ഒറ്റപ്പെട്ടത് ദിവസങ്ങൾ; ചേർത്തുനിർത്തണം ഇനിയെങ്കിലും
text_fields1. വിലങ്ങാട് ഉരുൾപൊട്ടലിന്റെ ആകാശക്കാഴ്ച 2. ഉരുൾപൊട്ടലിൽ നശിച്ച കാർ മണ്ണിനടിയിൽനിന്ന് പുറത്തെടുത്തപ്പോൾ
വടകര: വിലങ്ങാട് ഉരുൾ ദുരന്തം നാട് അറിഞ്ഞതിനേക്കാൾ ഏറെ അറിയാനുണ്ട്. വിലങ്ങാട് ഉരുൾ ഒഴുകിയിറങ്ങിയ ദിനം മുതൽ പുറം ലോകത്ത് ചർച്ചയായത് വിലങ്ങാട് ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലെ നാശനഷ്ടവും കരളലിയിക്കുന്ന കാഴ്ചകളും മാത്രമായിരുന്നു.
പിന്നാക്ക മേഖലയായ പന്നിയേരി, പറക്കാട്, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട് കോളനികളിലുണ്ടായ നാശനഷ്ടങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല. 20 ൽ പരം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതായി മൂന്നുദിവസത്തിന് ശേഷമാണ് പുറത്തറിയുന്നത്.
കുറ്റല്ലൂർ പറക്കാട് പ്രദേശവും വിലങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം തകർന്നതോടെ രണ്ടുപ്രദേശങ്ങൾ തമ്മിലുള്ള ബന്ധം നിലച്ചു. വിലങ്ങാട് മുതൽ പന്നിയേരി വരെയുള്ള വൈദ്യുതി പോസ്റ്റുകൾ തകരുകയും പ്രധാന റോഡുകളിൽ മണ്ണും കല്ലുകളും നിറഞ്ഞതിനാൽ ഇതുവഴിയുള്ള കാൽ നടയാത്രയും ദുഷ്കരമായി.
വൈദ്യുതി താറുമാറായതോടെ വിവരങ്ങൾ പുറത്ത് ലഭിച്ചില്ല. കണ്ണവം വനമേഖലയിൽനിന്നാണ് ഇവിടേക്ക് ഉരുൾപൊട്ടി ഒഴുകിയത്. പ്രദേശത്തെ കോളനികളിലെ നിരവധി വീടുകൾക്ക് ഉരുൾ നാശം വിതച്ചു. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഉരുൾപൊട്ടലിനുശേഷം പ്രദേശത്തുള്ളവർ രക്ഷതേടിയെത്തിയത് കണ്ണൂർ ചെമ്പ്കാവ്, ചേക്കേരി, പെരുവ, കണ്ണവം എന്നിവിടങ്ങളിലെ കോളനികളിലേക്കായിരുന്നു. ഇതുകൊണ്ടുതന്നെ നാശ നഷ്ടത്തിന്റെയും ഉരുൾ നാശം വിതച്ച പ്രദേശങ്ങളെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് ദുരന്തത്തിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്. വിലങ്ങാട് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായത് കണ്ണവം വനത്തിൽനിന്നാണ്. ഇവിടെ നിന്നും ഒഴുകിയിറങ്ങിയ മലവെള്ളപ്പാച്ചിൽ മലയങ്ങാട് കോളനി വഴിയാണ് കടന്നുപോയത്. ഇവിടെയുള്ള നിരവധി വീടുകൾ വാസയോഗ്യമല്ലാതായി അംഗൻവാടി കെട്ടിടം തകർച്ച ഭീഷണിയിലാണ്. ഈ മലവെള്ളപ്പാച്ചിലിലാണ് പുതുതായി പണിത ഉരുട്ടി പാലത്തിന് നാശം വിതച്ചത്. വിലങ്ങാടിനെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഉരുട്ടിപ്പാലം. പാലത്തിന്റെ ഒരു ഭാഗം തകർന്നതോടെ രക്ഷപ്രവർത്തകർ ചുറ്റിക്കറങ്ങിയാണ് ഉരുൾ പൊട്ടിയ ദിവസം വിലങ്ങാട്ട് എത്തിയത്.
മലയങ്ങാട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉരുൾ പൊട്ടലുണ്ടായതിന്റെ ശേഷിപ്പുകളുള്ള പ്രദേശമാണ്. കുറ്റൻ പാറക്കൂട്ടങ്ങൾക്ക് ഇടയിലാണ് ഇവിടെ വീടുകൾ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തുള്ളവർക്ക് പുറത്തേക്ക് കടക്കാനുള്ള പാലം ഉരുളെടുത്തതോടെ മലയങ്ങാട്ടുകാരും രണ്ടുദിവസത്തോളം ഒറ്റപ്പെട്ടു മരത്തടിയിൽ താൽക്കാലിക പാലം പണിതാണ് ഇവർക്ക് പുഴ കടക്കാനായത്.
വിലങ്ങാട് നാശനഷ്ടം കണക്കാക്കാൻ ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇവരുടെ പ്രാഥമിക കണക്കിൽ 100 ൽ പരം ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായെന്നാണ്. ഇതിൽ നിന്നും മനസ്സിലാക്കാം ഉരുൾപൊട്ടലിന്റെ വ്യാപ്തി. നാശ നഷ്ടത്തിന്റെ അന്തിമ റിപ്പോർട്ട് വരാനിരിക്കുന്നേ ഉള്ളു. ഭൂമിയും കൃഷിയും നഷ്ടപ്പെട്ടവരിൽ പുറത്തുളളവരുമുണ്ട്. ഇവർക്കടക്കം വിവരങ്ങൾ കൈമാറാൻ ഈ മാസം 30 വരെ സമയം നൽകിയിട്ടുണ്ട്.
വിലങ്ങാടിനെ നടുക്കിയത് 1924 ലെ ഉരുൾപൊട്ടൽ
വിലങ്ങാട് മലയങ്ങാട് ആദ്യകാലത്ത് ഉരുൾപൊട്ടലിൽ മലയിറങ്ങിയ കൂറ്റൻ കരിങ്കല്ല്
വിലങ്ങാടൻ മലനിരകളിൽ അങ്ങിങ്ങായി കുറ്റൻ പാറക്കൂട്ടങ്ങൾ കാണാം. പാറകൾ ഏതുനിമിഷവും താഴേക്കുപതിക്കാവുന്ന തരത്തിലും പേടിപ്പിക്കുന്ന രീതിയിലുമാണ്. 1924 ൽ തുടർച്ചയായുണ്ടായ പേമാരിയിൽ വിലങ്ങാടിനെ പിടിച്ചുകുലുക്കിയ ഉരുൾ പൊട്ടലിൽ മലയിറങ്ങി വന്നതാണ് ഇത്തരം പാറക്കൂട്ടങ്ങളെന്നാണ് പഴമക്കാർ പറയുന്നന്നത്. അക്കാലത്ത് വെള്ളം ഒഴുകിയറങ്ങിയ പ്രദേശങ്ങൾ പിന്നീട് ചീളി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇത്തരത്തിൽ രൂപപ്പെട്ടതാണ് മഞ്ഞച്ചീളി.
ദുരന്തത്തിൽ കനത്ത നാശമുണ്ടായ പ്രദേശമാണ് വിലങ്ങാട് മഞ്ഞച്ചീളി. ആദ്യകാലത്ത് ഉരുളിൽ വെള്ളം ഒഴുകിയൊലിച്ച ഭാഗങ്ങൾ പലതും പിന്നീട് വാസ കേന്ദ്രങ്ങളായി മാറി. അന്ന് ഉരുളിറങ്ങി പുഴയായി മാറിയ ഭാഗങ്ങളിലൂടെയാന്ന് ഇന്ന് മലവെള്ളപ്പാച്ചിലുണ്ടായത്.
പുനരധിവാസം വിലങ്ങാട് തന്നെയാവണം
ഉരുളിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വിലങ്ങാട് കേന്ദ്രീകരിച്ചുതന്നെ നടപ്പിലാക്കണമെന്ന് ജോണി മുല്ലക്കുന്നേൽ പറഞ്ഞു. കുടുംബങ്ങളെ മറ്റൊരിടത്തേക്ക് പറിച്ചുനടുന്നത് വേദന ജനകമാണ്. വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടായ പ്രദേശമാണ് വിലങ്ങാടിന്റെ മലയോരം. വിലങ്ങാട്-കുഞ്ഞോം മാനന്തവാടി ചുരമില്ല റോഡ് യാഥാർഥ്യമാക്കണം. ഏഴു കിലോമീറ്റർ റിസർവ് വന മേഖലയിലൂടെ റോഡ് ലഭ്യമാക്കിയാൽ വിലങ്ങാടിന്റെ വീണ്ടെടുപ്പിന് സഹായകരമാവും.
ജോണി മുല്ലക്കുന്നേൽ (പ്രദേശവാസി)