ഗുണഭോക്തൃ പട്ടിക; തിരിച്ചുപോകേണ്ടിവരുമോ ദുരന്തബാധിതർ?
text_fieldsകൽപറ്റ: ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിൽ 242 പേർ മാത്രം ഇടം പിടിച്ചതോടെ ദുരന്ത ബാധിതർ ആശങ്കയിൽ. രണ്ടാംഘട്ട പട്ടിക വരാനുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും കുറഞ്ഞ കുടുംബങ്ങൾ മാത്രമാണ് അതിലും ഇടം നേടുന്നതെങ്കിൽ അർഹരായവർ ദുരന്ത മേഖലയിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമോയെന്നാണ് ദുരന്തത്തിൽ ബാക്കിയായവർ ചോദിക്കുന്നത്.
1555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത് 242 പേര് മാത്രമാണ്. വീട് നഷ്ടപ്പെട്ടവരും വാടകക്കും പാടികളിലും താമസിച്ചിരുന്ന ദുരന്തബാധിതരുമാണ് ആദ്യ പട്ടികയിലുള്‍പ്പെട്ടത്. നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ടതായ വീടുകള്‍ എന്നിവരാണ് രണ്ടാംഘട്ട പട്ടികയിലുണ്ടാവുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ, ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അതിര്‍ത്തി തിരിച്ച് സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തിയ കുടുംബങ്ങള്‍ രണ്ടാംഘട്ട പട്ടികയിലുണ്ടാകാനിടയില്ല. വിദഗ്ധസംഘം ഗോ സോൺ, നോ ഗോ സോണ്‍ എന്നിങ്ങനെ വാസയോഗ്യവും അല്ലാത്തതുമായ വീടുകളുടെ അതിര്‍ത്തി നിര്‍ണയിച്ചതോടെയാണ് പലരും ഗുണഭോക്തൃ ലിസ്റ്റിൽ നിന്നു പുറത്തു പോകേണ്ടിവരുന്നത്. വീടുകളിലേക്ക് വഴിയില്ലാത്തവര്‍ക്ക് വഴി നിര്‍മിച്ചുനല്‍കി പരിഹാരമുണ്ടാക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഇതോടെ ഏറ്റവും കൂടുതൽ ദുരന്തമുണ്ടായ മുണ്ടക്കൈയിലുള്പ്പെടെ പലരും വീടുകളിലേക്ക് മടങ്ങേണ്ടി വരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നേരത്തേ ഉരുൾ ദുരന്തമുണ്ടായ പടവെട്ടി പ്രദേശത്തെ 37 കുടുംബങ്ങളുൾപ്പെടെ നിലവിലെ പട്ടിക പ്രകാരം പ്രതിസന്ധിയിലാകും. ഏറ്റവും കൂടുതൽ നാശമുണ്ടായ പുഞ്ചിരിമട്ടത്തെ പല കുടുംബങ്ങളും നിലവിലുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്കൂൾ റോഡിലെ വിപിന്റെ അഞ്ച് സെന്റ് സ്ഥലവും വീടും ഉരുൾ ദുരന്തത്തിൽ തകർന്നിട്ടും ഗുണഭോക്തൃ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല. 2020ല്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല സ്കൂള്‍ റോഡിന് മുകളിലുള്ള പടവെട്ടി ഭാഗത്തെ കുടുംബങ്ങളടക്കം ഗോ സോണിലാണുള്ളത്. ചൂരൽമല സ്കൂള്‍ റോഡിലുള്ള ചില വീടുകളും വിദഗ്ധ സമിതി സ്ഥാപിച്ച അടയാളക്കല്ലിന് പുറത്താണ്. ഈ കുടുംബങ്ങള്‍ക്ക് റോഡ് നിര്‍മിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തിയിരുന്നു.
സർക്കാർ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന 69 കുടുംബങ്ങളുൾപ്പെടെ 807 ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വാടക ക്വാട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്. ഗുണഭോക്തൃപട്ടിക പൂർണമായും പുറത്തുവരുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സർക്കാർ വാടക ലഭിക്കാത്ത സാഹചര്യവുമുണ്ടാകും.
ദുരന്തമുണ്ടായി 193ാം ദിവസമാണ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികക്ക് ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നൽകുന്നത്. ദുദുരന്തസാധ്യത ഏറെയുള്ള മേഖലയിലേക്ക് ജനങ്ങളെ വീണ്ടും കുടിയിരുത്താനുള്ള നീക്കമുണ്ടായാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് പ്രദേശവാസികളുടെ തീരുമാനം.