ആകാശത്ത് ഇടി മിന്നൽ, കൂറ്റൻ സ്ഫോടന ശബ്ദം, ഭയന്നു വിറച്ച് യുക്രെയിനിൽ നിന്ന് മലയാളി വിദ്യാർഥിയുടെ ശബ്ദ സന്ദേശം
text_fieldsമലപ്പുറം: ''പുലർച്ചെ 5.15 ഓടെ ഇടിമിന്നൽ പോലെ ആകാശത്ത് ദൃശ്യങ്ങൾ. തൊട്ടു പിറകെ എല്ലാവരെയും നടുക്കികൊണ്ട് വൻ സ്ഫോടന ശബ്ദം. റഷ്യ യുക്രെയിന്‍റെ തലസ്ഥാനമായ കീവിൽ ബോംബിട്ടുവെന്ന വിവരമാണ് പിറകെ കിട്ടിയത്. ഇതുവരെ റഷ്യയുടെ ആക്രമണമുണ്ടാവില്ലെന്നായിരുന്നു ഇവിടത്തെ നാട്ടുകാർ ഉറച്ചു വിശ്വസിച്ചിരുന്നത്. ചൊവ്വാഴ്ച വരെ മലയാളി വിദ്യാർഥികളായ ഞങ്ങളും ഇതു തന്നെയാണ് കരുതിയിരുന്നത്. എന്നാൽ ബുധനാഴ്ച പുലർച്ചെ കഥ മാറി.
രാവിലെ ഞങ്ങളുടെ ഹോസ്റ്റൽ നിൽക്കുന്നതിന് 20 കി.മീ അകലെയുള്ള വിമാനത്താവളത്തിൽ നിന്ന് മലയാളിയായ സ്റ്റുഡന്റ്സ് കോൺട്രാക്റ്റർ വിളിച്ചിരുന്നു. റഷ്യൻ സൈന്യം യുക്രെയിൻ തലസ്ഥാനത്ത് ബോംബിട്ടതാണെന്ന് അദ്ദേഹം ടെലിഫോണിൽ അറിയിച്ചപ്പോഴാണ് ആകാശത്ത് കണ്ട മിന്നൽ പിണരും ഭയാനകമായ ശബ്ദവും ബോംബുകളുടെതാണെന്ന് ഞെട്ടലോടെ മനസിലായത്. താമസ സ്ഥലം ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ രാവിലെ തന്നെ വാഹനത്തിൽ പുറത്തിറങ്ങിയിരുന്നു. വെളിച്ചം വെച്ചപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര. പെട്രോൾ പമ്പിലും സൂപ്പർമാർക്കറ്റിലുമെല്ലാം ഉള്ളതും കൈയിലെടുത്ത് പലായനം ചെയ്യുന്നവരുടെ കൂട്ടപ്പൊരിച്ചിൽ. എ.ടി.എമ്മിലെ പണമെല്ലാം തീർന്നിരിക്കുന്നു. ഇന്ധനം കിട്ടിയത് പരിമിതമായാണ്. എല്ലാവരും കിയവിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലേക്ക് പോവുകയാണ്.
അപകടമുണ്ടാവുകയാണെങ്കിൽ ഭയപ്പെടരുതെന്നും ലിഫ്റ്റ് ഉപയോഗിക്കരുതെന്നും കെട്ടിടത്തിന്‍റെ ഭൂഗർഭ നിലയിലേക്ക് പോകണമെന്നുമുള്ള നോട്ടീസ് അപ്പാർട്ട്മെന്റുകളുടെയും ഹോസ്റ്റലുകളുടെയും ചുമരിൽ പതിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ വിദ്യാർഥികളോട് ഹോസ്റ്റലിലേക്കും താമസ സ്ഥലത്തേക്കും മടങ്ങാൻ അറിയിപ്പ് കിട്ടിയതോടെയാണ് ഞങ്ങൾ തിരിച്ചു പോന്നത്. മെട്രോ സ്റ്റേഷനുകളും സബ്വേയ്സും അടുത്ത് തന്നെയുണ്ട്. ആക്രമണമുണ്ടാവുകയാണെങ്കിൽ അങ്ങോട്ട് മാറാൻ ബാഗും തയാറാക്കി ഇരിക്കുകയാണ്. ഹോസ്റ്റലിൽ കഴിയുന്നവരോട് കെട്ടിടത്തിനടിയിലുള്ള ബങ്കറിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടു മൂന്നു ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള വിമാനമെത്തുമെന്നാണ് കേൾക്കുന്നത്. അതാണ് ഏക പ്രതീക്ഷ''. യുക്രെയിൻ തലസ്ഥാന നഗരിക്ക് സമീപം കഴിയുന്ന ശാന്തപുരം സ്വദേശിയും ഒ.ഒ ബോഗോമൊളെറ്റ്സ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയുമായ അലി ശഹീൻ മാധ്യമത്തിന് അയച്ചു തന്ന ശബ്ദ സന്ദേശത്തിൽ റഷ്യൻ അധിനിവേശത്തിന്‍റെ ഭീതി നിറഞ്ഞു നിൽക്കുന്നു.
അലി ശഹീൻ (മുന്നിൽ) സുഹൃത്തുക്കൾക്കൊപ്പം
ശഹീൻ അടക്കം 300 ഓളം മലയാളി വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിലുണ്ട്. കിയവ് ബോറിസ്പിൽ വിമാനത്താവളത്തിന് സമീപത്തെ ബോംബാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായാണ് കേൾക്കുന്നതെന്ന് ശഹീൻ പറഞ്ഞു. റഷ്യയോടൊപ്പം ചേരാൻ നിൽക്കുന്ന രണ്ട് സ്റ്റെയിറ്റുകളായ ഡൊണാസ്ക്, ലുഹാൻസ്ക് എന്നിവ അവരുടെ അധീനതയിലായിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഏറ്റുമുട്ടലുകളൊന്നുമില്ലാതെയാണ് അത് നടന്നത്. അതുകൊണ്ടാണ് യുക്രെയിന്‍റെ മറ്റു ഭാഗങ്ങളിലുള്ളവർ യുദ്ധമുണ്ടാവില്ലെന്ന് കരുതിയിരുന്നത്. രക്ഷിതാക്കൾ മടങ്ങണമെന്നാവശ്യപ്പെട്ടപ്പോഴും ഞാൻ അടക്കമുള്ളവർ ഇവിടെ തങ്ങിയതും ഈ ധാരണയിലാണ്.
എന്നാൽ രണ്ടു പ്രദേശങ്ങളും പിടിച്ചെടുത്ത റഷ്യൻ സൈന്യം തിരിച്ചു പോകാത്തത് യുക്രെയിൻ മുഴുവൻ അധീനതയിലാക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു. തലസ്ഥാന സഗരിയുടെ 20 ശതമാനം ഇതിനകം അവർ പിടിച്ചെടുത്തു. അതിർത്തി പ്രദേശങ്ങളിലെ കാർക്കീവ് പോലുള്ള രണ്ടോ മൂന്നോ സ്റ്റെയിറ്റുകൾ റഷ്യ പിടിച്ചെടുത്തതായും കേൾക്കുന്നു. റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ യുക്രെയിൻ വെടിവെച്ചിട്ടുവെന്ന് പറയുന്നുണ്ടെങ്കിലും വൻ ശക്തിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ യുക്രെയിന് സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായി അറിയാൻ ഒരു സംവിധാനവുമില്ല. ഇന്ത്യൻ എംബസിയുടെ അറിയിപ്പ് കിട്ടിയിരുന്നു. അതിലാകെയുള്ളത് ഫോൺ ചാർജ് ചെയ്ത് വെക്കണം, പവർ ബാങ്ക് കൈയിൽ കരുതണം, ഭക്ഷണം ശേഖരിച്ചുവെക്കണം തുടങ്ങിയ നിർദേശങ്ങളാണെന്നും ശഹീൻ പറഞ്ഞു.