വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി വെച്ചു
text_fieldsഎൻ.ഡി. അപ്പച്ചൻ
കൽപറ്റ: വയനാട്ടിലെ കോൺഗ്രസ് ചേരിപ്പോരിനും നേതാക്കളടക്കമുള്ളവരുടെ ആത്മഹത്യക്കുമൊടുവിൽ ആരോപണവിധേയനായ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം കെ.പി.സി.സിയെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാർട്ടിയിലെ കടുത്ത വിഭാഗീയതക്കിടെ ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ, മകൻ വിജേഷ്, മുള്ളൻകൊല്ലിയിലെ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടം എന്നിവർ അടുത്തിടെയാണ് ജീവനൊടുക്കിയത്.
എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട എന്‍.ഡി അപ്പച്ചൻ നിലവിൽ ജാമ്യത്തിലാണ്. പാർട്ടിയുടെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ വിവിധ പ്രശ്നങ്ങൾ ജില്ലയിൽ മൊത്തം വ്യാപിക്കുകയായിരുന്നു. തുടർന്നാണ് നേതൃമാറ്റം വേണമെന്ന ശക്തമായ ആവശ്യമുയർന്നത്.
കഴിഞ്ഞ 12 ദിവസങ്ങളിലായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വയനാട്ടിലുണ്ടായിരുന്നു. പാർട്ടി പരിപാടികളിലൊന്നും അവർ പങ്കെടുത്തിരുന്നില്ലെങ്കിലും ഡി.സി.സിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളുമായി സംസാരിച്ചിരുന്നു. തുടർന്നാണ് അപ്പച്ചൻ രാജിസന്നദ്ധ അറിയിച്ചത്.
കെ.പി.സി.സി സെക്രട്ടറിയും കൽപറ്റ നഗരസഭ ചെയർമാനുമായ ടി.ജെ. ഐസക്കിന് ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാനാണ് സാധ്യത. 2021 ആഗസ്റ്റ് നാലിനാണ് എൻ.ഡി. അപ്പച്ചൻ ഡി.സി.സി പ്രസിഡന്റായത്. അതിനു മുമ്പ് 91ൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റുമായി. 2002 വരെ 11 വർഷം സ്ഥാനത്ത് തുടർന്നു.
ആകെ 15 വർഷമാണ് മുതിർന്ന നേതാവായ അദ്ദേഹം ഡി.സി.സി പ്രസിഡന്റ് പദവി വഹിച്ചത്. 2001-2005 വർഷത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം എം.എൽ.എയുമായിരുന്നു. പിന്നീട്, കെ. കരുണാകരൻ ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ ഒപ്പം നിന്നു. തുടർന്ന്, പാർട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പ്രശ്നങ്ങൾ ചിലർ മനഃപൂർവമുണ്ടാക്കിയത് -എൻ.ഡി. അപ്പച്ചൻ
കൽപറ്റ: തനിക്കെതിരെ ചില നേതാക്കൾ ഗൂഢാലോചന നടത്തിയതായും പാർട്ടിയിലെ പ്രശ്നങ്ങൾ ചിലർ മനഃപൂർവമുണ്ടാക്കിയതാണെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച അദ്ദേഹം കൽപറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരത്തേ തന്നെ കെ.പി.സി.സിയോട് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, രാജി സ്വീകരിച്ചെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാർട്ടിക്കുവേണ്ടി ഏറെ ത്യാഗം ചെയ്തിട്ടുണ്ട്.
വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് വയനാട്ടിൽ പാർട്ടിയെ വളർത്തിയെടുത്തത്. തന്നെക്കാൾ കേമന്മാർ ജില്ലയിലുണ്ട്, ഇനി അവർ ഏറ്റെടുത്ത് നടത്തട്ടെ. തന്റെ എല്ലാ നേട്ടങ്ങളും കോൺഗ്രസ് തന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി വർഷം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു താൻ. ആരും കെട്ടിയിറക്കിയതല്ല. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ആലോചിച്ചാണ് അധ്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


