ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം; കണ്ടെയ്നറുകളുമായി കൂറ്റൻ കപ്പൽ 12ന് എത്തും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുമ്പുള്ള ട്രയൽ റണ്ണിന് ക്രമീകരണം പൂർത്തിയാവുന്നു. കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ ഈ മാസം 12ന് തുറമുഖത്തെത്തും. യൂറോപ്പിൽനിന്നുള്ള മദർഷിപ്പാണ് നങ്കൂരമിടുകയെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു. 1000 കണ്ടെയ്നറുകൾ ഇതിലുണ്ടാകും. കണ്ടെയ്നറുകൾ മദർ ഷിപ്പിൽനിന്ന് ചെറുകപ്പലുകളിലേക്ക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കാനും തിരികെ കയറ്റാനുമാണ് ലക്ഷ്യമിടുന്നത്. ഒന്നര മാസത്തോളം ട്രയൺ റൺ തുടരും.
സെമി ഓട്ടോമാറ്റിക് ക്രെയിനുകൾ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തിപ്പിക്കാവുന്നവിധമാണ് സജ്ജീകരണം. തുറമുഖത്തിന്റെ ആദ്യഘട്ടം പ്രവർത്തനത്തിനുള്ള ക്രെയിനുകൾ നേരത്തേ ചൈനയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു. അദാനി തുറമുഖ കമ്പനിയുടെ കീഴിലുള്ള മുന്ദ്ര തുറമുഖം വഴി ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം.