എന്റെ മകൾ കറുത്ത ക്യൂട്ടക്സേ ഇടൂ...
text_fieldsമേപ്പാടി: പൊന്നുമോളെ തിരിച്ചറിഞ്ഞ് അലമുറയിട്ട അച്ഛനെ ആശ്വസിപ്പിക്കാൻ സമീപത്ത് കൂടിനിന്നവർക്കായില്ല. ശനിയാഴ്ച ഉച്ചക്ക് മേപ്പാടി ആശുപത്രിയോട് ചേർന്നുള്ള കമ്യൂണിറ്റി ഹാളിന് മുന്നിലായിരുന്നു നെഞ്ചുപിടയുന്ന ഈകാഴ്ച. തമിഴ്നാട് കോട്ടൂർ സ്വദേശിയായ സാമിദാസൻ എട്ടു വയസ്സുള്ള മകൾ അനാമികയെ തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. മകൾക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല, അവൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് സാമിദാസൻ മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഹാളിനകത്ത് കയറിയത്. ‘‘എന്റെ മോള് കൈയിൽ കറുത്ത നിറത്തിലെ ക്യൂട്ടക്സേ ഇടൂ... ഇടതുകാലിൽ മറുകുമുണ്ട്... അതവൾതന്നെ...’’
ദുരന്തം സംഭവിച്ച ചൂരൽമലയിൽ അനാമികയുടെ അമ്മവീടായിരുന്നു. അമ്മ രണ്ടുവർഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചതോടെ സാമിദാസ് മകളെ ചൂരൽമലയിലെ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ അനാമിക അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്.
ദുരന്തത്തിൽ വീട് ഒലിച്ചുപോയി. എങ്കിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലൊക്കെ കഴിഞ്ഞദിവസങ്ങളിൽ സാമിദാസൻ കയറിയിറങ്ങി. ഒരുകുട്ടിയുടെ മൃതദേഹം എത്തിയതറിഞ്ഞ് സുഹൃത്ത് ശിവദാസനാണ് ഹാളിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് കൂടുതൽ ബന്ധുക്കളെത്തി. ‘‘മുഖമൊന്നും തിരിച്ചറിയുന്നില്ലല്ലോ..! ഓളെ കാൽപാദം എന്റെ പോലെയാ...’’ ബന്ധത്തിൽപ്പെട്ട ഒരുയുവതി കരഞ്ഞുകൊണ്ട് പറഞ്ഞു. ചൂരൽമലയിലെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് വിവരമില്ല.