നാടൊരുമിച്ചു; ദേശത്തിന്റെ ഹീറോകൾക്ക് സ്നേഹാദരം
text_fields‘വി നാട് ഓണറിങ് ഹീറോസ്’ പരിപാടിയിൽ ആദരമേറ്റുവാങ്ങിയവർ മാധ്യമം, മീഡിയവൺ അധികൃതർക്കൊപ്പം
കൽപറ്റ: ‘മാധ്യമ’വും ‘മീഡിയവണും’ സംയുക്തമായി സംഘടിപ്പിച്ച ‘വി നാട്, ഓണറിങ് ഹീറോസ്’ പരിപാടി നാടേറ്റെടുത്തു. വയനാട് രക്ഷാപ്രവർത്തനത്തിന് കൈകോർത്തവരെ ആദരിക്കുന്നതിനായി ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സങ്കടത്തിനപ്പുറം പ്രതീക്ഷയാണ് നിറഞ്ഞത്.
വിവിധയിടങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ ദുരന്ത മേഖലയിലെ ഹീറോകളെ ഹൃദയംകൊണ്ട് ആദരിച്ചു. രക്ഷാപ്രവർത്തകരുടെ അനുഭവങ്ങളും അതിജീവിതരുടെ കഥയും കേട്ടപ്പോൾ അവർക്കൊപ്പം എല്ലാവരും സങ്കടപ്പെട്ടു. എന്നാൽ, എല്ലാ ദുഃഖങ്ങളും മറന്ന് പ്രതീക്ഷയുടെ പുതുലോകത്തിലേക്കുള്ള വഴിയിലാണ് എല്ലാവരുമെന്നും അതിന് നാടുമുഴുവൻ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകുന്നതായി സ്നേഹാദരം.
‘ദുരന്തശേഷം കൂട്ടുകാരെ വിളിച്ചപ്പോൾ പലരും ഫോണെടുക്കാത്തത് വേദനിപ്പിച്ചു. എന്നാൽ, സേവന രംഗത്ത് എല്ലാം മറന്നിറങ്ങിയവർക്കൊപ്പം തന്നാലാവുന്നത് ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് ദുരന്തഭൂമിയിൽ വരുന്നവർക്കെല്ലാാം കട്ടൻ ചായ നൽകാൻ തുടങ്ങിയത്’ എന്നായിരുന്നു ഏഴാം ക്ലാസുകാരി അനൂഫ പറഞ്ഞത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നൗഫൽ തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞപ്പോൾ സദസ്സ് കരയുകയായിരുന്നു. ദുരന്തമുഖത്ത് ആദ്യം ഓടിയെത്തിയ അലി, ദുരന്തമുഖത്തേക്ക് വടം കെട്ടി കയറിയ ആരോഗ്യപ്രവർത്തക സബീന, തെരുവിൽ പാട്ടുപാടി മകളുടെ കല്യാണത്തിന് സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ട സുബൈർ അങ്ങനെ തുടങ്ങി പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ദുരന്തത്തിന്റെ ദുഃഖം 40 നാളുകൾക്ക് ഇപ്പുറവും നാടിനെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്നതിന്റെ നേർസാക്ഷ്യമായിരുന്നു പരിപാടി. നേരത്തേ തന്നെ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എൻ.എസ്.എസ് വിദ്യാർഥികൾ മുതൽ വനം വകുപ്പും പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കൊപ്പം ഇറങ്ങിയ ആദിവാസി പണിയ വിഭാഗക്കാരടക്കം പരിപാടിയുടെ ഭാഗമായി. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആയിരക്കണക്കിനാളുകൾക്ക് കൂടുതൽ കരുത്തുപകർന്നാണ് പരിപാടി അവസാനിച്ചത്.