ചാലിയാറിൽനിന്ന് ഒരു മൃതദേഹവും ശരീര ഭാഗവും കണ്ടെടുത്തു; ഇതുവരെ കിട്ടിയത് 78 മൃതദേഹം, 166 ശരീര ഭാഗങ്ങൾ
text_fieldsചാലിയാർ പോത്തുകല്ല് ഗ്രാമം കടവിൽ നിന്നും വ‍്യാഴാഴ്ച കണ്ടെടുത്ത പുരുഷന്‍റെ മൃതശരീരം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു
നിലമ്പൂർ: ചാലിയാര്‍ പുഴയില്‍ നിന്നും ഇന്നലെ ഒരു മൃതദേഹവും ഒരു ശരീര ഭാഗവും ലഭിച്ചു. വൈകീട്ട് 3.30ന് പോത്തുകല്ല് ഉപ്പട ഗ്രാമം കടവിൽ നിന്നും തല ചതഞ്ഞതും ഒരു കാലില്ലാത്തതുമായ പുരുഷന്‍റെ ശരീരവും മാനവേദൻ സ്കൂളിന് പിറകിലുള്ള പമ്പ് ഹൗസിന് സമീപം ഒരു അസ്ഥി ഭാഗവുമാണ് കിട്ടിയത്. ഇതിന് ഏറെ പഴക്കമുള്ളതായി തോന്നിയിരുന്നു. എന്നാൽ പത്ത് ദിവസത്തിന് താഴെയാണ് പഴക്കമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞു.
ഇതോടെ പത്ത് ദിവസംകൊണ്ട് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ 78 മൃതദേഹങ്ങള്‍ എത്തിച്ചു. ശരീര ഭാഗങ്ങള്‍ 166. ആകെ 244എണ്ണം. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
വയനാട് ഉരുള്‍പൊട്ടലുണ്ടായശേഷം തുടർച്ചയായി പത്താം ദിവസവും ചാലിയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുകയാണ്. ഇന്നും പരിശോധന തുടരും. നിലമ്പൂരിൽ നിന്നും ഇന്നലെ വയനാടിലേക്ക് ഒരു മൃതദേഹവും 4 ശരീരഭാഗങ്ങളും കൊണ്ടുപോയി. വ‍്യാഴാഴ്ച ലഭിച്ച മൃതശരീരവും ശരീരഭാഗവും വൈകുന്നേരത്തോടെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി. ഇന്ന് രാവിലെ വയനാട്ടിലേക്ക് അയക്കും.
ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ‍്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ ത്രീ ദുരന്തമായി പ്രഖ‍്യാപിച്ചാൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും.