ഉപ്പയെയും ഉമ്മയെയും കാണണം; ഈ ഇരിപ്പിന് ആറാംനാൾ
text_fieldsഉരുൾപൊട്ടലിന് ഇരയായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ എത്തുന്ന ബന്ധുക്കൾ (ഫോട്ടോ: ബൈജു കൊടുവള്ളി)
മേപ്പാടി: വിദൂരതയിൽനിന്ന് എങ്ങോ ഒരു ആംബുലൻസ് സൈറൺ കേട്ടാൽ ജയ്സലും ആരിഫും ഒന്ന് ഞെട്ടിയുണരും. ഉറക്കത്തിലായിട്ടല്ല ഈ ഞെട്ടലും ഉണരലുമൊന്നും. രാവോ പകലോ ഏതെന്നറിയാത്ത മനസ്സുമായി, ആശുപത്രികളിൽ കുതിച്ചെത്തുന്ന ആംബുലൻസുകളിൽ കണ്ണും നട്ടിരിക്കയാണ് ഇവർ.
ഉരുളെടുത്ത ഉറ്റവർ ഉണ്ടോയെന്നറിയാൻ ആംബുലൻസിനടുത്തേക്ക് ഓടിയടുക്കും ഇവർ. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഒരുക്കിയ പോസ്റ്റ്മോർട്ടം മുറിക്കു മുന്നിൽ എത്തുന്ന ആംബുലൻസിന്റെ ഗ്ലാസുകളിലൂടെ അകത്തേക്ക് കണ്ണ് പായിക്കും. വെള്ളപ്പുതച്ച ശരീരങ്ങൾ ഓരോന്നായി പുറത്തേക്ക് എടുക്കുമ്പോൾ പിന്നാലെ ഇവരും കൂടും. പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിനു മുമ്പുള്ള നേരിയ ഇടവേള ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാനുള്ളതാണ്. ഉറ്റവരെ അവസാനമൊന്ന് കാണാനും മതാചാരപ്രകാരം ഖബറടക്കാനും കഴിയണമേ എന്ന ഒരൊറ്റ പ്രാർഥന മാത്രമാണിനി ഇവർക്ക് ബാക്കിയുള്ളത്. നിമിഷങ്ങൾക്കകം ഇരുകൈയും തലയിൽവെച്ച് ഇരുവരും അടുത്ത ആംബുലൻസും കാത്ത് പഴയ ഇരിപ്പിടത്തേക്ക് മാറിനിൽക്കും. കുടുംബത്തിലെ മറ്റുള്ളവരും അവിടെ കാത്തിരിക്കുന്നുണ്ട്. മുണ്ടക്കൈ ദുരന്തം നടന്ന കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തുടങ്ങിയതാണ് ഇവരുടെ ഈ ഓട്ടം. ആറാംദിവസവും കാത്തിരിപ്പ് തുടരുന്നു.
ചൂരൽമല ജി.എച്ച്.എസ്.എസിനു സമീപം ചെട്ടിയാർതൊടി കുടുംബാംഗങ്ങളാണ് ആരിഫും ജെയ്സലും. നാലു വീടുകളിലായി 23 കുടുംബാംഗങ്ങളെയാണ് ഉരുളെടുത്തത്. ഇവരിൽ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കിട്ടി. ബാക്കി 14 പേരെയും കാത്താണ് ജയ്സലും ആരിഫും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നത്. അതിരാവിലെ അഞ്ചുമണിയോടെ ഇവർ ആശുപത്രിക്കു മുന്നിലെത്തും. രാത്രി 11വരെയെങ്കിലും ആശുപത്രിക്കു മുന്നിലെ പോസ്റ്റ്മോർട്ടം ഹാളിനും മോർച്ചറിക്കുമുന്നിലും കാത്തിരുന്ന് ഇവർ തിരിച്ചുപോവും. രണ്ടും മൂന്നും നാലും കഷണങ്ങളായ തിരിച്ചറിയാൻ പോലും കഴിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കുന്ന എം.എസ്.എ ഹാളിലേക്കും ഇടക്ക് ഓടും.
എറണാകുളത്ത് ഓട്ടോമൊബൈൽ കടയിൽ ജീവനക്കാരാണ് ജയ്സലും ആരിഫും. മുണ്ടക്കൈയിലെ മഹാദുരന്തം കേട്ട് എറണാകുളത്തുനിന്ന് ഓടിയെത്തിയതാണ് ഇവർ. ചെട്ടിയാർതൊടി അബ്ദുറഹ്മാൻ- സൈനബ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനാണ് ജയ്സൽ. ഉമ്മയും ഉപ്പയും ദുരന്തത്തിൽപെട്ടു. രണ്ട് സഹോദരിമാരും ജയ്സലും ഒരാഴ്ച മുമ്പാണ് വീട്ടിൽ ഒരുമിച്ച് കൂടിയിരുന്നത്. സൈനബയുടെ സഹോദരങ്ങളായ സൽമയും സത്താറും മക്കളും പേരമക്കളും ഉൾപ്പടെയാണ് 23 പേർ ഉരുൾപൊട്ടലിൽപെട്ടത്. സൽമയുടെ മരുമകൾ ഗർഭിണിയായ റുക്സാന ഉൾപ്പെടെയുള്ള എട്ടുപേരുടെ മൃതദേഹങ്ങൾ നേരത്തേ കിട്ടി. ഇന്നലെ വൈകീട്ട് പത്തുവയസ്സുകാരന്റെ മൃതദേഹവും കിട്ടി. ഖബറടക്കം കഴിഞ്ഞ് നേരെ വീണ്ടും ആശുപത്രി വരാന്തയിലെത്തി ഇവർ. എത്രവേണമെങ്കിലും കാത്തിരിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.