Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഞങ്ങൾക്ക് എല്ലാ...

‘ഞങ്ങൾക്ക് എല്ലാ കെഎസ്ആർടിസി ബസിലും സൗജന്യ യാത്രവേണം..’ -സമരവുമായി മഹിളാമോർച്ച

text_fields
bookmark_border
‘ഞങ്ങൾക്ക് എല്ലാ കെഎസ്ആർടിസി ബസിലും സൗജന്യ യാത്രവേണം..’ -സമരവുമായി മഹിളാമോർച്ച
cancel

കോട്ടയം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ വനിതാവിഭാഗമായ മഹിളാ മോർച്ച. ‘ഞങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും സൗജന്യമായി യാത്രചെയ്യണം... സ്ത്രീകളെ വഞ്ചിച്ചില്ലേ...’ -കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രതിഷേധത്തിനായി ബസിൽ കയറിയ മഹിളാമോർച്ച ഭാരവാഹികൾ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യയാത്ര തരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഭരണം കൈയിൽ കിട്ടിയപ്പോൾ ഓർഡിനറി മാത്രമാക്കി. അത് പറ്റില്ല. സ്ത്രീ ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ പറ്റില്ല. ഞങ്ങൾ മഹിളാ മോർച്ചയുടെ ജില്ലാ പ്രസസിഡന്റിന്റെ നേതൃത്വത്തിലാണ് വന്നിരിക്കുന്നത്. വാഗ്ദാനം പൂർണമായും പാലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

ഇലക്ഷന് മുമ്പും ശേഷവും അവർ ഓർഡിനറി ബസ് മാത്രം എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഗവൺമെന്റ് ബസുകളിൽ സൗജന്യം എന്നാണ് പറഞ്ഞത്. അത് നടപ്പിലാക്കിയോ ഇല്ലയോ അതാണ് ഞങ്ങൾക്ക് അറിയേണ്ടത്. ഭരണം കിട്ടികഴിഞ്ഞ് സ്ത്രീ ജനങ്ങളുടെ വോട്ട് നേടിക്കഴിഞ്ഞ് വഞ്ചിക്കുന്ന ഇടപാട് നല്ലതല്ല. ഞങ്ങളൊക്കെ പാർട്ടി വേറെയാണ്. എല്ലാ സ്ത്രീകൾക്കും സൗജന്യം കൊടുക്കണം.


നമ്മൾ ഇവിടെ വണ്ടി തടഞ്ഞിട്ടില്ല. ബസിൽ കയറി കണ്ടക്ടറോടും ഡ്രൈവറോടും ഫ്രീ ടിക്കറ്റ് തരണം എന്നാണ് പറഞ്ഞത്. അല്ലാതെ വണ്ടി തടഞ്ഞു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. നമുക്ക് ഇന്ന് ഫ്രീ ആയിട്ട് ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു. അത് നമുക്ക് തന്നിട്ടില്ല. സ്ത്രീ ജനങ്ങളെ മുഴുവൻ പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനെതിരെ ഇതൊരു സൂചന സമരം മാത്രമാണ്. സർക്കാർ നടപ്പാക്കിയിട്ടില്ലെങ്കിൽ ഇനിയും സമരവുമായി മുന്നോട്ടുപോകും’ -ഭാരവാഹികൾ പറഞ്ഞു.

വി.ഡി സതീശൻ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേന്ന് മേയ് 15നും മഹിളാമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര വൈകുന്നുവെന്നും ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ സമരം. മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെസി വേണുഗോപാലിന്റെ വാഗ്ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തായിരുന്നു പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധിച്ചത്. ‘സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധം’ എന്ന പ്ലക്കാർഡുകൾ അടക്കം ഉയർത്തി മഹിളാമോർച്ച പ്രവർത്തകർ ബസ്സിൽ കയറിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൽപറ്റ സൂപ്പർഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധം അരങ്ങേറിയത്.

‘ഇനിയിപ്പോ ഇങ്ങനെയൊക്കെ പോകട്ടെ എന്നുള്ളതാണ് അവരുടെ ഉദ്ദേശമെങ്കിൽ അത് നടപ്പാക്കില്ല. സ്ത്രീകൾക്ക് കിട്ടേണ്ടത് കിട്ടണം. സൗജന്യയാത്ര പദ്ധതി മാത്രമല്ല, യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത എന്തെങ്കിലും നടപ്പിലാക്കുമോ എന്നുള്ളതാണ് ഇപ്പോൾ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഏറെ നാൾ എടുത്തു. ഇനി മന്ത്രിമാർ ആരെന്ന് തീരുമാനിക്കാൻ ആറു മാസം എടുക്കുമായിരിക്കും. അതിനുശേഷം അവർ ഈ വാഗ്ദാനങ്ങളൊക്കെയും മറന്നുപോകും.

സൗജന്യ യാത്ര തരണ​മെന്ന് ജനങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ടതാണോ? 15ാം തീയതി തരാം എന്ന് അവർ ഇങ്ങോട്ട് പറഞ്ഞതാണ്. 15ാം തീയതിയായി. ഞങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കി. അപ്പോൾ കെഎസ്ആർടിസിക്കാർ പറഞ്ഞു, അങ്ങനെ ഒരു അറിയിപ്പും അവർക്ക് കിട്ടിയിട്ടില്ല എന്ന്. ഇനി എല്ലാം അങ്ങനെയായിരിക്കും എന്നാണ് തോന്നുന്നത്’ -അന്ന് സമരം ചെയ്ത മഹിളാ മോർച്ച ഭാരവാഹികൾ പറഞ്ഞു. ഒടുവിൽ ഒരുമാസം കഴിഞ്ഞ് ഇന്ന് പദ്ധതി നടപ്പാക്കുമ്പോൾ, എല്ലാ ബസ്സിലും സൗജന്യ യാത്രവേണം എന്ന ആവശ്യവുമായാണ് ഇവർ സമരത്തിനിറങ്ങിയത്.

Show Full Article
TAGS:Free Travel For Women KSRTC Mahila Morcha Protests 
News Summary - 'We Want Free Travel in All KSRTC Buses' - Mahila Morcha Stages Protest
Next Story