വി.എസ് വീണ്ടും എ.കെ.ജി സെന്ററിൽ; സമര നായകനായല്ല, ചരിത്രമായി
text_fieldsതിരുവനന്തപുരം: സമര പോരാളി, പാർട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ ഒരുപാടുതവണ എ.കെ.ജി സെൻററിലെത്തിയ വി.എസ്. അച്യുതാനന്ദൻ ആയിരങ്ങൾക്ക് നടുവിലൂടെ വിപ്ലവ സൂര്യനായി വീണ്ടുമെത്തി. നൂറ്റാണ്ടിന്റെ സമരചരിത്രമായി... മണ്ണിനും മനുഷ്യർക്കുമുള്ള പോരാട്ടങ്ങളിലൂടെ അവരുടെ ഹൃദയത്തിലിടം നേടിയ വി.എസിന്റെ ഈ വരവ് കാത്തുനിന്ന നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ഉള്ളുലക്കുന്നതായിരുന്നു. ചേതനയറ്റ ആ മുഖത്തുനിന്ന് സമര തീഷ്ണമായ ചിരി മാഞ്ഞിരുന്നു. സമര വീര്യത്തിന്റെ സമാനതകളില്ലാത്ത ഒരു യുഗത്തിന്റെ അവസാനമെന്ന് ആ ജനസാഗരത്തിന് അറിയാമെങ്കിലും അവർ ആർത്തുവിളിച്ചു. കണ്ണേ ... കരളേ... വീ.എസേ... ഇല്ലാ...ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ...
വി.എസിന്റെ വിയർപ്പിൽകൂടി ഉയർന്നതാണ് എ.കെ.ജി സെൻറർ. വി.എസ് നേതൃനിരയിലുള്ളപ്പോൾ ഇതായിരുന്നു പാർട്ടി ആസ്ഥാനം. അദ്ദേഹത്തെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായി നിശ്ചയിച്ച ഒട്ടനവധി സുപ്രധാന തീരുമാനങ്ങളുണ്ടായത് ഇവിടെവെച്ചാണ്. അടുത്തിടെയാണ് ഇതിനെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രമാക്കി സമീപത്ത് പുതിയ ആസ്ഥാനം പാർട്ടി നിർമിച്ചത്.
വി.എസിന്റെ മരണ വിവരം പുറത്തുവന്നപ്പോൾ മുതൽ എ.കെ.ജി സെൻററിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു. ആശുപത്രിയിൽനിന്ന് രാത്രി 7.20ഓടെ ഭൗതിക ശരീരം എത്തിക്കുമ്പോഴേക്കും എ.കെ.ജി സെൻറർ പരിസരം ജനനിബിഡമായി. അവസാനമായി പ്രിയ സഖാവിനെ ഒരുനോക്കുകാണാനുള്ള ആളുകളായിരുന്നു എങ്ങും. എ.കെ.ജി സെന്ററിലെത്തിച്ച വി.എസിന്റെ ഭൗതിക ശരീരത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് ചെമ്പതാക പുതപ്പിച്ചു. മന്ത്രിമാരടക്കം നേതാക്കളെല്ലാം പുഷ്പവും പുഷ്പചക്രവും അർപ്പിച്ചും മുഷ്ടി ചുരുട്ടി റെഡ് സല്യൂട്ട് നൽകിയും അന്തിമോപചാരമേകി. പിന്നാലെ കാത്തുനിന്ന ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങി അർധരാത്രിയോടെ ഭൗതിക ദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക്.