ഇ.വി.എം വോട്ടും പോൾ ചെയ്ത വോട്ടും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവി പാറ്റ് സ്ലിപ് എണ്ണും; ഓരോ മണ്ഡലത്തിലും അഞ്ച് വീതം ബൂത്തുകളിൽ നിർബന്ധമായും എണ്ണും
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു. മെയ് 4നാണ് വോട്ടെണ്ണൽ. രാവിലെ എട്ട് മണിക്ക് തന്നെ എണ്ണിത്തുടങ്ങും. സംസ്ഥാനത്താകെ 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്.
ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എണ്ണും. ഇ.വി.എമ്മിലെ വോട്ടുകളും ബൂത്തിൽ പോൾ ചെയ്ത വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടാൽ പ്രസ്തുത ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തും.
വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടത്തുന്നതിനായി ആകെ 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അഡീഷണൽ എ.ആർ.ഒ-മാർ, 4208 സൂക്ഷ്മനീരീക്ഷകർ, 4208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
ആദ്യമെണ്ണുക തപാൽ വോട്ട്
ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ഇതിനായി ഓരോ 500 ബാലറ്റുകൾക്കും ഒരു ടേബിളും ഒരു എ.ആർ.ഒയും എന്ന നിലയിൽ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിനായി ഓരോ കേന്ദ്രത്തിലും പരമാവധി 14 കൗണ്ടിങ് ടേബിളുകൾ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക.
സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വീഡിയോ റെക്കോർഡിംഗോട് കൂടിയായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. വോട്ടെണ്ണൽ വേളയിൽ കൺട്രോൾ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്ത് വെക്കും. കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോ റൗണ്ടിലും രണ്ട് ഇ.വി.എമ്മുകൾ ഒബ്സർവർമാർ റാൻഡം ആയി പരിശോധിക്കും.
വോട്ടെണ്ണൽ ഹാളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇ.സി.ഐ ഒബ്സർവർക്കും റിട്ടേണിംഗ് ഓഫീസർക്കും ഒടിപി ആവശ്യങ്ങൾക്കായി മാത്രമേ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ ഫോണുകൾ പുറത്ത് സജ്ജീകരിച്ചിട്ടുള്ള യൂണിറ്റിൽ ഏൽപ്പിക്കണം.
വോട്ടെണ്ണൽ ഏജന്റുമാർ തിരിച്ചറിയൽ കാർഡ് വ്യക്തമായി ധരിക്കുകയും വോട്ടെണ്ണൽ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഹാജരാവുകയും വേണം. ഇ.വി.എമ്മുകളിലോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളിലോ തൊടാൻ ഇവർക്ക് അനുവാദമില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാൻ പാടില്ല.
വോട്ടെണ്ണൽ പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടായ ഇൻഡക്സ് കാർഡ് തയ്യാറാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.


