കണ്ണുതുറക്കാൻ ഇനിയുമെത്ര ജീവനെടുക്കണം?
text_fieldsവന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ബാലകൃഷ്ണന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ, വനം-പൊലീസ് ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുന്ന നാട്ടുകാർ
കൽപറ്റ: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാനക്കലിയിൽ നഷ്ടമായത് നാല് ജീവൻ. ഇതിൽ രണ്ടും വയനാട്ടിൽ. അതും രണ്ടു ദിവസത്തിനിടെ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും കണ്ണിൽപൊടിയിടുന്ന നടപടികൾ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ പോലും നിരന്തരം വന്യജീവി ആക്രമണങ്ങളുണ്ടാവുകയാണ്. ഒരു വർഷത്തിനിടെ വയനാട്ടിൽ മാത്രം എട്ട് ജീവനാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഓരോ മരണവുമുണ്ടാകുമ്പോഴും ചൂടുപിടിക്കുന്ന പ്രതിരോധ ചർച്ചകളും പ്രഖ്യാപനങ്ങളുമെല്ലാം വാഗ്ദാനങ്ങളിലൊതുങ്ങുകയാണ്.
10 വർഷത്തിനിടെ വന്യജീവികൾ ജില്ലയിൽ അറുപതിലധികം പേരുടെ ജീവനെടുത്തപ്പോൾ ഭൂരിഭാഗവും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ. കാട്ടാനയും കടുവയും കരടിയും പുലിയുമെല്ലാം ദിനേന ജനവാസ കേന്ദ്രങ്ങളിലെത്തി താണ്ഡവമാടുമ്പോഴും പരിഹാരം അകലെയാണ്. വന്യമൃഗ പ്രതിരോധത്തിന് ഇത്തവണയും ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് വർധിക്കുന്ന ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.
ചാലിഗദ്ധ പടമല പനച്ചിയിൽ അജീഷ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വന്യമൃഗ പ്രതിരോധത്തിന് ശാശ്വത പദ്ധതികൾ വനം മന്ത്രി ഉറപ്പ് നൽകിയിരുന്നു. വർഷം ഒന്നു കഴിഞ്ഞെങ്കിലും ഇപ്പോഴും അവയെല്ലാം ഫയലിൽ തന്നെയാണ്. വനഭാഗങ്ങളിലെ കിടങ്ങുകളും വേലികളും തകർന്നതിനാൽ, കൂടുതൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നു. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടേതുൾപ്പെടെ നൂറുകണക്കിന് വീടുകളാണ് ഓരോ വർഷവും തകർക്കുന്നത്. ഇവ വളർത്തുമൃഗങ്ങളെയടക്കം കൊന്നൊടുക്കുന്നതും സാധാരണമായി. രണ്ടു വര്‍ഷം മുമ്പ് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടി രൂപ ചെലവുവരുന്ന പദ്ധതി സമര്‍പ്പിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ നിരസിച്ചു.
വാച്ചർമാരുടെ കുറവും വനം വകുപ്പിന് വെല്ലുവിളിയാണ്. കാട്ടാനശല്യം തടയാൻ ലക്ഷ്യമിട്ട് ജില്ലയിലാദ്യമായി നടപ്പാക്കുന്ന ക്രാഷ്ഗാർഡ് ഫെൻസിങ് സംവിധാനം 2023 ആഗസ്റ്റിൽ നിർമാണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. കടുവയുടെ ആക്രമണത്തിൽ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് മരിച്ചതിനെത്തുടർന്ന് വനംമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തയാറാക്കിയ മാസ്റ്റർപ്ലാൻ രണ്ടുകൊല്ലം കഴിഞ്ഞിട്ടും നടപ്പായില്ല.
ആവാസവ്യവസ്ഥ തകിടംമറിഞ്ഞതും എണ്ണം വർധിച്ചതുമാണ് ജനവാസ മേഖലയിൽ വന്യജീവികൾ ഇറങ്ങാൻ കാരണമെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ വേണമെന്നുമുള്ള ഏറെ നാളത്തെ ആവശ്യത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറംതിരിഞ്ഞു നിൽക്കുകയാണിപ്പോഴും.
വയനാടൻ കാടുകളിൽ വന്യജീവികളുടെ എണ്ണം വർധിച്ചതായി കണക്കെടുപ്പിൽ വ്യക്തമായെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, വനത്തിന് ഉൾക്കൊള്ളാനാവാത്ത തരത്തിൽ വർധിക്കുന്ന മൃഗങ്ങളെ എന്തുചെയ്യണമെന്ന കാര്യത്തിൽ മൗനം പാലിക്കുകയാണ് ബന്ധപ്പെട്ടവർ.
1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി കർഷകർ ഉന്നയിക്കുന്നതാണെങ്കിലും കേന്ദ്രം നിരസിക്കുകയാണ്.
വന്യജീവി ആക്രമണം തടയാൻ കർമപദ്ധതി; 10 മിഷനുകൾക്ക് രൂപം നൽകാൻ വനംവകുപ്പ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാൻ 10 കർമപദ്ധതികളുമായി വനംവകുപ്പ്. എല്ലാ വനം ഡിവിഷനുകളിലും ആനത്താരകൾ നിർമിക്കും, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ നിരീക്ഷിക്കും, വന്യജീവി സംഘർഷ മേഖലകളിൽ സന്നദ്ധ പ്രതികരണ സേനയുണ്ടാക്കും, ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും, വന്യജീവികൾക്ക് വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കും, വന്യമൃഗങ്ങളുടെ സ്വഭാവം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, വനാതിർത്തികളിൽ സൗരോർജവേലികൾ സ്ഥാപിക്കും, കുരങ്ങ് ശല്യംകുറക്കാൻ നിയമാനുസൃത നിയന്ത്രണ മാർഗങ്ങൾ കൊണ്ടുവരും, കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് സഹായം നൽകും, പാമ്പുകടി മരണം കുറക്കാൻ ആന്റിവെനം ഉൽപാദനവും വിതരണവും ഊർജിതമാക്കും എന്നീ 10 കർമ പദ്ധതികൾക്കാണ് രൂപം നൽകിയത്. വനം ആസ്ഥാനത്ത് വനം അഡീ. ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
വന്യജീവി സംഘർഷ മേഖലകളിലെ എസ്റ്റേറ്റ് ഉടമകൾക്ക് അടിയന്തരമായി കാടുനീക്കാൻ നോട്ടീസ് നൽകും. വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്കിരുവശവുമുള്ള അടിക്കാടുകൾ വെട്ടിത്തെളിക്കും. വേനൽക്കാലത്ത് വനമേഖലയിലൂടെ യാത്രചെയ്യുന്നവരും വനത്തിനടുത്ത് താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങൾ
- ജനവാസ മേഖലകൾക്ക് അരികിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും
- സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 28 റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കും
- വനങ്ങളിലൂടെ രാത്രിയാത്ര നടത്തുന്നവർക്ക് ജാഗ്രത നിർദേശം നൽകും
പ്രശ്നങ്ങളിൽ സമയബന്ധിത ഇടപെടലിന് സന്നദ്ധ പ്രതികരണസേന
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷ പ്രശ്നങ്ങളിൽ സമയബന്ധിത ഇടപെടൽ ഉറപ്പുവരുത്തുന്നതിന് സന്നദ്ധ പ്രതികരണസേന രൂപവത്കരിക്കും. ആർ.ആർ.ടികൾ സംഘർഷ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പുതന്നെ ടീമുകൾ സംഘർഷപ്രദേശത്ത് അടിയന്തരമായി എത്തിച്ചേരുകയും പ്രശ്നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഫോറസ്റ്റ് കൺസർവേറ്റർ ശിൽപ വി. കുമാറിനായിരിക്കും ചുമതല.
എല്ലാ ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങളൊരുക്കുകയും ചെയ്യാൻ പദ്ധതിയുടെ നോഡൽ ഓഫിസറായി അസി. ഫോറസ്റ്റ് കൺസർവേറ്റർ മനു സത്യനെ നിയമിച്ചു. കേരളത്തിലെ 36 ഗോത്ര സമൂഹങ്ങൾ മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകൾ ശേഖരിക്കുന്നതിന് വനം വകുപ്പ് കേരള വന ഗവേഷണ കേന്ദ്രവുമായി ചേർന്ന് പദ്ധതി നടപ്പാക്കും. സാധ്യമായ സ്ഥലങ്ങളിൽ ഇത്തരം അറിവുകൾ നൽകാൻ പ്രാപ്തമായ വിവിധ ഗോത്ര വർഗത്തിലുള്ള ആളുകളെ സംഘടിപ്പിക്കും. ഈ പദ്ധതിയുടെ നോഡൽ ഓഫിസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ രാജു കെ. ഫ്രാൻസിസിനെ നിയമിച്ചു.
വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനും അവക്കാവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ ഉറപ്പുവരുത്തുന്നതിനും വനംവകുപ്പ് ‘മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ’ പദ്ധതി ആരംഭിക്കും. തദ്ദേശീയരുടെയും എൻ.ജി.ഒകളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് വിവിധ പ്രവൃത്തികൾ നടപ്പാക്കുക. ഇതിന്റെ നോഡൽ ഓഫിസറായി ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാറിനെ നിയമിച്ചു.
കുരങ്ങുകളുടെ ശല്യം വർധിച്ചുവരുന്നതിനാൽ അവയെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് മാർഗങ്ങൾ കണ്ടെത്തി പ്രപ്പോസൽ തയാറാക്കും. ഇതിന്റെ ചുമതല ഫോറസ്റ്റ് വെറ്ററിനറി ഓഫിസറായ ഡോ. അരുൺ സക്കറിയക്കാണ്. കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളിൽ അവയെ നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകൾക്ക് വനം വകുപ്പ് എല്ലാ സഹായവും നൽകും. പഞ്ചായത്തുകൾ എംപാനൽ ചെയ്ത ഷൂട്ടേഴ്സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാലിനാണ് ഇതിന്റെ ചുമതല.
പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഇല്ലാതാക്കാൻ ആന്റിവെനം ഉല്പാദനവും വിതരണവും ശക്തമാക്കാനും ജനങ്ങളിൽ ബോധവത്കരണം ശക്തമാക്കാനും തീരുമാനിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവറിനാണ് ചുമതല. മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിന്റെ ഭാഗമായി ‘മിഷൻ നോളഡ്ജ്’ എന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകും. ഫോറസ്റ്റ് കൺസർവേറ്റർ ടി. ഉമക്കാണ് ചുമതല.
ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ പരമാവധി പ്രവർത്തിപ്പിക്കും.
വന്യജീവി-മനുഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ വയനാടിന് 50 ലക്ഷം
തിരുവനന്തപുരം: വയനാട്ടിലെ മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതികള്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്തനിവാരണ വകുപ്പാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഈ തുക വനാതിര്‍ത്തി പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ബുധനാഴ്ച ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് കമിറ്റിയാണ് പണം അനുവദിക്കാന്‍ തീരുമാനിച്ചത്. പണം അനുവദിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, വന്യജീവി ആക്രമണം നേരിടാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ അടിയന്തരമായി നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണം കൂടിവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വിശകലനം ചെയ്യുന്നതിന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.