‘തിരുവാഭരണ രജിസ്റ്ററിൽ പേജുകൾ കാണാനില്ല, വരവ് ചെലവ് കണക്കുകളില്ല’; ശ്രീവല്ലഭ ക്ഷേത്രത്തിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്
text_fieldsതിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി വിജിലൻസ്. വസ്തുവകകളുടെയും, തിരുവാഭരണങ്ങളുടെയും രജിസ്റ്റർ കാണാനില്ല എന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നു. തിരുവല്ല സ്വദേശി വി. ശ്രീകുമാർ നൽകിയ പരാതിയിൽ ഹൈകോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
തിരുവാഭരണ രജിസ്റ്ററിൽ ഒന്നു മുതൽ 168 വരെയുള്ള പേജുകൾ കാണാനില്ല. എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാത്ത തിരുവാഭരണങ്ങളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഇതെല്ലാം ഉൾപ്പെടുന്ന രജിസ്റ്റരാണ് കാണാതായത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിവരങ്ങൾ ഉൾപ്പെട്ട രജിസ്റ്ററും ക്ഷേത്രത്തിൽ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ പോലും സൂക്ഷിച്ചിട്ടില്ല. ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികളോട് ഇക്കാര്യം ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ചട്ടങ്ങൾ മറികടന്നാണ് ക്ഷേത്രത്തിന്‍റെ നടത്തിപ്പ് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ഉപദേശക സമിതി നിലവിൽ ഉള്ളപ്പോൾ ചട്ടവിരുദ്ധമായി സമാന്തരമായി രൂപീകരിച്ച മാതൃസമിതിയാണ് ക്ഷേത്രത്തിൻറെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ 10 ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ നോട്ടീസ് പോലും ദേവസ്വം ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഉപദേശക സമിതി പുറത്തിറക്കിയത്. ക്ഷേത്ര നടയിൽ നേർച്ചയായി ലഭിച്ച അരി ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ചത് പിടികൂടുന്ന സാഹചര്യവും ഉണ്ടായെന്ന് റിപ്പോർട്ടിലുണ്ട്.
ഉപദേശക സമിതിയുടെ വീഴ്ചയാണ് പ്രധാനമായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. തന്ത്രിക്കെതിരെയാണ് മറ്റൊരു പ്രധാന ആരോപണം. ക്ഷേത്രത്തിന്‍റെ ഭരണപരമായ കാര്യങ്ങളിലും മരാമത്ത് പ്രവൃത്തികളിലും ഉൾപ്പെടെ തന്ത്രി അനധികൃതമായി കൈകടത്തി. തന്ത്രി തന്നെ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ഇക്കാര്യത്തിൽ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
വരവ് ചെലവ് കണക്കുകൾ അടിയന്തര ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കണക്കുകളിൽ അപാകമുണ്ടെങ്കിൽ മുൻ സബ് ഗ്രൂപ്പ് ഓഫീസറിൽനിന്നും ഈടാക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ നിർദേശിക്കുന്നു. വിജിലൻസ് എസ്പിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ വി. ശ്യാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീവല്ലഭ ക്ഷേത്രം. ദൂരദേശങ്ങളിൽ നിന്നടക്കം ഭക്തർ എത്തുന്ന ക്ഷേത്രമാണിത്. ക്രമക്കേടുകൾക്ക് ആര് ഉത്തരം പറയും എന്നതാണ് ഉയരുന്ന ചോദ്യം.