Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേമ പെൻഷൻ വിതരണം...

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസ്

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: ആഗസ്റ്റ് 25 മുതൽ വിതരണം ചെയ്യേണ്ട സർക്കാറിന്‍റെ ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിനായി 1105 കോടി അനുവദിച്ചു.

പെൻഷൻ ഒരു മാസവും മുടങ്ങാതെ നൽകണമെന്നാണ് സർക്കാർ നയം. 59,00,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹിക സുരക്ഷ പെൻഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. 16 ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേർക്കുള്ള വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ബുധനാഴ്ച മുതൽ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങൾക്ക് 1200 രൂപ വീതം ഉത്സവബത്ത നൽകാൻ 44.24 കോടിയും അയ്യങ്കാളി നഗര തൊഴിലുറപ്പുകാർക്ക് 1200 രൂപ നൽകാൻ 85 ലക്ഷം രൂപയും അനുവദിച്ചു. കനത്ത ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചെയ്യാനുള്ളതെല്ലാം സർക്കാർ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾക്കായി 630.5 കോടിരൂപയും അങ്കൺവാടി പെൻഷൻകാരുടെ കുടിശിക തീർക്കാൻ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്. ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്തയും അനുവദിച്ചു. പാർട് ടൈം കണ്ടിജന്‍റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ് അനുവദിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവർത്തകർക്ക് 1450 രൂപ ഉത്സവ ബത്തയും അനുവദിച്ചു. പിന്നാക്ക വിഭാഗ സ്കോളർഷിപ്പിൽ മുൻസർക്കാർ കുടിശികയാക്കിയത് തീർക്കാൻ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകൾ തീർക്കാൻ 200 കോടി രൂപയും അനുവദിച്ചു. സൈപ്ലകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആർ.എസ് കുടിശിക തീർപ്പാക്കാൻ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീർക്കാനാണ് ലക്ഷ്യമിടുന്നത്. സൈപ്ലകോക്ക് ഓണവിപണി സജീവമാക്കാൻ 53 കോടി രൂപ മുൻകൂറായി അനുവദിച്ചു. കൺസ്യൂമർ ഫെഡിന് 25 കോടിയും അനുവദിച്ചു.

സ്കൂൾപാചക തൊഴിലാളികളുടെ വർധിപ്പിച്ച വേതനം ഉൾപ്പെടെ വിതരണം ചെയ്യാൻ 44 കോടി അനുവദിച്ചു. ലോട്ടറി ഏജന്‍റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി വിതരണത്തിന് 26.47 കോടി അനുവദിച്ചു. അവരുടെ ഉത്സവബോണസ് ആയിരം രൂപയാക്കി വർധിപ്പിച്ചു. എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളതിന് 14.4 കോടി അനുവദിച്ചു. 60 വയസിന് മുകളിലുള്ള 52525 പട്ടിക വർഗക്കാർക്ക് ഓണക്കോടി വിതരണത്തിനായി 5.28 കോടി അനുവദിച്ചു.

സ്പോർട്സ് കൗൺസിൽ കരാർ ജീവനക്കാരുടെ വേതന കുടിശിക അനുവദിക്കാനായി ഒന്നര കോടി അനുവദിച്ചു. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവ ബത്തയും കിറ്റും 2000 രൂപ എക്സ്ഗ്രേഷ്യ ആശ്വാസവും നൽകാൻ 21 ലക്ഷം രൂപ അനുവദിച്ചു. കൈത്തറി സ്കൂൾ യൂനിഫോം നെയ്ത്തുകൂലി ഉൾപ്പെടെ 30 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
TAGS:welfare pension VD Satheesan 
News Summary - Welfare pension distribution from tomorrow
Next Story