‘പ്രതിക്കൂട്ടിലായാലും ഞാൻ പറയില്ല’; ഉമ്മൻചാണ്ടി അന്ന് നിയമസഭയിൽ പറഞ്ഞത്...
text_fieldsകോഴിക്കോട്: സോളാർ കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാറും ചാണ്ടി ഉമ്മൻ എം.എൽ.എയും തമ്മിലുള്ള ആരോപണ പ്രത്യാരോപണം തുടരുമ്പോൾ സംഭവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ നടത്തിയ പ്രസ്താവനയാണ് വാർത്തകളിലും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവരങ്ങൾ പുറത്തുവിടണമെന്ന അന്നത്തെ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിനാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സഭയിൽ മറുപടി നൽകിയത്.
അടച്ചിട്ട മുറിയിൽ നടന്ന സംഭാഷണത്തിൽ ബിജു രാധാകൃഷ്ണൻ പറഞ്ഞത് എന്തെന്നും എന്തുകൊണ്ട് പുറത്തു പറയുന്നില്ലെന്നും പല തവണ ചോദ്യങ്ങൾ ഉയർന്നപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടപ്പോഴാണ് ഉമ്മൻ ചാണ്ടി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
എത്ര പ്രതിക്കൂട്ടിലായാലും ബിജു രാധാകൃഷ്ണൻ തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് ഉമ്മൻചാണ്ടി സഭയിൽ പറഞ്ഞത്. എന്നാൽ, സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ മുമ്പാകെ ബിജു രാധാകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് 2015 ഡിസംബർ മൂന്നിനാണ് ഉമ്മൻചാണ്ടി നിയമസഭയിൽ പ്രസ്താവന നടത്തിയത്.
ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത്:
‘‘അദ്ദേഹം (ബിജു രാധാകൃഷ്ണൻ) വന്നു. അദ്ദേഹത്തിന്‍റെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടിയിരുന്ന് സംസാരിച്ചു. അദ്ദേഹം സംസാരിച്ചത് രഹസ്യ സ്വഭാവമുള്ള കാര്യമാണ്. അത് വെളിപ്പെടുത്തണമെന്ന് നിങ്ങൾ (പ്രതിപക്ഷം) പറഞ്ഞു. ഞാൻ എന്‍റെ മാന്യത കൊണ്ട് ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ പ്രതിക്കൂട്ടിൽ നിൽക്കുകയാണല്ലോ. നിങ്ങൾ വീണ്ടും എന്താണെന്ന് ചോദിക്കുന്നുണ്ടല്ലോ. എന്നാലും എന്‍റെ മാന്യത വെച്ച് കൊണ്ട് ഞാൻ പറയത്തില്ല.
ഈ കൂടിക്കാഴ്ച സംബന്ധിച്ച് വിവാദം വന്നപ്പോഴാണ് ഇയാൾ ആരാണെന്ന് മനസിലാകുന്നത്. അദ്ദേഹം (ബിജു രാധാകൃഷ്ണൻ) അത് സംബന്ധിച്ച് കമീഷനിൽ മൊഴി നൽകിയിട്ടുണ്ട്. അദ്ദേഹം എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്. എന്‍റെ നാവിൽ നിന്ന് എന്ത് അദ്ദേഹം ഈ ബി.ആർ. നായർ പറഞ്ഞു എന്നത് വരില്ല’’.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ ആദ്യം ആരോപണം ഉന്നയിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ആരോപണം. സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്‍റെ ആരോപണത്തോട് പ്രതികരിച്ച ഗണേഷ് കുമാർ, തന്‍റെ കുടുംബം തകർക്കാനും മക്കളെ വേർപിരിക്കാനും ഉമ്മൻചാണ്ടി ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചു. കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ചതിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അനുകൂലമായി സി.ബി.ഐക്ക് മൊഴി നൽകി. മുമ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി കാണിച്ചത് വലിയ ദ്രോഹമാണെന്നും ഗണേഷ് പറഞ്ഞു.
സരിതയെ കൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ പറയിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണം. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ വന്നതെന്നും ഗണേഷ് ചോദിച്ചു. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. സി.ബി.ഐ തന്നോട് ചോദിച്ചതിന് നൽകിയ മൊഴി പൊതുസമൂഹത്തിൽ ഉണ്ട്.
സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സി.ബി.ഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും ഉമ്മൻ ചാണ്ടി കാണിച്ചില്ലെന്നും ഗണേഷ് പറഞ്ഞു. ക്രൈസ്തവ വിഭാഗത്തെ ഇളക്കിവിടുകയാണ് ചാണ്ടി ഉമ്മന്‍റെ ലക്ഷ്യം. മിണ്ടാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അല്ലെങ്കിൽ എല്ലാം വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, ഗണേഷിന്‍റെ പ്രസ്താവനക്കും ഭീഷണി പരാമർശനത്തിനും മറുപടിയുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തി. താൻ പറഞ്ഞതെല്ലാം സത്യമാണെന്നും ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ. മരിച്ചു പോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൽപര്യമില്ല.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്‍റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിച്ച കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.


