Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടൽ: നിലമ്പൂർ...

ഉരുൾപൊട്ടൽ: നിലമ്പൂർ ചാലിയാറിൽനിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
ഉരുൾപൊട്ടൽ: നിലമ്പൂർ ചാലിയാറിൽനിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെത്തി
cancel

നിലമ്പൂർ: ചാലിയാർ പുഴയിൽ നിന്നും ആറ് മൃതദേഹങ്ങൾ കണ്ടെത്തി. നിലമ്പൂർ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായ ഭാഗത്തുനിന്ന് 20ഓളം കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലം. കനത്ത മഴയിൽ ചാലിയാറിലും ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

അതിനിടെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ നിന്ന് 15 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലായാണ് ഉരുൾ പൊട്ടിയത്.

താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവിസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

Show Full Article
TAGS:wayanad Landslide chaliyar Landslide 
News Summary - Wayanad Landslide: Six dead bodies found in Chaliyar river in Nilambur
Next Story