Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൺപ്രതിമയിൽ അച്ഛന്റെ...

മൺപ്രതിമയിൽ അച്ഛന്റെ പുഞ്ചിരി; അതെ, ഇത് അച്ഛൻ തന്നെ..., വി.എസിന്റെ ശിൽപം കണ്ട് അരുൺകുമാർ മടങ്ങി

text_fields
bookmark_border
മൺപ്രതിമയിൽ അച്ഛന്റെ പുഞ്ചിരി; അതെ, ഇത് അച്ഛൻ തന്നെ..., വി.എസിന്റെ ശിൽപം കണ്ട് അരുൺകുമാർ മടങ്ങി
cancel

പയ്യന്നൂർ: കേരളം നെഞ്ചോടു ചേർത്തുവെച്ച ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ ശിൽപം കാണാനെത്തിയ മകൻ അരുൺകുമാർ ആദ്യം അൽപം മൗനത്തിലായിരുന്നു.

കേരളം കണ്ണീർ പൊഴിച്ച് യാത്രയാക്കിയ പിതാവിന്റെ ഓർമകൾ ആ മുഖത്ത് വായിച്ചെടുക്കാം. അധികം താമസിയാതെ ശിൽപി ഉണ്ണി കനായിയെ അരികിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഒപ്പം മൺപ്രതിമ ഫൈബറിലേക്ക് മാറ്റുന്നതിനുമുമ്പുള്ള ചെറിയ കൂട്ടിച്ചേർക്കലുകൾ നിർദേശിച്ചു. അതേ ശിൽപം അധികം മാറ്റമില്ലാതെ പൂർത്തീകരിക്കാൻ സ്നേഹപൂർവം ആവശ്യപ്പെട്ടാണ് അച്ഛനെ നിഴൽപോലെ പിന്തുടർന്ന മകൻ മടങ്ങിയത്.

സി.പി.എമ്മിന്റെ സ്ഥാപകനേതാവും മുൻ കേരളാ മുഖ്യമന്ത്രിയും ജനകീയ കമ്മ്യൂണിസ്‌റ്റുമായ അച്യുതാനന്ദന്റെ ശിൽപം ഒരുങ്ങുന്നത് പയ്യന്നൂർ കാനായിയിൽ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ്. ആലപ്പുഴയിൽ വി.എസിന്റെ വീട്ടിലേക്കാണ് മൂന്നര അടി ഉയരമുളള അർധകായ ശിൽപം നിർമിക്കുന്നത്.

ഫൈബർ ഗ്ലാസിൽ പൂർത്തിയാക്കി വെങ്കല നിറം പൂശിയാണ് ഉണ്ണി കാനായി ശിൽപം നിർമിക്കുന്നത്. ചിരിക്കുന്ന മുഖത്തോടുകൂടി ആളുകളെ നോക്കുന്ന രീതിയിലാണ് ശിൽപം രൂപകൽപന ചെയ്തത്. മകൻ അരുൺ കുമാറിന്റെ നിർദേശ പ്രകാരമാണ് ഉണ്ണികാനായി പ്രതിമയൊരുക്കുന്നത്. ആദ്യം കളിമണ്ണിൽ നിർമിച്ച ശിൽപം വിലയിരുത്താനാണ് മകൻ അരുൺ കുമാർ കാനായിയിലെ ശിൽപിയുടെ പണിപ്പുരയിലെത്തിയത്. വി.എസിന്റെ ഒന്നാം ചരമദിനമായ ജൂലൈ 21ന് ആലപ്പുഴയിൽ വി.എസിന്റെ വീട്ടിൽ ശിൽപം സ്ഥാപിക്കും.

മുൻ മന്ത്രിയും സി.പി.എം പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ശിൽപവും കോടിയേരിയുടെ തലശ്ശേരിയിലെ വീട്ടിലേക്കായി ഉണ്ണി കാനായി നിർമിച്ചിരുന്നു.

Show Full Article
TAGS:VS Achuthanandan arun kumar statue unni kanayi payyannur 
News Summary - VS Achuthanandan's statue being made in Payyannur, son Arun Kumar reviews it
Next Story