വയനാട് വായ്പ: മിണ്ടാതെ കേന്ദ്രം
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച ദീർഘകാല വായ്പയുടെ ചെലവഴിക്കലിന് സാവകാശം തേടി കേരളമയച്ച കത്തിന് മറുപടി പോലും നൽകാതെ കേന്ദ്രം. സമയപരിമിതിയും നടപടിക്രമങ്ങളുമടക്കം വിശദീകരിച്ചും ചെലവഴിക്കലിന് ഒരുവർഷത്തെ സാവകാശം ആവശ്യപ്പെട്ടും ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നൽകിയത്. മാർച്ച് 31നകം 529.50 കോടി ചെലവഴിക്കണമെന്ന കർശന ഉപാധി അപ്രായോഗികമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ‘അയച്ച കത്ത് കിട്ടി’ എന്ന പ്രതികരണം പോലും കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് വഴി ആശയവിനിമയങ്ങൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അതും ഫലം കണ്ടിട്ടില്ല. സമയപരിമിതി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ ‘ഡെപ്പോസിറ്റ് വർക്ക്’ എന്ന പരിഗണനയിൽ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സാധാരണ പ്ലാൻ ഫണ്ട് വഴിയുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകിയാൽ ‘ഡെപ്പോസിറ്റ് വർക്ക്’ ആയാണ് ചെയ്യുന്നത്. മരാമത്ത് വകുപ്പിന്റെ അക്കൗണ്ടിലേക്ക് പണം നൽകുന്നതോടെ, ചെലവഴിക്കലിന്റെ (എക്സ്പെൻഡിച്ചർ) സാങ്കേതിക പരിഗണനയിൽ ഉൾപ്പെടും.
ടെൻഡർ ക്ഷണിച്ച് പ്രവൃത്തി നടക്കാൻ പിന്നെ സമയമെടുക്കുമെന്നത് സാധാരണ കീഴ്വഴക്കമാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 16 പ്രവൃത്തികൾക്കായാണ് 529.50 കോടി കേന്ദ്രം അനുവദിച്ചത്. മരാമത്ത്, ഇറിഗേഷൻ, ജലഅതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളെയാണ് നിർവഹണ ഏജൻസികളായി നിയോഗിച്ചിട്ടുള്ളതും. ഇതിൽ കൂടുതൽ പ്രവൃത്തികളും മരാമത്ത് വകുപ്പിനാണ്. 529.50 കോടി ഡെപ്പോസിറ്റ് വർക്കിനായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ട്. അതേസമയം ഈ ചെലവഴിക്കലിലെ സാങ്കേതിക ഉപാധി കേന്ദ്രം അംഗീകരിക്കുമോയെന്നതിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്.
കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളിലെ പ്രത്യേക മൂലധന നിക്ഷേപങ്ങൾക്കായുള്ള വകയിരുത്തലിൽ ഉൾപ്പെടുത്തി ഫെബ്രുവരി മധ്യത്തോടെയാണ് 529.50 കോടി വായ്പ അനുവദിച്ചത്. ഇത് ദുരന്തപ്രതികരണനിധിയിൽ നിന്നുള്ള വായ്പയല്ല. സംസ്ഥാനങ്ങൾക്കുള്ള ‘വായ്പയും മുൻകൂറും’ എന്ന കണക്കുശീർഷകത്തിലാണ് പണം അനുവദിച്ചത്. മൂലധനനിക്ഷേപ വായ്പ ചെലവഴിക്കലിന് ഒന്നര മാസത്തെ സമയപരിധി നിശ്ചയിച്ചറിയിക്കുകയും ചെയ്തതിന് പിന്നിൽ സർക്കാറിനെ സമ്മർദത്തിലാക്കലാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.