‘അവൻ നമ്പർ വൺ ബി.ജെ.പി; സി.ഐ.ടി.യുക്കാരനെങ്കിൽ തൂക്കിക്കൊല്ലണം’ -ആൾകൂട്ടക്കൊല കേസ് പ്രതിക്ക് സി.പി.എം ബന്ധമില്ലെന്ന് എം.എൽ.എ
text_fieldsപാലക്കാട്: വാളയാർ ആൾകൂട്ടക്കൊലക്കേസിൽ അറസ്റ്റിലായവരിൽ നാലാം പ്രതി ആനന്ദൻ സി.ഐ.ടി.യു പ്രവർത്തകനാണെന്ന ആരോപണം തള്ളിക്കളഞ്ഞ് സ്ഥലം എം.എൽ.എ എ. പ്രഭാകരൻ. അയാൾ നമ്പർ വൺ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകനാണെന്നും സി.ഐ.ടി.യുകാരനാണെങ്കിൽ അവനെ തൂക്കിക്കൊല്ലണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പണ്ട് കിഴക്കേ അട്ടപ്പള്ളത്ത് ഒരു ചുമട് യൂനിറ്റ് ഉണ്ടായിരുന്നു. അവിടെ ചുമട്ട് തൊഴിലാളിയായിരുന്നു ആനന്ദൻ. ഇപ്പോൾ ആ യൂനിറ്റുമില്ല, സംവിധാനവുമില്ല. പിന്നെ എങ്ങനെയാണ് അയാൾ സി.ഐ.ടി.യു പ്രവർത്തകനാവുക? അവൻ നമ്പർ വൺ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകനാണ്. സി.ഐ.ടി.യുകാരനാണെങ്കിൽ അവനെ തൂക്കിക്കൊല്ലണമെന്നാണ് എന്റെ അഭിപ്രായം’ -എം.എൽ.എ പറഞ്ഞു.
ഒരു സി.പി.എം പ്രവര്‍ത്തകനും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടിയും പറഞ്ഞിരുന്നു. ‘വാളയാറില്‍ സംഘപരിവാര്‍ ക്രൂരതയാണ് പുറത്തുവന്നത്. ഇരയുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടാകും. കേരളം പുലര്‍ത്തുന്ന ക്രമസമാധാന മാതൃകയില്‍ ആക്ഷേപം ഉന്നയിക്കാനാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്. മൃതദേഹം കൊണ്ടുപോകാനുള്ള തുക അനുവദിച്ചത് സര്‍ക്കാരാണ്. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. പ്രതികളുടെ പശ്ചാത്തലം ആർ.എസ്.എസിന്റേതാണ്. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ഇവരുടെ ക്രൂരത സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ കാണും. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും’ -ശിവൻകുട്ടി പറഞ്ഞു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു മോഷണക്കുറ്റം ആരോപിച്ച് രാംനാരായണിനെ ബി.ജെ.പിക്കാർ അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് കൊലപ്പെടുത്തിയത്. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയും പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, ആനന്ദന്‍, വിബിന്‍, വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.


