പുതിയ പ്ലസ് വൺ ബാച്ച് ഒഴിവാക്കലിന് ആയുധം, പെരുപ്പിച്ച സീറ്റൊഴിവ് കണക്ക്
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ അടുത്ത വർഷം പുതിയ ബാച്ച് വേണ്ടെന്ന ഉത്തരവിറക്കാൻ സർക്കാർ ആയുധമാക്കിയത് അൺഎയ്ഡഡ് സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം. വർഷങ്ങളായി അൺഎയ്ഡഡ് സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് കൂടി ചേർത്ത് പെരുപ്പിച്ച കണക്കിന്റെ ബലത്തിലാണ് ഉത്തരവിറക്കിയത്.
ഏറ്റവും കൂടുതൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി ഉത്തരവിൽ പറയുന്നത് മലപ്പുറം ജില്ലയിലാണ്; 7922 എണ്ണം. എന്നാൽ, ഇതിൽ 5500 ഓളം സീറ്റ് അൺഎയ്ഡഡ് സ്കൂളുകളിലാണെന്നത് മറച്ചുവെച്ചു. ഇവിടെ സർക്കാർ സ്കൂളുകളിൽ 2133ഉം എയ്ഡഡ് സ്കൂളുകളിൽ 336 ഉം സീറ്റ് മാത്രമാണ് മെറിറ്റിൽ ഒഴിഞ്ഞുകിടക്കുന്നത്. സീറ്റ് ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ വർഷം മലപ്പുറത്തും കാസർകോടുമായി 138 താൽക്കാലിക ബാച്ച് അനുവദിച്ചിരുന്നു. ഇതിൽ മലപ്പുറത്ത് 74 സർക്കാർ സ്കൂളുകളിലായി 120 താൽക്കാലിക ബാച്ചാണ് അനുവദിച്ചത്.
കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് സീറ്റ് ക്ഷാമം ബോധ്യപ്പെട്ടപ്പോൾ താൽക്കാലിക ബാച്ച് അനുവദിക്കാൻ തയാറായത്. ജൂൺ 24ന് പ്ലസ് വൺ ക്ലാസ് തുടങ്ങിയെങ്കിലും താൽക്കാലിക ബാച്ചിന്റെ ഉത്തരവിറങ്ങിയത് ജൂലൈ 16നാണ്. പ്രവേശനം തുടങ്ങിയത് ജൂലൈ 26നും. ഏറെ വൈകി അനുവദിച്ച താൽക്കാലിക ബാച്ചുകളിലെ സീറ്റാണ് മലപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന ഭൂരിഭാഗം മെറിറ്റ് സീറ്റും. 2023ൽ 97 താൽക്കാലിക ബാച്ച് അനുവദിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി.
ഇതേ താൽക്കാലിക ബാച്ചുകൾ 2024ൽ പ്രവേശനത്തിന്റെ ആദ്യഘട്ടം മുതൽ തുടരാൻ തീരുമാനിച്ചതോടെ, പൂർണമായും കുട്ടികളെത്തി. മൂന്ന് അലോട്ട്മെന്റ് കഴിയുന്നതോടെ, സീറ്റില്ലാതെ വരുന്ന കുട്ടികൾ സമാന്തര പഠന മാർഗങ്ങൾ തേടും. ഇതിനു ശേഷമാണ് സർക്കാർ താൽക്കാലിക ബാച്ച് അനുവദിക്കുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലും സ്ഥിതി സമാനമാണ്.
മലപ്പുറത്ത് താൽക്കാലിക ബാച്ചുകളിലൂടെ 11400ഉം 30 ശതമാനം സീറ്റ് വർധന വഴി 12995 ഉം സീറ്റ് വർധിപ്പിച്ചാണ് പ്രവേശനം നടത്തിയത്. 2023ൽ അനുവദിച്ച 53ഉം 2024ൽ അനുവദിച്ച 120 ഉം മറ്റു ജില്ലകളിൽ നിന്ന് താൽക്കാലികമായി ഷിഫ്റ്റ് ചെയ്തതുമായ ബാച്ചുകളും ഉൾപ്പെടെ 190ഓളം താൽക്കാലിക ബാച്ചാണ് ജില്ലയിൽ മാത്രമുള്ളത്.
ജില്ലയിൽ 24,395 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സീറ്റ് താൽക്കാലികമാണെന്നിരിക്കെയാണ് പുതിയ ബാച്ച് വേണ്ടെന്ന വിചിത്ര ഉത്തരവ്.