നടപടി ശക്തമാക്കി ജല അതോറിറ്റി; കുടിശ്ശികക്കാരുടെ വെള്ളം മുടങ്ങും
text_fieldsതിരുവനന്തപുരം: വരുമാന ചോർച്ച കുറക്കുന്നതിന്റെ ഭാഗമായി കുടിശ്ശിക പിരിവ് ഊർജിതമാക്കി ജല അതോറിറ്റി. സർക്കാർ സ്ഥാപനങ്ങളുടെയടക്കം കുടിശ്ശിക പിരിവിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ല. ഗാർഹിക ഉപഭോക്താക്കളിൽ യഥാസമയം ബിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി.
കുടിശ്ശികയുടെ പേരിൽ മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം വിച്ഛേദിച്ചത് 1,22,967 കണക്ഷനുകളാണ്. മീറ്റർ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് 14,458 കണക്ഷനുകളും വിച്ഛേദിച്ചു. കുടിശ്ശികയൊടുക്കിയവരിൽ വലിയൊരു ശതമാനം പേർക്ക് കണക്ഷൻ പുനഃസ്ഥാപിച്ച് നൽകിയെങ്കിലും പണമടക്കാത്തവരും ഏറെയാണ്. ഫെബ്രുവരിയിൽ കുടിശ്ശികയുടെ പേരിൽ 11,515 കണക്ഷനുകളാണ് വിച്ഛേദിച്ചത്. മാർച്ചിൽ കുടിശ്ശികക്കാരുടെ എണ്ണം കൂടി. 19,065 പേരാണ് മാർച്ചിലെ കുടിശ്ശിക പട്ടികയിലുള്ളത്.
2024-25 വർഷം കൂടുതൽ കണക്ഷനുകൾ വിച്ഛേദിച്ചത് കൊച്ചി പി.എച്ച് ഡിവിഷനിലാണ് (10,232). പാലക്കാട് (10207), കൊല്ലം (8639), നെയ്യാറ്റിൻകര (7928), അരുവിക്കര (7382), കായംകുളം (6840), ഇരിങ്ങാലക്കുട (6584), തിരുവനന്തപുരം സൗത്ത് (5927), ആലുവ (5764) എന്നിവയാണ് 5000ത്തിൽ കൂടുതൽ കണക്ഷനുകൾ വിച്ഛേദിച്ച ഡിവിഷനുകൾ.
കെട്ടിട വിസ്തൃതിയുടെ അടിസ്ഥാനത്തിൽ വെള്ളക്കരം നിർണയിക്കുന്നതടക്കം വരുമാന വർധനക്ക് വിവിധ പദ്ധതികൾ ഇടക്കിടെ ജല അതോറിറ്റി സർക്കാറിന് സമർപ്പിക്കാറുണ്ടെങ്കിലും നിലവിലെ രീതിയിൽ തൽക്കാലം മാറ്റംവേണ്ടെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. വെള്ളക്കരം കൃത്യമായി പിരിച്ചെടുക്കുന്നതിന് മുൻഗണന നൽകുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് വർഷമായതിനാൽ നിരക്കുവർധന പരിഗണനയിലില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.