‘അഭിവാദ്യത്തിൻ ചോരപ്പൂക്കൾ...’; എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഊഷ്മള വരവേൽപ്
text_fieldsസി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ശേഷം തിരുവനന്തപുരം എ.കെ.ജി സെന്ററിലെത്തിയ എം.എ. ബേബിയെ മന്ത്രി വി. ശിവൻകുട്ടി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. എം. വിജയകുമാർ, ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ തുടങ്ങിയവർ സമീപം (ചിത്രം: അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന്റെ ആലസ്യമല്ല, പതിവിൽ കവിഞ്ഞ ആവേശത്തിലായിരുന്നു എ.കെ.ജി സെന്റർ. നഗര ഹൃദയത്തിലെ പതിവ് സായാഹ്ന തിരക്ക് മുറിച്ചുകടന്ന് ചുവപ്പുഷോളുകളും ഹാരങ്ങളുമായി പ്രവർത്തകർ പല ഭാഗങ്ങളിൽ നിന്ന് വന്നുനിറയുന്നു. റെഡ് വളന്റിയർമാരും സജ്ജം. പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് ആദ്യമായി എത്തുന്ന എം.എ. ബേബിയെ വരവേൽക്കാനുള്ള തയാറെടുപ്പാണ് എ.കെ.ജി പരിസരമാകെ.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും മന്ത്രി വി. ശിവൻകുട്ടിയും ജില്ല സെക്രട്ടറി വി. ജോയിയുമടക്കം എ.കെ.ജി സെന്ററിനുള്ളിലുണ്ട്. വൈകീട്ട് അഞ്ചിന് ‘സഖാവ്’ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും അര മണിക്കൂർ വൈകുമെന്ന് പിന്നാലെ വിവരമെത്തി. അഞ്ചേകാലോടെ വി. ജോയ് ഓഫീസിൽ നിന്ന് പുറത്തേക്കെത്തി, പലയിടങ്ങളിൽ ചിതറിനിന്ന പ്രവർത്തകരെയെല്ലാം പ്രധാനകവാടത്തിലേക്ക് ഒരുമിപ്പിച്ചു.
ജനറൽ സെക്രട്ടറി എത്താറായെന്ന് വ്യക്തമായതോടെ, പ്രവർത്തകരും ആവേശത്തിലായി. അഞ്ച് മിനിറ്റിനുള്ളിൽ എം.എ. ബേബിയുടെ വാഹനം എ.കെ.ജി സെന്ററിലേക്ക്. പിന്നാലെ, മുദ്രാവാക്യങ്ങളുടെ പെരുമഴ നനഞ്ഞ് ബേബി പ്രവർത്തകർക്കിടയിലേക്ക്. അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഇത്ര ആവേശത്തോടെ എ.കെ.ജി സെന്ററിന് മുന്നിൽ പ്രവർത്തകർ തടിച്ചുകൂടുന്നത് നാലു വർഷക്കാലയളവിനിടെ ഇതാദ്യവും. ഹാരങ്ങളും ഷാളുകളുമണിയിക്കാൻ പ്രവർത്തകരുടെ വലിയ തിരക്കായിരുന്നു.
എം. വിജയകുമാർ, ഡി.കെ. മുരളി എം.എൽ.എ, എ. എ. റഹീം എം.പി എന്നിങ്ങനെ നേതാക്കളുടെ നിരയും. സ്വീകരണമേറ്റുവാങ്ങിയ ശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയിൽ എ.കെ.ജി സെന്ററിലേക്ക്. കവാടത്തിനു മുന്നിൽ ഇ.പി. ജയരാജനും വരവേൽക്കാനെത്തി.
എ.കെ.ജി സെന്ററിന് സമീപത്തെ ഫ്ലാറ്റിലാണ് എം.എ. ബേബി താമസിക്കുന്നത്. ഫ്ലാറ്റിൽ നിന്ന് എ.കെ.ജി സെന്ററിലേക്കുള്ള യാത്ര അത്ര പുതുമയുള്ളതല്ലെങ്കിലും ഇന്നലത്തെ ഓഫിസ് പ്രവേശനത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. 1992ൽ ഇ.എം.എസ് പദവിയൊഴിഞ്ഞശേഷം കേരള ഘടകത്തിൽനിന്ന് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തുന്ന ആദ്യ നേതാവാണ് എം.എ. ബേബി.
സാങ്കേതികമായി മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ പാർട്ടിയിൽ മുകളിലാണ് അദ്ദേഹം. എ.കെ.ജി സെന്ററിന്റെ പടിക്കെട്ടിൽ നിന്ന് അൽപനേരം മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് അദ്ദേഹം ഓഫിസിലേക്ക് പ്രവേശിച്ചത്. നഗരത്തിലെ പാളയം, ചാല, വഞ്ചിയൂർ, നേമം, പേരൂർക്കട എന്നീ അഞ്ച് ഏരിയകളിൽ നിന്നുള്ള പ്രവർത്തകരാണ് സ്വീകരണത്തിനെത്തിയത്.