വി.എസ് അച്യുതാനന്ദൻ; അന്ന് വിഭാഗീയതയുടെ, പിന്നെ ജനങ്ങളുടെ ക്യാപ്റ്റൻ
text_fieldsപേരുദോഷങ്ങളിൽ നിന്ന് പേരും പെരുമയും ആർജിച്ച് ജനകീയനായി വളർന്ന ചരിത്രമാണ് വി.എസ് അച്യുതാനന്ദന്റെ ജീവിതത്തിന്റേത്. കാൽ നൂറ്റാണ്ട് മുമ്പ് വരെ ഉണ്ടായിരുന്ന പ്രതിഛായയല്ല പിന്നീട് ഇങ്ങോട്ട് അദ്ദേഹം നേടിയെടുത്തത്. വിഭാഗീയതയുടെ ക്യാപ്റ്റൻ, വെട്ടിനിരത്തൽ സമരക്കാരൻ തുടങ്ങിയ വിളിപേരുകളിൽ നിന്നും മലയാളികളുടെയാകെ മനസിൽ ഒരിടം വെട്ടിപ്പിടിച്ചെടുക്കുന്നതിലേക്കുള്ള മുന്നേറ്റമാണ് കണ്ടത്.
1980 മുതൽ 1991 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായാണ് പാർട്ടിക്കാർക്കിടയിൽ പോലും അറിയപ്പെട്ടത്. 1990ൽ ആലപ്പുഴയിൽ നെൽപാടം നികത്തുന്നതിനെതിരായി നടന്ന വെട്ടിനിരത്തൽ സമരത്തോടെയാണ് അച്യുതാനന്ദന്റെ നയം പൊതു ചർച്ചയായി മാറിയത്. പാർട്ടി സെക്രട്ടറിയായിരിക്കെ സി.ഐ.ടി.യു വിഭാഗത്തിന് സി.പി.എമ്മിലുണ്ടായിരുന്ന അപ്രമാദിത്വം വെട്ടിനിരത്തിയതാണ് വിഭാഗീയതയുടെ ക്യാപ്റ്റൻ എന്ന വിളിപ്പേര് ചാർത്തി നൽകിയത്. പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനം പാർട്ടി പൊളിറ്റ്ബ്യൂറോ തന്നെ ഉന്നയിച്ചിട്ടുണ്ട്.
ട്രേഡ് യൂണിയൻ നേതാവും മലബാറുകാർക്കിടയിലെ ജനപ്രിയ നേതാവുമായ ഒ. ഭരതൻ മുതൽ കരുത്തനായ യുവനേതാവ് ടി.ജെ ആഞ്ചലോസ് വരെ അറിയപ്പെടുന്ന നിരവധി നേതാക്കളെയാണ് ശത്രു പക്ഷത്ത് നിർത്തി നേരിട്ടത്. സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെകട്ടറി കെ.എൻ. രവീന്ദ്രനാഥ്, സി.ഐ.ടി.യു അഖിലേന്ത്യാ നേതാവും എൽ.ഡി.എഫ് മുൻ കൺവീനറുമായ എം.എം ലോറൻസ്, ദേശാഭിമാനിയുടെ വളർച്ചയിൽ വിലപ്പെട്ട സംഭാവന നൽകിയ അസോസിയേറ്റ് എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സി.ഐ.ടി.യു നേതാവ് വി.ബി.ചെറിയാൻ, മുൻ സ്പീക്കർ എ.പി.കുര്യൻ, ഗ്രന്ഥശാലാസംഘം സെക്രട്ടറി ഐ.വി. ദാസ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ പ്രതികാര ബുദ്ധിക്ക് പാത്രങ്ങളായി. ഇത് പാർട്ടി അണികളിൽ ഒരുവിഭാഗം വി.എസിനെതിരെ തിരിയുന്ന നിലയിലെത്തിച്ചു.
പാർലമെന്ററി വ്യാമോഹം കലശലായ നേതാവ് എന്ന പേരുദോഷവും കേട്ടു. പാർട്ടി സെക്രട്ടറിയായിരിക്കെ പാര്‍ലമെന്ററി രംഗത്തുള്ളവര്‍ സംഘടനാ രംഗത്തേക്കും സംഘടനാ രംഗത്തുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മടങ്ങുക എന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത് വി.എസ് തന്നെയാണ്. ഇ.കെ നായനാര്‍ സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമാകുക എന്നതായിരുന്നു അതിന്റെ കാതല്‍.
1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായി നടന്ന പാർട്ടി സമ്മേളനങ്ങളിലും ആസൂത്രിതമായ ഗ്രൂപ്പു പ്രവർത്തനം നടന്നുവെന്ന് അന്ന് നിയോഗിച്ച പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘടനാ കമ്മിറ്റി കണ്ടെത്തിയിരുന്നു. കേരളത്തിലെ പാർട്ടിയിൽ വി.എസ്. അച്യുതാനന്ദനും ഇ.ബാലാനന്ദനും നേതൃത്വം നൽകുന്ന രണ്ട് ഗ്രൂപ്പുകൾ സജീവമാണെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടി. ഇതോടെയാണ് വിഭാഗീയതയുടെ ക്യാപ്റ്റൻ എന്ന പേരുപതിഞ്ഞത്.
അന്ന് “ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പേരിൽ ഓരോ സംഘടനാ തിരഞ്ഞെടുപ്പിലും ഗ്രൂപ്പിസം ശക്തിപ്പെടുന്നു’’ എന്ന് ഇ.എം.എസ് പാർട്ടി പൊളിറ്റ് ബ്യൂറോക്ക് നൽകിയ കുറിപ്പിൽ ചൂണ്ടികാട്ടി. ഇ.എം.എസ് അവസാനമായി നിർവഹിച്ച സുപ്രധാനമായ സംഘടനാദൗത്യം എന്നുപോലും അത് വിശേഷിപ്പിക്കപ്പെട്ടു.
1996-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടതോടെ വിഭാഗീയതയുടെ ക്യാപ്ടൻ തന്നെ അതിന് ഇരയുമായി എന്ന് വിശേഷിപ്പിക്കപ്പെട്ടു. അന്നത്തെ പരാജയത്തിന് കാരണക്കാരെന്ന് മുദ്രകുത്തി ടി.ജെ ആഞ്ചലോസ്, ടി.കെ പളനി തുടങ്ങിയവരെ വി.എസ് വെട്ടിനിരത്തി എന്ന് ആരോപണമുയർന്നു. അതാണ് ടി.ജെ ആഞ്ചലോസിനെ സി.പി.ഐയിൽ അഭയം തേടുന്നതിൽ കൊണ്ടെത്തിച്ചതെന്ന് ഇന്നും ഇവിടെ പാർട്ടിക്കാർ തന്നെ പറയുന്നു. ഗൗരിയമ്മയെ പാർട്ടിവിടുന്നതലേക്ക് നയിച്ചതും പാർട്ടിക്കുള്ളിലെ വി.എസിന്റെ ഒളിപോരുകളായിരുന്നുവെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിലില്ലാത്ത പ്രതിഭാസമായിരുന്നു 1998ലെ സേവ് സി.പി.എം ഫോറം ബുള്ളറ്റിൻ. വിഭാഗീയത കൊടികുത്തിവാണ കാലമായിരുന്നു അത്. ബുള്ളറ്റിൻ പിടിവള്ളിയാക്കി വിരോധമുള്ളവരെ അതിന്റെ പേരിൽ വകവരുത്തുന്ന തന്ത്രമാണ് വി.എസ് പക്ഷം സംസ്ഥാന വ്യാപകമായി സ്വീകരിച്ചത്.
2001-2006 നിയമസഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ ജന പക്ഷത്തു നിന്ന് നടത്തിയ പോരാട്ടങ്ങളിലൂടെ വി.എസ് മലയാളികളുടെ മനസിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
രാഷ്ട്രീയമായി എതിർ നിലപാടുള്ള സാധാരണക്കാർ പോലും വി.എസിന്റെ ‘ഫാൻ’ ആയിമാറുന്നതാണ് പിന്നീട് കേരളം കണ്ടത്. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചതിലൂടെ ബഹുജനനേതാവിന്റെ പ്രതിച്ഛായ നേടിയെടുക്കുകയായിരുന്നു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, കിളിരൂർ പെൺവാണിഭ കേസ്, 2007ൽ മൂന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ നടപടി, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്ഥമായി സ്വീകരിച്ച പരസ്യനിലപാടുകൾ, തുടങ്ങിയവ പൊതു സമൂഹത്തിൽ അദ്ദേഹത്തിന് വിശ്വാസ്യത കൂടാൻ കാരണമായി.