ഉരുൾ ദുരന്തം: സർക്കാർ നടപടി ഉറ്റവർക്ക് ആശ്വാസം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കുമെന്ന സർക്കാർ തീരുമാനത്തിൽ അതിജീവിതർക്ക് ആശ്വാസം. ദുരന്തത്തിൽ 35 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ മരിച്ചത് 263 പേരാണ്. ജനിതക പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മരിച്ചവരുടെ ബന്ധുകൾക്ക് സംസ്ഥാന സർക്കാറിന്റെ ആറുലക്ഷവും കേന്ദ്രസർക്കാറിന്റെ രണ്ടുലക്ഷവുമടക്കം എട്ടു ലക്ഷം രൂപ വീതമാണ് ധനസഹായമായി ലഭിക്കുക. ഇതിന് ബന്ധുക്കൾ മരണസർട്ടിഫിക്കറ്റടക്കം ഹാജരാക്കി സങ്കീർണ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
പഞ്ചായത്ത് വഴി മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി വൈത്തിരി താലൂക്ക് വഴിയാണ് നടപടികളുടെ തുടക്കം. തുടർന്ന് ബന്ധുക്കളെ കലക്ടറേറ്റിലേക്ക് നേരിട്ട് വിളിപ്പിച്ച് സൂക്ഷ്മപരിശോധന നടത്തിയതിനുശേഷമാണ് ബാങ്ക് അക്കൗണ്ടിൽ പണം എത്തുക.
ആളുമാറി സംസ്കരിച്ച സംഭവങ്ങളിൽ ജനിതക പരിശോധനയുടെ ഫലം വരുന്ന മുറക്ക് പൊലീസ് സ്റ്റേഷൻ വഴിയാണ് നടപടികൾ തുടങ്ങാനാകുക. കുടുംബത്തിൽ എത്ര പേർ മരിച്ചുവോ അത്രയും പേരുടെ അടുത്ത ബന്ധുക്കൾക്ക് എട്ടുലക്ഷം വീതം കിട്ടും. ജൂലൈ 30നാണ് ഉരുൾ ദുരന്തമുണ്ടായത്. ആഗസ്റ്റ് എട്ട്, ഒമ്പത്, 10 തീയതികളിൽ നടന്ന ജനകീയ തിരച്ചിലിന് ശേഷം കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ നിർത്തുകയായിരുന്നു. ഇതോടെ, കാണാതായവരുടെ കാര്യത്തിൽ എന്തുചെയ്യുമെന്നതിൽ ബന്ധുക്കൾ കടുത്ത ആശങ്കയിലായിരുന്നു.
ഇവരെ മരിച്ചതായി കണക്കാക്കി ആനുകൂല്യം നൽകണമെന്ന ആവശ്യം ശക്തമായെങ്കിലും സർക്കാർ നടപടി നീണ്ടു. ദുരന്തത്തിന് ആറുമാസം പൂർത്തിയാകുമ്പോഴാണ് ഇപ്പോൾ ആശ്വാസപ്രഖ്യാപനമുണ്ടായത്.
സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലുമായുള്ള രണ്ടു സർക്കാർ സമിതികള്‍ വഴിയാണ് കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് സർക്കാർ ധനസഹായം നല്‍കുക. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമര്‍പ്പിക്കും. ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളുടെ വിവരങ്ങളടക്കം ശേഖരിച്ചായിരിക്കും ഇത്.
ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സംസ്ഥാനതല സമിതി ഇതിൽ വിശദ പരിശോധന നടത്തിയാണ് കാണാതായവരുടെ അന്തിമ പട്ടിക തയാറാക്കുക.