Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭീകരരുടെ പേരിൽ,...

'ഭീകരരുടെ പേരിൽ, അവരുടെ മതത്തിന്റെ പേരിൽ, ഇന്ത്യയിലെ ഒരു മുസ്‌ലിമിനും തലകുനിക്കേണ്ട കാര്യമില്ല'; ഗുജറാത്ത് വംശഹത്യക്ക് സംഘ് പരിവാർ കളമൊരുക്കിയതിനെ ഓർമപ്പെടുത്തുന്ന കാമ്പയ്നാണ് ഇപ്പോൾ നടക്കുന്നതെന്ന് വി.ടി.ബൽറാം

text_fields
bookmark_border
ഭീകരരുടെ പേരിൽ, അവരുടെ മതത്തിന്റെ പേരിൽ, ഇന്ത്യയിലെ ഒരു മുസ്‌ലിമിനും തലകുനിക്കേണ്ട കാര്യമില്ല; ഗുജറാത്ത് വംശഹത്യക്ക് സംഘ് പരിവാർ കളമൊരുക്കിയതിനെ ഓർമപ്പെടുത്തുന്ന കാമ്പയ്നാണ് ഇപ്പോൾ നടക്കുന്നതെന്ന് വി.ടി.ബൽറാം
cancel

പാലക്കാട്: ഗോധ്രയിലെ ട്രെയിൻ തീവെപ്പിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഗുജറാത്ത് എന്ന സംസ്ഥാനം മുഴുവൻ മുസ്‌ലിം വംശഹത്യക്ക് സംഘ് പരിവാർ കളമൊരുക്കിയത് എന്നതിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള അക്രമോത്സുക ക്യാമ്പയിനാണ് ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണ വിഷയത്തിലും കാണാനാകുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. കൃത്യമായ അജണ്ട വച്ച് നാട്ടിൽ വെറുപ്പ് പടർത്തുന്നവർക്കെതിരെ നമുക്ക് നിലപാട് എടുത്തേ പറ്റൂവെന്നും കേരള പോലീസും ഇക്കാര്യത്തിൽ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശത്രുരാജ്യത്തിന്റെ ഈ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇന്ത്യൻ പൗരന്മാരാണ് കശ്മീർ ജനത. അതുകൊണ്ടുതന്നെ കശ്മീരിലെ ഭീകരരുടെ പേരിൽ അവരുടെ മതത്തിന്റെ പേരിൽ ഇന്ത്യയിലെ ഒരു മുസ്‌ലിമിനും തലകുനിക്കേണ്ട കാര്യമില്ലെന്നും ബൽറാം തുറന്നടിച്ചു.

കശ്മീരിലെ ഈ ഭീകരവാദികൾ ഇപ്പോൾ കൊന്നത് ടൂറിസ്റ്റുകൾക്കിടയിലെ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ചാണെങ്കിൽ ഇതുവരെയുള്ള തീവ്രവാദി ആക്രമണങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടുകാരായ മുസ്‌ലിംകൾ തന്നെയാണ്. പെഹൽഗാമിലും ടൂറിസ്റ്റുകളെ രക്ഷിക്കാൻ തീവ്രവാദികളോട് പൊരുതി രക്തസാക്ഷിയായ സയ്യിദ് ആദിൽ ഹുസൈൻ ഷായും മുസ്‌ലിം തന്നെയാണ്. രാത്രി തന്നെ മെഴുകുതിരികളുമേന്തി നാടിന്റെ സമാധാനത്തിനായി തെരുവിലിറങ്ങിയതും ഭീകരവാദികൾക്കെതിരെ മുദ്രാവാക്യം വിളിച്ചതും അവിടത്തെ മുസ്‌ലിംകൾ തന്നെയാണ്. അതുകൊണ്ടാണ് ഭീകരതക്ക് മതമില്ല എന്ന് സാമാന്യ ബോധമുള്ളവർ പറയുന്നത്. എത്ര വൈകാരികത മുറ്റി നിൽക്കുന്ന വേളയിലാണെങ്കിലും അത് പറഞ്ഞേ പറ്റൂവെന്നും വി.ടി.ബൽറാം പറഞ്ഞു.

വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഭീകരതക്ക് മതമുണ്ട്, അതൊരു പ്രത്യേക മതം മാത്രമാണ് എന്ന ആക്രോശമായിരുന്നു തുടക്കം മുതൽ സംഘികളുടേയും ക്രിസംഘികളുടേയും മുന്നകളുടേയും വക. അവരുടെ ഐടി സെൽ സൃഷ്ടിച്ച് നൽകിയ ടെംപ്ലേറ്റ് പ്രതികരണത്തിന്റെ പതിനായിരക്കണക്കിന് ആവർത്തനം മാത്രമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ നിറയെ. അതല്ലാത്ത ഒരു സ്വതന്ത്ര പ്രതികരണത്തേയും അനുവദിച്ച് തരില്ല എന്ന നിലയിലുള്ള അഴിഞ്ഞാട്ടമായിരുന്നു കമന്റ് ബോക്സ് നിറയെ.

ഗോധ്രയിലെ ട്രെയിൻ തീവെപ്പിന് തൊട്ടുപിന്നാലെ അതൊരു 'സുവർണ്ണാവസര'മായി എടുത്ത് എങ്ങനെയാണ് ഗുജറാത്ത് എന്ന സംസ്ഥാനം മുഴുവൻ മുസ്ലീം വംശഹത്യക്ക് സംഘ് പരിവാർ കളമൊരുക്കിയത് എന്നതിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള അക്രമോത്സുക ക്യാമ്പയിനാണ് ഈ ഭീകരാക്രമണ വിഷയത്തിലും കാണാനാവുന്നത്. അന്നില്ലാതിരുന്ന സോഷ്യൽ മീഡിയ കൂടി ഇന്ന് വികാരം കുത്തിയിളക്കാൻ ഉപയോഗിക്കുന്നുണ്ട് എന്ന് കൂടി ഓർക്കണം. ഇതിന് മുൻപിൽ നമുക്ക് പകച്ചുനിൽക്കാനാവില്ല. കൃത്യമായ അജണ്ട വച്ച് നാട്ടിൽ വെറുപ്പ് പടർത്തുന്നവർക്കെതിരെ നമുക്ക് നിലപാട് എടുത്തേ പറ്റൂ. കേരള പോലീസും ഇക്കാര്യത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കണം.

കശ്മീരിലെ ഭീകരവാദികൾ മുസ്ലീങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരായിരിക്കാം, യുപിയിലും ബിഹാറിലും ഗുജറാത്തിലുമൊക്കെ ജയ് ശ്രീറാം വിളിച്ച് പശുവിന്റെ പേരിൽ മറ്റുള്ളവരെ തല്ലിക്കൊല്ലുന്ന ഭീകരവാദികൾ ഹിന്ദുക്കൾ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ളത് പോലെ. എന്നാൽ അവരൊക്കെ ഭീകരവാദികൾ മാത്രമാണ്. അയൽപ്പക്കത്തെ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പേ റോളിലുള്ള പ്രൊഫഷണൽ ഭീകരവാദികളാണ് കുറേക്കാലമായി കശ്മീരിലുള്ളത്. ശത്രുരാജ്യത്തിന്റെ ഈ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇന്ത്യൻ പൗരന്മാരാണ് കശ്മീർ ജനത. അതുകൊണ്ടുതന്നെ കശ്മീരിലെ ഭീകരരുടെ പേരിൽ, അവരുടെ മതത്തിന്റെ പേരിൽ, ഇന്ത്യയിലെ ഒരു മുസ്ലീമിനും തലകുനിക്കേണ്ട കാര്യമില്ല. ഒരാളോടും ക്ഷമാപണം നടത്തേണ്ട കാര്യമില്ല. ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനുള്ള ഒരു അധിക ഉത്തരവാദിത്തവും ഇന്ത്യയിലെ ഒരു മുസ്ലീമിനും ഈ ഘട്ടത്തിൽ ഇല്ല. സംഘികളുടെ ഭീകരതയുടേയും കലാപങ്ങളുടേയും ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളുടേയും പേരിൽ ഇന്ത്യയിലെ മറ്റൊരു ഹിന്ദുവിനും ആരോടും അപോളൊജറ്റിക് ആവേണ്ടി വന്നിട്ടില്ല ഇതുവരെ. ആ ഭീകരവാദികളെ നിരന്തരം വോട്ട് ചെയ്ത് ജയിപ്പിച്ചിട്ട് പോലും ഒരു ഹിന്ദുവിനും അതിന്റെ പേരിൽ മറുപടി പറയേണ്ടി വന്നിട്ടില്ല.

കശ്മീരിലെ ഈ ഭീകരവാദികൾ ഇപ്പോൾ കൊന്നത് ടൂറിസ്റ്റുകൾക്കിടയിലെ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ചാണെങ്കിൽ ഇതുവരെയുള്ള തീവ്രവാദി ആക്രമണങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടുകാരായ മുസ്ലീങ്ങൾ തന്നെയാണ്. ഇന്നലെയും ടൂറിസ്റ്റുകളെ രക്ഷിക്കാൻ തീവ്രവാദികളോട് പൊരുതി രക്തസാക്ഷിയായ സയ്യിദ് ആദിൽ ഹുസൈൻ ഷായും മുസ്ലീം തന്നെയാണ്. രാത്രി തന്നെ മെഴുകുതിരികളുമേന്തി നാടിന്റെ സമാധാനത്തിനായി തെരുവിലിറങ്ങിയതും ഭീകരവാദികൾക്കെതിരെ മുദ്രാവാക്യം വിളിച്ചതും അവിടത്തെ മുസ്ലീങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് ഭീകരതക്ക് മതമില്ല എന്ന് സാമാന്യ ബോധമുള്ളവർ പറയുന്നത്. എത്ര വൈകാരികത മുറ്റി നിൽക്കുന്ന വേളയിലാണെങ്കിലും അത് പറഞ്ഞേ പറ്റൂ. ആൾക്കൂട്ടത്തെ ഇളക്കിവിടുന്നവർക്കെതിരെ വിവേകത്തിന്റെ ശബ്ദം ഉയർത്തിയേ പറ്റൂ".

Show Full Article
TAGS:VT Balram Pahalgam Terror Attack BJP jammu and kashmir 
News Summary - V.T. Balram's Facebook post
Next Story