വിജൂ കൃഷ്ണൻ; കരിവെള്ളൂരിൽനിന്ന് പൊളിറ്റ്ബ്യൂറോയിലേക്കൊരു ലോങ്മാർച്ച്
text_fieldsമധുര (തമിഴ്നാട്): സി.പി.എം പോളിറ്റ് ബ്യൂറോയിലെ പുതുമുഖവും മലയാളിയുമായ വിജൂ കൃഷ്ണൻ കേരളത്തിൽ കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ഈറ്റില്ലമായ കണ്ണൂർ കരിവെള്ളൂരിന്റെ പുത്രൻ. ഡോ.പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ച വിജൂ കൃഷ്ണൻ പഠിച്ചതും വളർന്നതും കേരളത്തിന് പുറത്താണ്. ദീർഘകാലമായി ഡൽഹിയിൽ പാർട്ടി സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിജു കൃഷ്ണന്റെ പി.ബി അംഗത്വം അതുകൊണ്ടുതന്നെ കേരളത്തിന്റെ അക്കൗണ്ടിൽ അല്ല. മുമ്പ് ഇങ്ങനെ പി.ബിയിൽ എത്തിയ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവരുടെ പിൻഗാമികൂടിയാണ് ഈ 51 കാരൻ. പി.ബിയിലെ ചെറുപ്പക്കാരനായ ഇദ്ദേഹത്തിന് മുന്നിലുള്ളത് ദീർഘകാലം പ്രവർത്തിക്കാനുള്ള അവസരം.
ബംഗളൂരു സെൻറ് ജോസഫ് കോളജിൽ ബിരുദം പൂർത്തിയാക്കി ഡൽഹി ജെ.എൻ.യു കാമ്പസിലെത്തിയതോടെയാണ് സജീവ പാർട്ടി പ്രവർത്തനത്തിലെത്തിയത്. എ.ബി.വി.പിയെ നേരിട്ട് ജെ.എൻ.യുവിൽ ഇടതു മേധാവിത്വം തിരിച്ചുപിടിച്ചത് 1998ൽ സ്റ്റുഡൻറ് യൂനിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജൂ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ കാർഷിക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജെ.എൻ.യുവിൽനിന്ന് പിഎച്ച്.ഡി പൂർത്തിയാക്കി ബംഗളൂരു സെന്റ് ജോസഫ് കോളജില്‍ അധ്യാപകനായി. രണ്ടുവർഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് 2009 മുതൽ മുഴുവൻ സമയ പൊതുപ്രവർത്തകനായി.
തന്റെ പഠനവിഷയമായ കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിജൂ കൃഷ്ണൻ, വൈകാതെ ഇന്ത്യയുടെ ഏറ്റവും വലിയ കര്‍ഷക സംഘടന അഖിലേന്ത്യാ കിസാൻ സഭയുടെ ശ്രദ്ധേയനായ നേതാവായി മാറി. 2018ൽ മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മുംബൈവരെ അരലക്ഷം കർഷകരെ അണിനിരത്തി നടത്തിയ 180 കിലോമീറ്റര്‍ കർഷക ലോങ് മാർച്ചിലൂടെയാണ്, അതിന് നേതൃത്വം നൽകിയ വിജൂ പാർട്ടിയിലും ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധേയനാകുന്നത്. അന്ന് കിസാൻ സഭയുടെ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയായിരുന്നു.