പതിനൊന്നാം ദിവസം ചാലിയാർ ഒന്നും തന്നില്ല; ഇനിയും കണ്ടെത്താനുള്ളത് 133 പേരെ
text_fieldsനിലമ്പൂർ: വെള്ളിയാഴ്ചത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്നും ശരീരഭാഗങ്ങളോന്നും കണ്ടെത്തിയില്ല. പൊലീസും ഫയർഫോഴ്സും സനദ്ധസംഘടനകളുമാണ് തിരച്ചിൽ നടത്തിയിരുന്നത്. കാലാവസ്ഥ അനുകൂലമായിരുന്നു. വയനാട് ദുരന്തം ഉണ്ടായതിന് ശേഷം ആദ‍്യമായാണ് ചാലിയാറിൽ നിന്നും മൃതദേഹങ്ങളൊന്നും കിട്ടാതിരുന്നത്.
ദുരന്തത്തിൽ അകപ്പെട്ട 133 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ‍്യോഗിക കണക്ക്. ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരാനാണ് തീരുമാനം. അതാതു പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് തിരയിൽ. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ വയനാട്ടിൽ ഇന്ന് തിരച്ചിൽ ഇല്ല. ഞായറാഴ്ച ജനകീയ തിരച്ചിൽ തുടരും. 78 മൃതദേഹങ്ങളും 166 ശരീരഭാഗങ്ങളുമാണ് കഴിഞ്ഞ 10 ദിവസത്തിൽ ചാലിയാറിൽ നിന്നും കണ്ടെടുത്തത്. ശരീരഭാഗങ്ങൾ മുഴുവൻ മൃതദേഹങ്ങളാണെന്ന് പറയാനാവില്ലെന്നാണ് ആരോഗ‍്യവിഭാഗം പറയുന്നത്.
ഒരാളുടെ തന്നെ ശരീരഭാഗങ്ങൾ ഒന്നിലധികം ഉണ്ടാവാം. ഡി.എൻ.എ പരിശോധനയിലൂടെയാണ് ഇത് മനസിലാക്കാൻ സാധ‍്യക്കുക. നിലമ്പൂരിൽ നിന്നുള്ള മുഴുവൻ മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവയിൽ നിന്നുള്ള സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് കണ്ണൂർ റീജനൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷമെ ശരീരഭാഗങ്ങൾ എത്ര പേരുടെതാണെന്ന് പറയാൻ പറ്റു. രണ്ട് പെൺകുട്ടികൾ, ഒരു പുരുഷന്‍റെതും ഉൾപ്പടെ മൂന്ന് പേരെയാണ് നിലമ്പൂരിൽ നിന്നും ഔദ‍്യോഗിക മായി തിരിച്ചറിഞ്ഞിട്ടുള്ളു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുകൾക്ക് കൈമാറുകയും ചെയ്തു. നിലമ്പൂരിൽ നിന്നുള്ള ബാക്കി മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും വയനാടിലേക്ക് എത്തിച്ചു.
75 മൃതദേഹങ്ങളും ഒരു ശരീരഭാഗവും മേപ്പാടി സി.എച്ച്.സിയിലേക്ക് അയച്ചു. 158 ശരീരഭാഗങ്ങൾ വൈത്തിരി എം.സി.എച്ച് ആശുപത്രിയിലേക്കും കൊണ്ടുപോയി. 7 ശരീരഭാഗങ്ങൾ മുഴുവനായും ഡി.എൻ.എക്ക് അയച്ചിട്ടുണ്ട്. നിലമ്പൂർ ജില്ല ആശുപത്രിയിൽ മൃതശരീരഭാഗങ്ങൾ ഇനി ഒന്നും അവശേഷിക്കുന്നില്ല. ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ വയനാട്ടിലേക്ക് തന്നെ അയക്കാനാണ് തീരുമാനം. അഴുകിയവ നിലമ്പൂരിൽ സംസ്കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.നഗരസഭയുടെ അരുവാക്കോടുള്ള സ്ഥലം ഇതിനായി ഒരുക്കുകയും ചെയ്തിരുന്നു. ഉറ്റവരുടെ പ്രാർത്ഥനയ്ക്കും തുടർ സന്ദർശനത്തിനുമെല്ലാം പ്രയാസകരമാവുമെന്ന വിലയിരുത്തലുണ്ടായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂരിൽ നിന്നുള്ള ശരീരഭാഗങ്ങൾ മുഴുവനും വയനാട്ടിലെത്തിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.