30ലേറെ ഉറ്റവരെ നഷ്ടമായ അസീസ് പറയുന്നു; ‘മുന്നിലൊരു വഴിയില്ല, എങ്കിലും ഇതും മറികടക്കും’
text_fieldsമുണ്ടക്കൈ ദുരന്തത്തിൽ ഭാര്യയും ഉമ്മയുമടക്കം മുപ്പതിലേറെ ബന്ധുക്കളെ നഷ്ടമായ അസീസ് പൊറ്റമ്മൽ
ചൂരൽമല: കണ്ണു കലങ്ങുമെന്നു തോന്നുമ്പോൾ അസീസ് പൊറ്റമ്മൽ അൽപം മൗനിയാകും. പിന്നെ സ്നേഹത്തെക്കുറിച്ചുമാത്രം സംസാരിക്കും. ഭൂമിയിൽ ഏറ്റവും സ്നേഹമുള്ള ഭാര്യയാണ് തന്റേതെന്ന് പറയുമ്പോൾ ആ മുഖത്ത് അഭിമാനം തുളുമ്പും. ഉമ്മയുടെ സ്നേഹവാത്സല്യത്തെക്കുറിച്ചാകുമ്പോൾ കൊച്ചുകുട്ടിയാകും.
അവരെ അവസാനമായി ഒരുതവണയെങ്കിലും കാണാൻ പുലർച്ചകളിൽ ആ താൽക്കാലിക മോർച്ചറിയിൽ കയറിയ അനുഭവങ്ങൾ വിവരിക്കും. വാതിൽക്കൽ തടയുന്നവരോട് പ്രിയപ്പെട്ടവരെ കാണാൻ ഗൾഫിൽനിന്ന് നേരിട്ട് വരികയാണെന്നാണ് പറയുക. എന്നിട്ട് എല്ലാ മൃതശരീരങ്ങളും കെട്ടഴിച്ചുനോക്കും. ‘ഉമ്മയുടെയും ഭാര്യയുടെയും കാലും കൈയുമൊക്കെ നമ്മൾക്ക് അറിയുന്നപോലെ വേറെയാർക്കും അറിയില്ലല്ലോ. എത്ര പരിക്കുപറ്റിയാലും എനിക്കത് തിരിച്ചറിയാനാകും.
കണ്ണുനിറഞ്ഞിട്ട് ഒന്നും കാണില്ല പലപ്പോഴും. എന്നാലും ഒരു ഊഹത്തിന് നോക്കും. എത്ര നോക്കിയാലും നമ്മൾക്ക് മതിയാവൂല. അവരതിനിടയിലുണ്ടോ എന്നാണ് പിന്നെയും പിന്നെയും തിരയുന്നത്. ഒരുപാട് തിരഞ്ഞിട്ടും ഇതുവരെ അവരെ കിട്ടിയില്ല’ -കണ്ണീർ പൊടിയുമ്പോഴേക്ക് അസീസ് സംസാരമൊന്നു നിർത്തി.കഴിഞ്ഞ മൂന്നര വർഷം എന്നും അസീസ് അവരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; വിഡിയോ കാളിലൂടെ. ഉരുൾപൊട്ടിയെത്തുന്നതിന്റെ തൊട്ടുമുമ്പും ഭാര്യ ആമിനയോട് സംസാരിച്ചു.
ഉമ്മയും ഭാര്യയും കാത്തിരിക്കുന്ന വാടകവീട്ടിലേക്ക് ഓടിയെത്താൻ ഓരോ ദിവസവും കൊതിക്കുമ്പോഴും ജീവിതപ്രാരബ്ധങ്ങൾ അയാൾക്കുമുന്നിൽ പ്രതിബന്ധങ്ങളായി. നാട്ടിലെ എസ്റ്റേറ്റിൽ 12 വർഷം ജോലി. പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിൽ തൊഴിലാളി. ഒടുവിൽ ഗൾഫിലെത്തിയത് മസറ വിസയിൽ. ഇപ്പോൾ ഹോട്ടൽ തൊഴിലാളി. പ്രതിസന്ധികളും ബാധ്യതകളും നിറഞ്ഞ ജീവിതത്തിൽ നാട്ടിലേക്കുള്ള വരവ് പലപ്പോഴും നീണ്ടു. ഒടുവിൽ മൂന്നരക്കൊല്ലത്തിനുശേഷം അയാളെത്തിയത് ആ മോർച്ചറിയിലേക്കായിരുന്നു.
ഉമ്മയും ഭാര്യയും മാത്രമല്ല, ഉരുൾപൊട്ടലിൽ അസീസിന് നഷ്ടമായത് ഉറ്റബന്ധുക്കളായ മുപ്പതിലേറെ പേരെ. മഹാദുരന്തത്തിൽ ഏറ്റവുമധികം നഷ്ടം പറ്റിയവരുടെ കൂട്ടത്തിലാണ് ഈ 56കാരൻ. രണ്ട് സഹോദരിമാർ, അവരുടെ ഭർത്താക്കന്മാർ, മക്കൾ, രണ്ട് അമ്മാവന്മാർ, അവരുടെ കുടുംബം, മകളുടെ ഭർത്താവിന്റെ സഹോദരി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ, എളാപ്പ, അവരുടെ മരുമകനും കുട്ടിയും തുടങ്ങി നിരവധി ബന്ധുക്കളെയാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമായി ദുരന്തം അപഹരിച്ചത്. ഈ ദുരന്തത്തിൽ ഭാര്യക്കും ഉമ്മക്കുമൊപ്പം വീട്ടിലുണ്ടായിരുന്ന മകളും അവളുടെ രണ്ടു മക്കളും കഷ്ടിച്ച് രക്ഷപ്പെട്ടതാണ് അസീസിന് അൽപമെങ്കിലും ആശ്വാസമായത്. പേരക്കുട്ടികളായ ഇനാരയുടെയും മുഹമ്മദ് അയാന്റെയും അതിശയകരമായ രക്ഷപ്പെടൽ വാർത്തയായിരുന്നു.
ഈ ദുരന്തത്തെയും ഏതുവിധേനയും മറികടക്കണമെന്ന് പറയുന്നു അസീസ്. ‘മുന്നിലൊരു വഴിയുമില്ല എന്നതാണ് നിലവിലെ പ്രശ്നം. എല്ലാം വിധിച്ച പടച്ചവൻ എന്തെങ്കിലും വഴി തുറക്കും. ചൂരൽമലയും മുണ്ടക്കൈയും പോലെ ഇത്രയും ഒരുമയുള്ള മറ്റൊരു സ്ഥലം ഉണ്ടാകില്ല. സൗഹൃദമാണവിടെ മുഴുവൻ.
എവിടെ പറിച്ചുനട്ടാലും ഇതുപോലെയാകില്ല. ആ നാട്ടുകാർ ദുരന്തത്തിനിരയായതിലാണ് ഏറ്റവും സങ്കടം. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാവരും പോയി’-കണ്ണീരിനെ വീണ്ടും ശ്രമകരമായി തടഞ്ഞുനിർത്തുന്നു അസീസ്. ഉമ്മയും ഭാര്യയുമൊക്കെ പോയി ജീവിതം ഇരുട്ടുകയറുമ്പോഴും ഒരു വീടുവേണമെന്ന് അസീസ് ആഗ്രഹിക്കുന്നുണ്ട്. മൂന്നു പെൺമക്കൾക്ക് കേറിവരാനെങ്കിലും.