വി.എഫ്.പി.സി.കെ ഏഴു കോടി വകമാറ്റി ചെലവഴിച്ചു; ഹൈടെക് പച്ചക്കറിത്തൈ കേന്ദ്രത്തിലെ ഉൽപാദനം കുറവെന്ന് ധനകാര്യ റിപ്പോർട്ട്
text_fieldsതൃശൂർ: വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) സർക്കാർ അനുമതിയില്ലാതെ പ്ലാൻഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ധനകാര്യ റിപ്പോർട്ട്. ഏകദേശം 6.93 കോടി രൂപ പ്ലാൻ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇത്തരത്തിൽ പ്ലാൻ ഫണ്ടുകൾ വകമാറ്റി ചെലവാക്കുന്നത് ഗുരുതര സാമ്പത്തിക അച്ചടക്കലംഘനമാണ്.
തുക വകമാറ്റിയ കാലയളവിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാർക്കെതിരെ ഭരണവകുപ്പ് അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. വിവിധ പദ്ധതികളിൽ നീക്കിയിരിപ്പായി കൈവശമുള്ള തുക അതത് സാമ്പത്തികവർഷം ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് തിരിച്ചടക്കണം. ഇത്തരത്തിൽ അക്കൗണ്ടിൽ സൂക്ഷിച്ച 79.46 ലക്ഷം രൂപ അടിയന്തരമായി തിരിച്ചെടുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
ഹൈടെക് പച്ചക്കറി ഉൽപാദന യൂനിറ്റ് ആരംഭിക്കാൻ 2013ലാണ് വി.എഫ്.പി.സി.കെയെ ചുമതലപ്പെടുത്തിയത്. ഇ-ടെൻഡർ നടപടിക്രമങ്ങൾ പാലിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീൽ ബയോടെക് എന്ന സ്ഥാപനത്തെ ഈ യൂനിറ്റിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തു. വി.എഫ്.പി.സി.കെയുടെ നടുകര യൂനിറ്റിനോട് ചേർന്ന് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. 2016ൽ പദ്ധതി ഔദ്യോഗികമായി കമീഷൻ ചെയ്തു. രാഷ്ട്രീയ കൃഷിവികാസ് യോജന സ്ക്രീമിൽ ഉൾപ്പെടുത്തി മൊത്തം പദ്ധതിക്ക് 11.35 കോടി രൂപ ചെലവാക്കി. യൂനിറ്റിന്റെ സ്ഥാപിത ലക്ഷ്യം പ്രതിവർഷം രണ്ടു കോടി പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച് കർഷകരെ സഹായിക്കുകയായിരുന്നു.
എന്നാൽ, സ്ഥാപനം പ്രവർത്തനമാരംഭിച്ച 2017 ആഗസ്റ്റ് മുതൽ 2020 ഫെബ്രുവരി വരെയുള്ള കാലയളവിൽ (30 മാസം) ആകെ 1,20,52,359 തൈകൾ മാത്രമാണ് ഈ യൂനിറ്റിൽ ഉൽപാദിപ്പിച്ച് വിതരണം നടത്തിയത്. ഇത് യൂനിറ്റിന്റെ ഉൽപാദനക്ഷമതയുടെ 25 ശതമാനത്തിൽ കുറവ് മാത്രമാണ്. മാസം ശരാശരി നാലു ലക്ഷം തൈകളുടെ ഉൽപാദനമാണ് നടന്നത്. 16.66 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. സംസ്ഥാന കൃഷിവകുപ്പാണ് പ്രധാന ഉപഭോക്താവ്. കൃഷിവകുപ്പിനു കീഴിൽതന്നെ ധാരാളം എ ഗ്രേഡ് പച്ചക്കറിത്തൈ ഉൽപാദന ക്ലസ്റ്ററുകൾ നിലവിലുണ്ട്. അതിനാൽ താരതമ്യേന കുറഞ്ഞ ഓർഡറുകൾ മാത്രമാണ് വി.എഫ്.പി.സി.കെക്ക് ലഭിച്ചത്. സർക്കാർ ഫണ്ട് മാത്രം ഉപയോഗപ്പെടുത്തി സ്ഥാപിച്ച പച്ചക്കറിത്തൈ ഉൽപാദന യൂനിറ്റിന്റെ സ്ഥാപിതലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.


