2002ൽ പേര് കണ്ടില്ല; അഹ്മദ് തപ്പിയെടുത്തത് 1964ലെ വോട്ടർ പട്ടിക!
text_fields1964 ലെ വോട്ടർപട്ടിക
തൃക്കരിപ്പൂർ: 1964ൽ 21കാരനായ പൊറോപ്പാട്ടെ എം.കെ. അഹ്മദ് അന്നത്തെ വോട്ടർപട്ടിക കണ്ടെത്തി. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് 2002ലെ പട്ടിക പരിശോധിച്ചപ്പോൾ ഇപ്പോൾ 81കാരനായ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. പ്രാദേശിക ചരിത്രരചനക്കായി രേഖകൾ ശേഖരിക്കുന്ന ബന്ധുകൂടിയായ വി.എൻ.പി. ഫൈസലാണ് അഹ്മദ് ഉൾപ്പെട്ട ആറുപതിറ്റാണ്ട് പ്രായമുള്ള 1964ലെ പട്ടിക കണ്ടെത്തിയത്.
അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമാണ് തൃക്കരിപ്പൂർ കടപ്പുറം എന്നറിയപ്പെട്ട ഈ പ്രദേശം. നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. അന്ന് തൃക്കരിപ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്. 1964 ജനുവരി ഒന്നിലാണ് പട്ടിക അന്തിമമാക്കിയിട്ടുള്ളത്.
പിതാവ്, മാതാവ് എന്നിവർക്ക് പുറമെ കാരണവരെക്കൂടി ബന്ധുക്കളുടെ പട്ടികയിൽപെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പക്കലുള്ള നാലുപേജ് പട്ടികയിൽ 820 പേരുണ്ട്. ഭൂരിഭാഗവും ഇന്നത്തെ വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ, തൃക്കരിപ്പൂർ കടപ്പുറം പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പട്ടികയിൽ 178ാമനായാണ് അഹ്മദുള്ളത്. കൂടെ പിതാവ് വി.എൻ. മുഹമ്മദും വീട്ടുകാരും. 2025ൽ റദ്ദാക്കിയ വോട്ടർപട്ടികയിൽ ഉള്ളതിനാൽ എസ്.ഐ.ആർ ഫോറം ലഭിച്ചിട്ടുണ്ട്.


