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്ക് കാണണമെന്നില്ല.’’ -കണ്ണീരോടെ ഷെമി പറഞ്ഞു.
സംഭവ ദിവസം രാവിലെ ഇളയ മകനെ (കൊല്ലപ്പെട്ട അഹ്‌സാന്‍) സ്‌കൂള്‍ ബസ് കയറ്റി വിട്ട ശേഷം വീട്ടിലെത്തി നേരത്തെയുണ്ടാക്കി വെച്ചിരുന്ന ചായ കുടിച്ചു. ഇതോടെ, ശാരീരികാസ്വാസ്ഥ്യമുണ്ടായി. മുറിയിലെത്തി സോഫയില്‍ ഇരിക്കുമ്പോഴാണ് തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.
ബോധം എപ്പോഴോ വന്നപ്പോൾ ഫര്‍സാനയെ വിളിച്ചുകൊണ്ടുവന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പിന്നെ പറഞ്ഞു. അതിനുശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പൊലീസ് വീടിന്‍റെ ജനല്‍ ചവിട്ടിപ്പൊളിക്കുമ്പോഴാണ് പിന്നീട് തനിക്ക് ബോധം തെളിയുന്നതെന്നും ഷെമി പറഞ്ഞു. അഫാൻ ലോൺ ആപ്പുകളിൽ നിന്ന് പണം വായ്പക്ക് എടുക്കുമായിരുന്നുവെന്നും തിരിച്ചടക്കാമെന്ന് പറഞ്ഞിട്ടും അവർ വീണ്ടും വിളിച്ചതിനെ തുടർന്ന് അവൻ വലിയ മാനസിക പ്രയാസത്തിൽ ആയിരുന്നുവെന്നും അവർ പറഞ്ഞു.
‘‘ഫര്‍സാനയെ കണ്ടിട്ടില്ലെങ്കിലും പരിചയമുണ്ട്. ബാങ്കിലും ബന്ധുക്കള്‍ക്കും കൊടുക്കാനായി 25 ലക്ഷം രൂപയുടെ കടമുണ്ട്. ഭര്‍ത്താവിന്‍റെ ഗള്‍ഫിലെ കച്ചവടം തകര്‍ന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്. ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവിന് അറിയാം. വീടു വിറ്റ് കടമെല്ലാം തീര്‍ക്കാമെന്ന് അഫാനോട് പറഞ്ഞിരുന്നു. ഇതിന്‍റെ പേരില്‍ അഫാനുമായി ഒരു തരത്തിലുള്ള വഴക്കുമുണ്ടായിട്ടില്ല. കടം തീർക്കാൻ വീട് വിൽക്കാനുള്ള ആലോചനയിലായിരുന്നു. ചിലര്‍ വന്ന് നോക്കിപ്പോയെങ്കിലും വിൽപന നടന്നില്ല. സംഭവത്തിന് തലേ ദിവസം വായ്പയെടുത്തിരുന്ന ഒരു ബാങ്കിലെ ജീവനക്കാരെത്തി വീട് ജപ്തി ചെയ്യുമെന്നും നോട്ടീസ് പതിക്കുമെന്നും പത്രത്തില്‍ പരസ്യം ചെയ്യുമെന്നുമൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ സമയം അഫാനുമായി വാക്കേറ്റമുണ്ടായി. അന്നു തന്നെ പണം കൊടുക്കാനുണ്ടായിരുന്ന ഒരു ബന്ധു വിളിച്ച് അടുത്ത ദിവസം 50,000 രൂപ നിര്‍ബന്ധമായും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം കണ്ടെത്താന്‍ സംഭവ ദിവസം പല വഴികള്‍ തേടിയെങ്കിലും ഒന്നും നടന്നില്ല. സംഭവം നടക്കുന്നതിന്‍റെ തലേന്ന് മൊബൈൽ ആപ് വഴിയെടുത്ത ലോണിന്‍റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. പണം കടം ചോദിച്ച് രാത്രി ബന്ധുവിന്‍റെ വീട്ടില്‍ പോയി. പക്ഷേ, പണം കിട്ടിയില്ല. വീട്ടില്‍ തിരിച്ചെത്തിയിട്ടും അഫാന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. സോഫയില്‍ കിടന്നാണ് ഉറങ്ങിയത്. പിറ്റേന്നാണ് ഇങ്ങനെയൊക്കെ ചെയ്തത്.’’ - ഷെമി പറഞ്ഞു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.
നേരത്തെ, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സമയത്ത് അഫാനെ കാണാൻ ആഗ്രഹമുണ്ടെന്നും കട്ടിലിൽ നിന്നും വീണ് പരിക്കേറ്റതാണെന്നും പറഞ്ഞ് അഫാനെ സംരക്ഷിക്കാൻ ഷെമി ശ്രമിച്ചിരുന്നു.