ഗതിമാറ്റി ഒഴുക്കിയ മലമ്പുഴ
text_fieldsഒരതിശയംകണക്കെ പാലക്കാടൻ കാറ്റിൽ വി.എസ് ഉലയാതെ നിന്നത് പാർട്ടിയുടെ നെറ്റിചുളിപ്പിച്ച വിഭാഗീയതയുടെ കാലത്തായിരുന്നു. 1996ൽ മാരാരിക്കുളത്ത് നേരിട്ട അപ്രതീക്ഷിത തോൽവിതന്നെയായിരുന്നു ഇതിന് നിമിത്തമായത്. ഇടതുമുന്നണി ഭൂരിപക്ഷം നേടുകയും ഇ.കെ. നായനാർ ഒരിക്കൽകൂടി മുഖ്യമന്ത്രിയാകുകയും ചെയ്ത നാളുകളിൽ ആലപ്പുഴയിൽനിന്ന് തുടങ്ങിയ വി.എസിെൻറ കരുനീക്കം ചെന്നെത്തിയത് പറമ്പിക്കുളം ഘോരവനത്തിലായിരുന്നു. പറമ്പിക്കുളം-ആളിയാർ ജല കരാർ തമിഴ്നാട് ലംഘിക്കുന്നുവെന്ന മുറവിളിക്ക് കരാർ രൂപപ്പെട്ടതു മുതൽ പഴക്കമുണ്ടെങ്കിലും ഇത് മൂർച്ചയുള്ള ആയുധമാക്കിയായിരുന്നു വി.എസിെൻറ വനയാത്ര.
സി.പി.എമ്മിനും സംസ്ഥാന സർക്കാറിനും ഏറെ തലവേദന സൃഷ്ടിച്ച് രണ്ടു ദിനരാത്രങ്ങൾ ഈ രാഷ്ട്രീയക്കാരണവർ പറമ്പിക്കുളം കാട്ടിലൂടെ സഞ്ചരിച്ചു. കൂടെ ഏക്കാലവും വി.എസിെൻറ ഗുഡ്ബുക്കിലുള്ള ഇപ്പോഴത്തെ ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയും. മാധ്യമപ്പട തന്നെ വി.എസിനോടൊപ്പം കൂടി. വി.എസ് പക്ഷത്തോട് ആഭിമുഖ്യമുണ്ടെന്ന വിശേഷണമുള്ള എം. ചന്ദ്രനായിരുന്നു അപ്പോൾ സി.പി.എം ജില്ല സെക്രട്ടറി. യാത്രയുടെ ആദ്യനാൾ പറമ്പിക്കുളത്തെ തമിഴ്നാട് ഗെസ്റ്റ് ഹൗസിൽ പരമ്പരാഗത കലാപ്രകടനങ്ങളോടെ ആദിവാസികൾ സ്വീകരിക്കാനെത്തിയത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കണ്ടത്. മാരാരിക്കുളത്ത് തോൽക്കുകയും പാർട്ടിയിൽ ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്ത വി.എസിെൻറ പുതിയ രാഷ്ട്രീയായുധമായി മാറിയ ഈ യാത്ര അടുത്ത തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിലേക്കുള്ള വാതിൽ തുറന്നിടുകയായിരുന്നു.
1998ലെ പാർട്ടിയുടെ പാലക്കാട് സംസ്ഥാന സമ്മേളനം സി.ഐ.ടി.യു പക്ഷത്തെ വെട്ടിനിരത്തിയതിലൂടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. വി.എസിെൻറ നേതൃത്വത്തിൽ അന്ന് നടത്തിയ കരുനീക്കങ്ങളുടെ അലയൊലികൾ വളരെക്കാലം നീണ്ടു. സി.െഎ.ടി.യു പക്ഷത്തിെൻറ പരാതി കേന്ദ്ര കമ്മിറ്റിവരെ എത്തുകയും വി.എസിന് പാർട്ടി നടപടി നേരിടേണ്ടിവരുകയും ചെയ്തു.
പാർട്ടി ജയിക്കുമ്പോഴെല്ലാം വി.എസ് തോൽക്കുകയും പാർട്ടി തോൽക്കുമ്പോൾ വി.എസ് ജയിക്കുകയും ചെയ്യുന്ന പ്രതിഭാസത്തിന് വിരാമമായത് മലമ്പുഴ മണ്ഡലത്തിലേക്കുള്ള കടന്നുവരവോടെയാണ്. സംഘടനരംഗത്തു മാത്രം ശ്രദ്ധയൂന്നുകയും തിരുവിതാംകൂറിൽ ഒതുങ്ങിക്കൂടുകയും ചെയ്ത വി.എസ്, കേരളത്തിെൻറ ‘മാസ് ലീഡറാ’യി പരിവർത്തിക്കപ്പെട്ടത് പാലക്കാട്ടേക്കുള്ള കൂടുമാറ്റത്തോടെയാണ്.
2001ൽ മലമ്പുഴയിൽ വിഭാഗീയതയുടെ അടിയൊഴുക്കുകളെ തട്ടിമാറ്റി അയ്യായിരത്തിൽ താഴെ വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ വി.എസിെൻറ കണക്കുകൂട്ടലുകളൊന്നും പിന്നീട് പിഴച്ചില്ല. ആ തെരഞ്ഞെടുപ്പിൽ എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലേറിയെങ്കിലും പ്രതിപക്ഷനേതാവിെൻറ ‘പവർ’ എന്താണെന്ന് കേരളം ശരിക്കും അറിഞ്ഞു. പരിസ്ഥിതിയും സ്ത്രീസുരക്ഷയുമടക്കം ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള വി.എസിെൻറ പടയോട്ടം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊടുങ്കാറ്റായപ്പോൾ അതിന് തണൽ വിരിച്ചത് മലമ്പുഴ മണ്ഡലമായിരുന്നു.
2006ൽ മലമ്പുഴയിൽ വി.എസിന് സീറ്റ് നിഷേധിച്ചെങ്കിലും ജനകീയ സമ്മർദങ്ങൾക്കു മുന്നിൽ പോളിറ്റ്ബ്യൂറോക്ക് തീരുമാനം മാറ്റേണ്ടിവന്നു. രണ്ടാംതവണയും മലമ്പുഴയിൽ സ്ഥാനാർഥിയായ വി.എസിെൻറ പാലക്കാേട്ടക്കുള്ള വരവ് ശരിക്കും രാജകീയമായിരുന്നു. അമൃത എക്സ്പ്രസിൽ വന്നിറങ്ങിയ വി.എസിനെ സ്വീകരിക്കാൻ പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയത് ആയിരക്കണക്കിനാളുകൾ.
സാധാരണ മൂന്നാംപ്ലാറ്റ്ഫോമിൽ വരാറുള്ള അമൃത എക്സ്പ്രസ്, വി.എസിനെ സ്വീകരിച്ചാനയിക്കുന്നതിനായി അധികൃതർ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റിനിർത്തി. വി.എസ് മലമ്പുഴയിൽനിന്നു രണ്ടാമതും നിയമസഭയിലെത്തിയത് ഇരുപതിനായിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന്. ഇതോടെ ഇ.കെ. നായനാർക്കുശേഷം മലമ്പുഴയിൽനിന്നും മറ്റൊരു മുഖ്യമന്ത്രിയുണ്ടായി.


