Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മൃതദേഹത്തിന്റെ കൈ...

‘മൃതദേഹത്തിന്റെ കൈ പുറത്തായിരുന്നു, രണ്ട് പേരെയും കിട്ടിയത് പുഴയിൽനിന്ന് തന്നെ, ഇന്ന് നാട്ടി​ലേക്ക് എയർലിഫ്റ്റ് ചെയ്യും’ -മന്ത്രി സിദ്ദീഖ്

text_fields
bookmark_border
wayanad landslide  T Siddique
cancel

കള്ളാടി (വയനാട്): കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിച്ചിലിൽ മരിച്ചവരിൽ ഇന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങളും മീനാക്ഷി പുഴയിൽനിന്നാണ് ലഭിച്ചതെന്ന് മന്ത്രി ടി. സിദ്ദീഖ്. പുഴയിൽ പതിച്ച തുരങ്ക നിർമാണ കമ്പനിയുടെ വലിയ ഉപകരണങ്ങളുടെ താഴെയായിട്ടാണ് ഒരു മൃതദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ കൈ പുറത്തായിരുന്നു. ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത് തിരച്ചിൽ എളുപ്പമാക്കിയതായും ബാക്കി മൂന്നുപേരെയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് ലഭിച്ചത്.

‘കൂടുതൽ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുഴ മുഴുവൻ പരിശോധിക്കാൻ ഇരുപതംഗ എൻഡിആർഎഫ് സംഘം പോയിട്ടുണ്ട്. ഈ പരിസരത്ത് പ്രത്യേക പരിശോധന നടത്താനുള്ള മാർഗനിർദ്ദേശം കൊടുത്തിട്ടുണ്ട്. മരിച്ചവരു​ടെ കുടുംബം ഇവിടെയുണ്ട്. മുഖ്യമന്ത്രി അവരെ കണ്ട് ആശ്വസിപ്പിച്ചു. അവർ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി ആശുപത്രിയിൽ നടക്കും. ശേഷം എംബാം ചെയ്യാനുള്ള നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്ത് അവരുടെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിക്കും’ -മന്ത്രി പറഞ്ഞു.

കാണാതായ മൂന്നുപേർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്. കഡാവർ നായകളെയും സ്പോട് ലൊക്കേഷൻ കാമറകളും ഉൾപ്പെടെ ഉപയോഗിച്ച് നാല് സോണുകളിലായാണ് തെരച്ചിൽ നടക്കുന്നത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നത്.

മണ്ണിടിച്ചിലിൽ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തിയാക്കി കരാർ കമ്പനിയായ ഡി.ബി.എല്ലിന് കൈമാറിയിരുന്നു. മരിച്ചവരും കാണാതായവരും തുരങ്കപാത നിർമാണ ചുമതലയുള്ള കരാർ കമ്പനിയിലെ ജീവനക്കാരാണ്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലവും ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചിരുന്നു. ജില്ലാ ഭരണ കൂടവുമായി ആലോചിച്ച് അപകട മേഖലയിലുള്ള ആളുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാര്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article
TAGS:Wayanad Landslide T Siddique Wayanad Tunnel Road Landslide 
News Summary - wayanad landslide: Two bodies found in Meenakshi River -Minister T. Siddique
Next Story