നാലാംതവണയും ബത്തേരിയിൽ ഐ.സി; എൽ.ഡി.എഫിന് കനത്ത പ്രഹരം
text_fieldsനാലാം തവണ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ നേതാക്കളോടൊപ്പം ആഹ്ലാദം പങ്കിടുന്നു
സുൽത്താൻ ബത്തേരി: തുടർച്ചയായ നാലാം തവണയും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും ഐ.സി. ബാലകൃഷ്ണന് വിജയം. ഇത്തവണ വലിയ വിജയപ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫിന്റെ സകല അടവുകളും പരാജയപ്പെട്ടു.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം ഐ.സി. ബാലകൃഷ്ണനുണ്ടായി. ഒന്നു മുതൽ 18 റൗണ്ടുകളിൽ, ഒരിക്കൽപോലും ഐ.സിയോടൊപ്പം എത്താൻ എൽ.ഡി.എഫിലെ എം.എസ്. വിശ്വനാഥനായില്ല. മുള്ളൻകൊല്ലി, പുൽപള്ളി, നൂൽപ്പുഴ, മീനങ്ങാടി, അമ്പലവയൽ, നെന്മേനി, പൂതാടി പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും ഐ.സി ക്കാണ് ഭൂരിപക്ഷം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത പുൽപള്ളി, മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലും ഐ.സിക്ക് ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്നും 11,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. ഇത്തവണ പതിനാലാം റൗണ്ടിൽ എത്തിയപ്പോഴേക്കും 2021ലെ ഭൂരിപക്ഷം മറികടക്കാൻ ഐ.സിക്ക് കഴിഞ്ഞു. 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ 78,936 വോട്ടുകളാണ് ഐ.സി നേടിയത്. 62,339 വോട്ടുകൾ നേടിയ എം.എസ്. വിശ്വനാഥനേക്കാൾ16,597 വോട്ടുകളുടെ ഭൂരിപക്ഷം. 2011ൽ ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയ ഐ.സി. ബാലകൃഷ്ണന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ 7583 വോട്ടിന് തോല്‍പ്പിച്ചു. 2016ല്‍ ബത്തേരി മണ്ഡലത്തില്‍ രണ്ടാമതും മത്സരിച്ചപ്പോൾ സി.പി.എമ്മിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി കാണണം.
1996ലും 2006ലും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. പിന്നീടാണ് ഐ.സിയുടെ വരവ്. ഐ.സി ഹാട്രിക് നേടിയതോടെ അപകടം മണത്ത സി.പി.എം 2026ൽ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉദ്ദേശ്യത്തിൽ കരുക്കൾ നീക്കുകയായിരുന്നു. ഐ.സി. ബാലകൃഷ്ണൻ ഡി.സി.സി പ്രസിഡന്റായ സമയത്തെ സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴ, ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിലെ പ്രേരണ കുറ്റം എന്നിവയെല്ലാം ഉയർത്തിക്കൊണ്ടുവന്ന് ഐ.സിക്കെതിരെ ആഞ്ഞടിച്ചു. എന്നാൽ വോട്ടർമാർ അതൊന്നും കാര്യമാക്കിയില്ലെന്നാണ് തെരഞ്ഞെടുപ്പ് വിധി വ്യക്തമാക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥി എ.എസ്. കവിത 31,308 വോട്ടുകൾ നേടി. എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ആം ആദ്മി പാർട്ടിയുടെ എൻ.വി. പ്രകൃതി 1781 വോട്ടുകൾ നേടി. അതേസമയം നോട്ടക്ക് 1442 വോട്ടുകൾ കിട്ടി.


