ഉരുൾ പുനരധിവാസം; ടൗൺഷിപ്പിലെ അനിശ്ചിതത്വം നീങ്ങുന്നു
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതി നിർമാണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ് പദ്ധതി വരുന്നത്. 26 കോടി രൂപയാണ് ഇതിന് പകരമായി ഉടമകൾക്ക് സർക്കാർ നിശ്ചയിച്ച തുക. എന്നാൽ, ഇത് കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ ഹൈകോടതിയിൽ ഹരജി നൽകിയതോടെയാണ് അനിശ്ചിതത്വമുണ്ടായത്.
ടൗൺഷിപ്പിനായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മേപ്പാടി നെടുമ്പാല എസ്റ്റേറ്റിന്റെ കൈവശക്കാരായ ഹാരിസൺ നേരത്തേ തന്നെ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് തൽക്കാലം കൽപറ്റയിലെ ഭൂമി മാത്രം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ ഭൂമിയിലും സ്റ്റേ വരുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാറിന് മുന്നോട്ടുപോകാമെന്നാണ് ഹൈകോടതി തിങ്കളാഴ്ച ഉത്തരവിട്ടത്. ഇതോടെ സർക്കാറിന് ആശ്വാസമായി.
നേരത്തേ മാർച്ച് 27ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചതോടെ തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഹൈകോടതി വിധി പ്രതികൂലമായാൽ എസ്റ്റേറ്റ് ഭൂമിയിൽ തറക്കല്ലിടൽ നടത്താതെ കൽപറ്റയിൽ ചടങ്ങ് നടത്താനായിരുന്നു ആലോചന. എന്നാൽ, ഇനി മുൻനിശ്ചയിച്ചപോലെ സർക്കാറിന് കാര്യങ്ങൾ നടത്താനാകും.
അതേസമയം, എസ്റ്റേറ്റിലെ മുന്നൂറോളം തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനായി ലേബർ കമീഷണർ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ച സംയുക്ത തൊഴിലാളി യൂനിയനുകളുടെ യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. കുടിശ്ശികയുള്ള പി.എഫ്, ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ തീരുമാനമാകാതെ ഭൂമിയിൽനിന്ന് ഒഴിയില്ലെന്നാണ് തൊഴിലാളികളുടെ തീരുമാനം. ഇതുവരെ, ടൗൺഷിപ്പിൽ വീട് വേണമെന്ന സമ്മതപത്രം നൽകിയത് 170 പേരാണ്. 65 പേർ വീടു വേണ്ട, 15 ലക്ഷം സാമ്പത്തിക സഹായം മതിയെന്ന സമ്മതപത്രമാണ് നൽകിയത്. ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 പേർക്ക് സമ്മതപത്രം നൽകാനുള്ള അവസാന ദിനം തിങ്കളാഴ്ചയായിരുന്നു.